കോഴിക്കോട്: സിപിഎമ്മുമായി ഒത്തുകളിച്ച് യുഡിഎഫിന്റെ ചിതയൊരുക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഒത്തുകളി തുടര്‍ന്നാല്‍ ബിജെപി ശക്തമായി തിരിച്ചടിക്കുമെന്നും പലപ്രമുഖരും നിയമസഭ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാദവകുലം മുടിയുന്നതുപോലെ ബിജെപി മുടിയുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പു രമേശ് ചെന്നിത്തല പറഞ്ഞത്. വ്യക്തമായ ദുഷ്ടലാക്കോടെയാണ് ഈ പ്രസ്താവന. വോട്ട് മറിച്ച് ചെയ്യാന്‍ അണികള്‍ക്കുള്ള സന്ദേശമായിരുന്നു ഇത്. രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും യുഡിഎഫിനെ നയിക്കുന്നത്. സംസ്ഥാനത്ത് ഏതാണ്ട് 1,200 വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. രമേശ് ചെന്നിത്തലയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ 25-ഓളം പഞ്ചായത്തുകളില്‍ പാര്‍ട്ടിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും ഇവിടങ്ങളില്‍ സഹകരിച്ചു അധികാരം പങ്കിടാന്‍ പോകുകയാണ്. സിപിഎമ്മിന് ഇതുകൊണ്ട് ലാഭമുണ്ടാകാം. എന്നാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ കഥാവശേഷമാകുമെന്ന് കെ സുരേന്ദ്രന് മുന്നറിയിപ്പ് നല്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വെറുതെയിരിക്കുമെന്ന് കരുതരുത്. എല്ലായിടത്തും ക്രോസ് വോട്ടിംഗിലൂടെ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിച്ചു. ഭരണം കിട്ടാന്‍ സാധ്യതയുള്ള പഞ്ചായത്തുകളില്‍ ഒരുമിക്കുന്നു. പ്രതികാര ബുദ്ധിയോടെ ബിജെപിയെ അധികാസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെങ്കില്‍ ചില കാര്യങ്ങള്‍ ബിജെപിക്കും തീരുമാനിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ അന്തസത്തയെ തകര്‍ക്കുന്ന ഈ നടപടിയില്‍നിന്ന് യുഡിഎഫും എല്‍ഡിഎഫും പിന്മാറണം. സംസ്ഥാനത്തെ എല്‍ഡിഎഫ് യുഡിഎഫ് ബാന്ധവം ശക്തമായ പ്രചാരണ വിഷയമാക്കും. ചിലയാളുകള്‍ ഒരിക്കലും വിജയിക്കാന്‍ പാടില്ലെന്ന തീരുമാനം ആരാധനാലയങ്ങളില്‍ അടക്കമിരുന്ന് ആളുകള്‍ എടുത്തു. ഇങ്ങനെയുള്ള നടപടികളാണ് സ്വീകരിക്കുന്നതെങ്കില്‍ പല കൊലകൊമ്പന്മാരും കേരള നിയമസഭ കാണില്ലെന്ന് ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: