തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേട്ടമുണ്ടാക്കിയത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നഗരസഭകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുകള്‍ കണക്കായി എടുത്താല്‍ എന്‍ഡിഎക്ക് സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞതായും സുരേന്ദ്രന് വ്യക്തമാക്കി.
പാലക്കാട് നഗരസഭയില്‍ വന്‍ വിജയം നേടാന്‍ കഴിഞ്ഞു. പന്തളം നഗരസഭ പിടിച്ചെടുത്തു. കൊടുങ്ങല്ലൂരിലും വര്‍ക്കലയിലും ഒരു സീറ്റിനാണ് ഞങ്ങള്‍ക്ക് ഭരണം നഷ്ടപ്പെട്ടത്. മുസ്ലിം ലീഗിന് ആധിപത്യമുള്ള മലപ്പുറം ജില്ലയിലെ ചില നഗരസഭകളൊഴികെ കേരളത്തിലെ ഏതാണ്ടെല്ലാ നഗരസഭകളിലും ബിജെപി പ്രതിനിധികളുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300ല്‍ അധികം പഞ്ചായത്തുകളില്‍ പ്രാതിനിധ്യം ലഭിച്ചതായും സുരേന്ദ്രന് പറഞ്ഞു.
എന്ഡഡിഎയ്ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെല്ലാം ത്രികോണ മത്സരത്തിന് പകരം ബിജെപിയും ഇരുമുന്നണികളിലൊന്നുമായി നേരിട്ടുള്ള മത്സരമായിരുന്നു നടന്നത്. 2800 സ്ഥലങ്ങളില്‍ എന്‍ഡിഎ രണ്ടാമതെത്തിയത് ഇതിന്റെ ഉദ്ദാഹരണമാണെന്നും സുരേന്ദ്രന് പറഞ്ഞു. ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുമുണണികളും പരസ്പരം വോട്ടു മറിച്ചതുകൊണ്ടാണ് 1200 സീറ്റുകളില്‍ പാര്‍ട്ടി നേരിയ വോട്ടിന് രണ്ടാം സ്ഥാനത്തായത്. സിപിഎം ശക്തികേന്ദ്രമായ തലശ്ശേരി നഗരസഭയിലെ കുയ്യാലി വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി യുഡിഎഫിനോട് 34 വോട്ടിന് തോറ്റപ്പോള്‍ എല്‍ഡിഎഫിന് 70 വോട്ട് മാത്രമാണ് കിട്ടിയത്. സി.പി.എം ഇവിടെ യുഡിഎഫിന് വോട്ടുമറിക്കുകയായിരുന്നുവെന്നും സുരേന്ദ്രന് ആരോപിച്ചു.
ബിജെപിയെ തോല്പിക്കാന് എല്‍ഡിഎഫും യുഡിഎഫും ഒത്തുചേര്‍ന്നതിന് ചുക്കാന്‍ പിടിച്ചത് രമേശ് ചെന്നിത്തലയാണ്. യാദവകുലം മുടിയുമെന്നതുപോലെ ബിജെപി തകരുമെന്ന പറഞ്ഞ ചെന്നിത്തലയുടെ പ്രഖ്യാപനം വോട്ട് മാറ്റിചെയ്യാന്‍ അണികളോടുള്ള സന്ദേശമായിരുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം കിട്ടാതിരിക്കാന്‍ ഇരുമുന്നണികളും ഒത്തുചേരുകയാണ്. ചെന്നിത്തലയുടെ നാടായ ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല പഞ്ചായത്തുകളില്‍ ബി.ജെ.പി യാണ് ഒന്നാം കക്ഷി. ഇവിടെയെല്ലാം എല്‍ഡിഎഫുമായി ചേര്‍ന്ന് യുഡിഎഫ് ഭരിക്കാന്‍ പോകുകയാണ്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: