ന്യൂദല്‍ഹി: ദല്‍ഹിയിലെ പ്രശസ്തമായ ഗുരുദ്വാരാ രഖബ്ഗഞ്ച് സാഹിബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം ചര്‍ച്ചയാകുന്നു. പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ ദല്‍ഹി കേന്ദ്രീകരിച്ചു നടത്തുന്ന കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍ -സിഖ് സമുദായ സംഘര്‍ഷമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ വിഘടനവാദ ശക്തികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ അപ്രതീക്ഷിത നീക്കം.
തീവ്ര വിഘടന വാദ സംഘടനകള്‍ കര്‍ഷക സമരത്തില്‍ നുഴഞ്ഞു കയറുന്നുവെന്ന പരാതി സിഖ് സമുദായത്തിന്റെ ഉള്ളില്‍ നിന്ന് ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ബിജെപിയും സിഖ് സമൂഹവുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദം ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 1984ലെ സിഖ് കൂട്ടക്കൊല സമയത്ത് സിഖുകാരെ സംരക്ഷിക്കാന്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കഠിന ശ്രമത്തെ തുടര്‍ന്ന് സിഖ് സമൂഹവും സംഘപരിവാര്‍, ബിജെപി സംഘടനകളും തമ്മില്‍ ഗാഢ ബന്ധം രൂപപ്പെട്ടിരുന്നു. അത് ഇല്ലാതാക്കാനുള്ള മനപ്പൂര്‍വ ശ്രമമാണ് പ്രതിപക്ഷ വിഘടനവാദ സംഘടനകള്‍ കര്‍ഷക സമരത്തെ തുടര്‍ന്ന് നടത്തുന്നത്.
കര്‍ഷക സംഘടനകളെയും കര്‍ഷകരെയും തെറ്റിദ്ധരിപ്പിച്ച് നടക്കുന്ന സമരത്തെ ഫലപ്രദമായി നേരിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികളാണ് കര്‍ഷക സമരത്തെ എതിര്‍ക്കുന്നത് സിഖ് സമുദായ വിരുദ്ധ നീക്കമായി അവതരിപ്പിക്കാനുള്ള വിഘടനവാദ ശ്രമം. പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷകരെ മുന്നില്‍ നിര്‍ത്തി ഇടനിലക്കാരും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും നടത്തുന്ന ദല്‍ഹി ഉപരോധം നീണ്ടു പോകുന്ന സാഹചര്യത്തെ മുതലെടുക്കാന്‍ ചില രാജ്യ വിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഖാലിസ്ഥന്‍ വിഘടനവാദികളും മാവോയിസ്റ്റുകളും കശ്മീര്‍ ഭീകരവാദ ശക്തികളും സമരത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ സിഖ് സമുദായ നേതൃത്വങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. സമരത്തിന് മതപരമായ പിന്തുണ നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതും ഇതേ തുടര്‍ന്നാണ്. സാഹചര്യങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ സിഖ് സമുദായ നേതൃത്വത്തിന് കഴിഞ്ഞതായാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.
സിഖ് സമുദായത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 47 പേജുള്ള ബുക്ക്ലെറ്റ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ആറു വര്‍ഷത്തെ പദ്ധതികള്‍ വിവരിക്കുന്ന ബുക്ക്ലെറ്റ് സമര വേദിയിലും സിഖ് സമുദായത്തിന്റെ ഇടയിലും കേന്ദ്രസര്‍ക്കാര്‍ എത്തിച്ചിരുന്നു. കര്‍ത്താര്‍പൂര്‍ ഇടനാഴി യാഥാര്‍ഥ്യമാക്കിയതും സിഖ് സമൂഹ അടുക്കളയായ ലങ്കറുകള്ക്ക് നികുതി ഒഴിവാക്കിയതും ഹര്‍മന്ദിര്‍ സാഹിബിന് എഫ്സിആര്‍എ അനുവദിച്ചതും 1984ലെ കൂട്ടക്കൊല ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം അനുവദിച്ചതും എല്ലാം ഉള്‍പ്പെടുത്തിയുള്ള ബുക്ക്ലെറ്റ് സിഖ് സമൂഹത്തിന്റെ ഇടയില്‍ കാര്യമായ സ്വാധീനം ചെലത്തുമെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. പഞ്ചാബിലെ പ്രധാന കാര്‍ഷിക വിളകളുടെ എല്ലാം എംഎസ്പി വന്‍തോതില്‍ ഉയര്‍ത്തിയതും കേന്ദ്രസര്‍ക്കാര്‍ ബുക്ക്ലെറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: