കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ കേരളം നിയമം കൊണ്ടു വരാന്‍ പോകുന്നു. അതിന് മുന്നോടിയായി കേരളത്തിന്റെ സ്ഥിരം കലാപരിപാടിയായ പ്രമേയം അവതരിപ്പിക്കും. ബുധനാഴ്ചയാണ് ഈ പൊറാട്ട് നാടകം നമ്മുടെ നിയമസഭയില്‍ അരങ്ങേറുക. നിയമസഭയുടെ ഈ അവകാശത്തെ പൊറാട്ട് നാടകം എന്നൊക്കെ വിശേഷിപ്പിക്കാമോ എന്ന സംശയം ഉണ്ടാകാം. പക്ഷേ ഇത് നാടകം പോലുമല്ലെന്ന് പറയേണ്ടി വരും. ഇത് വെറുമൊരു രാഷ്ട്രീയ തട്ടിപ്പ് മാത്രമാണ്. കാരണം ഈ പ്രമേയത്തിന് അത് എഴുതി തയ്യാറാക്കിയ പേപ്പറിന്റെ വില പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇതിനു മുന്‍പ് കേരളാ നിയമസഭ പാസാക്കിയ കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ കൊണ്ട് എന്തെങ്കിലും മാറ്റം നാട്ടില്‍ ഉണ്ടായിട്ടുണ്ടോ?. മദനിയെ മോചിപ്പിക്കണം, നോട്ടു നിരോധനം പിന്‍വലിക്കണം, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം, കോവിഡ് ടെസ്റ്റ് നടത്താതെ എല്ലാ പ്രവാസികളെയും മടക്കി കൊണ്ടു വരണം,എസ്ബിടി എസ് ബി ഐ ലയനത്തിനെതിരെ,തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചത് പിന്‍വലിക്കുക തുടങ്ങിയവയാണ് കേരളാ നിയമസഭ പാസാക്കിയ പ്രമേയങ്ങള്‍. അവയുടെ ഫലം എന്തായിരുന്നു എന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ളത് കൊണ്ട് അതേപ്പറ്റി കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഒരു ദിവസത്തെ വാര്‍ത്താ പ്രാധാന്യത്തിന് വേണ്ടി ലക്ഷങ്ങള്‍ പൊടിച്ച് നടത്തുന്ന രാഷ്ട്രീയ പ്രചാരണം എന്നതിനപ്പുറം നിയമപരമായി ഒരു നിലനില്‍പ്പും ഇതിനില്ല. പരമോന്നത നീതി പീഠം ജാമ്യത്തിനര്ഹനല്ല എന്ന് കണ്ടെത്തിയ അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെടാന്‍ ഭരണഘടനയിലോ നിയമ വ്യവസ്ഥയിലോ വിശ്വാസമുള്ള ആര്‍ക്കും സാധ്യമല്ലല്ലോ? പക്ഷേ കേരളം ഭരിക്കുന്ന ഇടത് പക്ഷം ഭാരതം എന്ന രാഷ്ട്രത്തിലോ ഇവിടുത്തെ നിയമത്തിലോ വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇതൊക്കെ.
കാര്‍ഷിക നിയമ ഭേദഗഗതിയുടെ കാര്യത്തില്‍ പ്രമേയത്തിനുമപ്പുറം ഒരു പടി കൂടി കടന്ന് നിയമ നിര്‍മ്മാണത്തിന് കേരളം തയ്യാറാകുന്നു എന്ന വാര്‍ത്തയും പുറത്തു വരുന്നുണ്ട്. ഇത് അടുത്ത തട്ടിപ്പാണ്. കാരണം കൃഷി സംസ്ഥാന വിഷയമാണെങ്കിലും കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം എന്നത് കേന്ദ്ര സര്‍ക്കാരിന്റെയും കൂടി അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. ഈ വിഷയത്തില്‍ കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ പാസാക്കുന്ന നിയമത്തിന് നിലനില്‍പ്പില്ല. കാരണം നിയമം പാസാക്കുന്നത് സംസ്ഥാനമാണെങ്കിലും ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ അനുമതി കൂടി ഉണ്ടെങ്കിലേ നിയമം നിലവില്‍ വരൂ. അല്ലായെങ്കില്‍ പ്രമേയം പോലെ ഗ്യാലറികള്‍ക്ക് വേണ്ടി നടത്തുന്ന വെറും അഭ്യാസ പ്രകടനം മാത്രമായി ഇതും അവശേഷിക്കും. ഗവര്‍ണ്ണര്‍ തന്നെ തിരിച്ചയച്ചാല്‍ അതുമായി.
കേന്ദ്രം പാസാക്കിയ ഭേദഗതിക്കെതിരെ ചില കര്‍ഷക സംഘടനകള്‍ നല്കിയ ഹര്‍ജി പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. സുപ്രീംകോടതി വിധി പറയാനിരിക്കുന്ന കേസില്‍ നിയമം നിര്‍മ്മിക്കുക എന്നതും ഭരണഘടനയോടുള്ള അനാദരവാണ്.
എന്ന് മാത്രമല്ല കേരളത്തില്‍ വ്യാപകമായി നിലവിലില്ലാത്ത മണ്ഡി സമ്പ്രദായം നിര്ത്തലാക്കാനുള്ളതാണ് കേന്ദ്ര നിയമം. കേരളം ഇതിനെതിരെ നിയമം കൊണ്ടു വരിക എന്നു പറഞ്ഞാല്‍ മണ്ഡി സമ്പ്രദായം ഇവിടെ നടപ്പാക്കും എന്നാണ് അര്‍ത്ഥം. അതായത് ഇടനിലക്കാരുടെ കൈകളിലേക്ക് കര്‍ഷകരെ എറിഞ്ഞു കൊടുക്കുമെന്ന് ചുരുക്കം. നടപ്പാക്കാന്‍ പോകുന്ന നിയമത്തിന്റെ വ്യാപ്തി പോലും മനസിലാക്കാതെയാണ് ഇടത് സര്‍ക്കാര്‍ ഇത്തരമൊരു രാഷ്ട്രീയ തട്ടിപ്പിന് അരങ്ങൊരുക്കുന്നത്. ഈയിനത്തിലും മലയാളിക്ക് ലക്ഷങ്ങള്‍ നഷ്ടമാകും എന്നതിനപ്പുറം ഒന്നും സംഭവിക്കില്ലെന്ന് ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: