മുംബൈ: ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്താനെന്ന പേരില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ് അഖാഡി സര്‍ക്കാരില്‍ അസ്വാരസ്യം. മുന്നണിയിലെ മുന്‍തൂക്കത്തിനു വേണ്ടി മൂന്നു കക്ഷികളും പരസ്പരം പോരടിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയ്ക്ക് എഴുതിയ കത്താണ് പുതിയ പടലപ്പിണക്കങ്ങള്‍ക്ക് തുടക്കമിട്ടത്.
മുന്നണി രൂപീകരിച്ചപ്പോള്‍ പ്രഖ്യാപിച്ച പൊതുമിനിമം പരിപാടിയിലെ ഭൂരിഭാഗം കാര്യങ്ങളും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ കത്തയച്ചത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാവി തുലാസിലാകുമെന്ന സൂചനയാണ് കത്തിലൂടെ സോണിയ ശിവസേനയ്ക്കു നല്‍കുന്നത്. ഭരണസഖ്യത്തിലെ മൂന്നാമത്തെ കക്ഷിയായി മാത്രമെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസിനെ പരിഗണിക്കുന്നുള്ളു. അതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുമുണ്ട്. ഇതും വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനു കാരണം തങ്ങളല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള അടവുമായാണ് ഈ കത്തെഴുത്തിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന മട്ടിലുള്ള പ്രഖ്യാപനങ്ങളുമായി നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. ഭരണപരിചയം തീരെയില്ലാത്ത ഉദ്ധവിനെ മുന്നില്‍ നിര്‍ത്തി എന്‍സിപി നേതാവ് ശരദ് പവാറാണ് ഭരണം നയിക്കുന്നത്. അടുത്തവട്ടം കോണ്‍ഗ്രസിനെ പൂര്‍ണമായും ഒഴിവാക്കിയുള്ള നീക്കമാണ് പവാറിന്റെ മനസില്‍. അതിനായുള്ള തന്ത്രങ്ങള്‍ മെനയുന്നുമുണ്ട് അദ്ദേഹം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കത്തിലൂടെയുള്ള സോണിയയുടെ ഇടപെടല്‍.
അതേസമയം, സോണിയയുടെ കത്തില്‍ സമ്മര്‍ദ തന്ത്രമൊന്നുമില്ലെന്നു പറഞ്ഞ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിഷയം തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയെക്കുറിച്ചാണ് സോണിയ എഴുതിയതെന്നാണ് റാവത്തിന്റെ വാദം. കൊറോണ വൈറസ് വ്യാപനം മൂലം പൊതുമിനിമം പരിപാടിയിലെ ചില പദ്ധതികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന ന്യായീകരണവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: