ന്യൂദല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മകന് വിവേക് ഡോവലിനും എതിരെ പച്ചക്കള്ളം പ്രചരിപ്പിച്ച കോണ്‍ഗ്രസ് ദേശീയ നേതാവ് ജയ്റാം രമേശ് ഒടുവില്‍ കോടതിയില്‍ മാപ്പു പറഞ്ഞു. നിയമ നടപടികള്‍ ഉറപ്പായതോടെയാണ് തലയൂരാന്‍ മാപ്പപേക്ഷിച്ചത്. മാപ്പു സ്വീകരിച്ച വിവേക് ജയ്റാം രമേശിനെതിരായ മാനനഷ്ടക്കേസ് പിന്‍വലിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ സമയത്താണ് കോണ്‍. നേതാവ് വിവാദ പരാമര്‍ശം നടത്തിയത്. അന്നത്തെ തെരഞ്ഞെടുപ്പ് ചൂടില്‍ സത്യാവസ്ഥ അന്വേഷിക്കാതെ പലതും പറഞ്ഞു, ദല്‍ഹി അഡീ. ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് മുന്‍പാകെ അദ്ദേഹം പറഞ്ഞു.
കാരവാന് മാസികയില്‍ വന്ന ഒരു വാര്‍ത്ത അടിസ്ഥനമാക്കിയാണ് അന്ന് ആരോപണം ഉന്നയിച്ചത്. അതിന്റെ നിജസ്ഥിതി അന്വേഷിക്കേണ്ടതായിരുന്നു. ആരോപണം താങ്കളെ മുറവേല്‍പ്പിച്ചു എന്നു മനസിലാക്കുന്നു. അതിനാല്‍, താങ്കളോടും കുടുബത്തോടും മാപ്പു പറയുന്നു, ജയ്റാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ വെബ് സൈറ്റില്‍ നിന്ന് ആ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത പ്രസ്താവന നീക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
നോട്ട് നിരോധനക്കാലത്ത് വിവേക് നടത്തിവന്നിരുന്ന കേമാന്‍ ഐലന്‍ഡ്സ് ഹെഡ്ജ് ഫണ്ട് അടക്കമുള്ള കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചത്. തുടര്‍ന്ന് വിവേക് ദല്‍ഹി കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. കേസില്‍ ജാമ്യമെടുത്ത് കഴിയുകയായിരുന്നു ജയ്റാം രമേശ്. പിതാവ് അജിത് ഡോവലിനോടുള്ള രാഷ്ട്രീയ വൈരം തീര്‍ക്കുകയാണ് രമേശ് ചെയ്തതെന്നും കേസില്‍ വിവേക് ആരോപിച്ചിരുന്നു. 2019 ജനുവരിയിലാണ് കേസ് നല്‍കിയത്.
ഇതേ ആരോപണം വലിയ വാര്‍ത്തയായി പ്രസിദ്ധീകരിച്ച കാരവാന് മാസികയ്ക്ക് എതിരെയും വിവേക് മാനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. മാപ്പു പറയില്ലെന്ന് കാരവാന് പറഞ്ഞ സ്ഥിതിക്ക് അവര്‍ക്കും ലേഖകനുമെതിരായ മാനഷ്ടക്കേസ് തുടരുമെന്നും വിവേക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: