കൊച്ചി: ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച കേസില്‍ പ്രതികള്‍ കളമശേരി പോലീസിന്റെ പിടിയില്‍. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തിയ ആദിലിനേയും ഇര്‍ഷാദിനേയും കളമശേരി സിഗ്നല്‍ ജങ്ഷനില്‍ വാഹനം തടഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നതായി വാര്‍ത്തയുണ്ട്.
പ്രതികളെ പിടിക്കാന്‍ കളമശേരി സിഐ പി.ആര്. സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം മലപ്പുറത്തും കോയമ്പത്തൂരും അന്വേഷിച്ചു പോയിരുന്നു. നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും പ്രതികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ജോലി ആവശ്യത്തിന് കൊച്ചിയില്‍ എത്തിയപ്പോള്‍ തിരിച്ചുപോകാനുള്ള ട്രെയിന്‍ എത്താന്‍ ഒരുപാട് സമയമുള്ളതിനാലാണ് ലുലുമാളില്‍ എത്തിയതെന്നും പ്രതികള്‍ പറഞ്ഞു.
ഷോപ്പിങ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് നടിയെ കണ്ടത്. നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോള്‍ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോള്‍ത്തന്നെ തിരിച്ചുപോന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. നടിയുടെ ശരീരത്തില്‍ അബദ്ധത്തില്‍ കൈ തട്ടിയതാകാം, അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കാന്‍ തയാറാണെന്നും പ്രതികള്‍ പറഞ്ഞു. നടിയുടെ മൊഴിയെടുക്കാന്‍ വൈകുന്നത് അവര്‍ ഷൂട്ടിങ് സ്ഥലത്ത് ആയതിനാലാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ എടുത്താല്‍ കളമശേരിയില്‍ ഹാജരാക്കും.
വ്യാഴാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. സംഭവശേഷം മെട്രോയില്‍ കയറിയ പ്രതികള്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മലബാറിലേക്ക് ട്രെയിനില്‍ കയറിയത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പെരിന്തല്‍മണ്ണയില്‍ നിന്ന് ലഭിച്ച ഫോണ്‍കോളിനെ തുടര്‍ന്ന് പ്രതികള്‍ നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് പ്രതികള്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.
മാളിലെയും മെട്രോയിലെയും റെയില്‍വേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ്. പ്രശ്നം വിവാദമായതോടെ അഭിഭാഷകരെ സമീപിച്ച പ്രതികള്‍ കോയമ്പത്തൂരിലേക്ക് കടെന്നന്നായിരുന്നു പോലീസിന് ലഭിച്ച സൂചന.
കുടുംബത്തോടൊപ്പം മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: