ശ്ലോകം 282
അന്നാദാനവിസര്ഗ്ഗാഭ്യാം
ഈഷന്നാസ്തി ക്രിയാ മുനേഃ
തദേകനിഷ്ഠയാ നിത്യം സ്വാദ്ധ്യാ
സാപനയം കുരു
ഭക്ഷണം കഴിക്കുന്നതിലും വിസര്ജ്ജിക്കുന്നതിലും മുനിയ്ക്ക് അല്പം പോലും ആകാംക്ഷയില്ല. നിത്യ നിരന്തരമായ ആത്മാനുസന്ധാനം കൊണ്ട് സ്വന്തം അദ്ധ്യാസത്തെ നീക്കം ചെയ്യണം.
അന്ന ആദാനം എന്നാല്‍ ഭക്ഷണം കഴിക്കുക എന്നര്‍ത്ഥം. ഭക്ഷണം കഴിക്കുക എന്നാല്‍ ഉണ്ണുകയോ തിന്നുകയോ മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍പ്പെടും.
അത് എങ്ങനെ എവിടെ നിന്ന് കിട്ടും.
സ്വയം ഉണ്ടാക്കുകയാണങ്കില്‍ അതിന് വേണ്ട സാധനങ്ങളും സാമഗ്രികളും വേണം. അവ സംഘടിപ്പിക്കാനുള്ള ഓട്ടം, ഭക്ഷണം പാചകം ചെയ്യല്‍, തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചിയെ പറ്റിയുള്ള പ്രതീക്ഷയും വേവലാതിയും. കഴിക്കാനുള്ള കൊതി, ഏറ്റവും അവസാനമാണ് കഴിക്കുക എന്ന കര്‍മ്മം.
അന്നം എന്നതിന് വായിലൂടെ കഴിക്കുന്നവയ്ക്ക് പുറമെ എല്ലാ വിഷയങ്ങളും എന്ന് മനസ്സിലാക്കണം. കാണുന്നതും കേള്‍ക്കുന്നതും മണക്കുന്നതും തൊട്ടറിയുന്നതുമൊക്കെ അതാത് ഇന്ദ്രിയങ്ങളുടെ വിഷയങ്ങളാണ്. ശബ്ദസ്പര്‍ശരൂപരസഗന്ധങ്ങള്‍ ഇവയെല്ലാം നമ്മുടെ ഭക്ഷണമാണ്. അന്ന ആദാനമെന്നാല് വിഷയഗ്രഹണം എന്നതു തന്നെയാണ്.
വിസര്‍ഗ്ഗമെന്നതിന് കര്‍മ്മേന്ദ്രിയങ്ങളുടെ പ്രതികരണമെന്ന് പറയാം. ജ്ഞാനേന്ദ്രിയങ്ങളിലൂടെ അറിഞ്ഞ വിഷയങ്ങള്‍ക്കനുസരിച്ചാണ് കര്മ്മേന്ദ്രിയങ്ങള് പ്രതികരിക്കുക.
ഭക്ഷണം നല്കുന്ന പോഷണമാണ് കര്മ്മേന്ദ്രിങ്ങളുടെ ശക്തി. ശരീരത്തിന് ആവശ്യമില്ലാത്ത മലിന വസ്തുക്കളെ പുറം തള്ളല്‍ ഉള്‍പ്പെടെ ഇതില്‍ പെടും. ഇങ്ങനെ സ്വീകരിക്കലും പ്രതികരിക്കലുമൊക്കെ സാധകന് സ്വാഭാവികമായി നടക്കും. ഇതെല്ലാം പ്രാരബ്ധം പോലെ നടക്കുന്നുവെന്നറിയുന്ന മുനി അഹന്താ മമതകളില്ലാതെ ഉദാസീനഭാവത്തിലിരിക്കും.
ആത്മാനുസന്ധാനത്തില്‍ മുഴുകിയ യോഗിക്ക് നിസ്സാരങ്ങളായ ലൗകിക കാര്യങ്ങള്‍ ചിന്തിക്കാന്‍ സമയമില്ല. ഗൗരവമായ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ അപ്രധാനമായവ പലതും ശ്രദ്ധിക്കാതെ പോകുന്നത് പോലെയാണിത്. തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ തേടുന്നയാള്‍ക്ക് വിഷയങ്ങള്‍ വളരെ നിസ്സാരമാണ്. അവയെ പറ്റി ഓര്‍ക്കുകയേ ഇല്ല.
എല്ലായ്പോഴും സ്വസ്വരൂപ അനുസന്ധാനം ചെയ്യുക. അപ്രകാരമുള്ള ഏക നിഷ്ഠയില്‍ ഉറച്ചിരുന്ന് അദ്ധ്യാസത്തെ പൂര്‍ണ്ണമായും നീക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: