ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധ വാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ അനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംഭരണശാലകള്‍ തയ്യാറാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ഒന്നിലധികം വാക്സിനുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്‍ അതോടൊപ്പം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിന്‍ തുടങ്ങിയ വാക്സിനുകളാണ് പരിഗണയിലുള്ളത്.
എന്നാല്‍ രാജ്യത്തെ ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും ആയിരിക്കും ആദ്യം വാക്‌സിന്‍ നല്‍കുക. അതിനുശേഷമായിരിക്കും രാജ്യത്ത് വ്യാപകമായി വാക്‌സിന്‍ ലഭ്യമാക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം കോവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യയെ 12 രാജ്യങ്ങള്‍ സമീപിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ.വി. കെ പോള്‍ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ രാജ്യത്ത് നടക്കുന്ന വാക്‌സിന്‍ പരീക്ഷണങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. മാത്രമല്ല രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കളെ കുറിച്ചും വാക്‌സിന്‍ ലഭ്യതയെ കുറിച്ചും സംഭരണത്തെ കുറിച്ചുമുള്ള വിശദാംശങ്ങളും യോഗത്തില്‍ വി.കെ. പോള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: