വെള്ളമുണ്ട: തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലില്ലാത്തവിധം പരാജയമേല്‍ക്കേണ്ടി വന്ന വെള്ളമുണ്ടയിലെ മുസ്ലിം ലീഗ് പാര്‍ട്ടിക്കുള്ളില്‍ കലാപം ഉയരുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സാധാരണ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.
പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിടണമെന്നതുള്പ്പടെയുള്ള ആവശ്യങ്ങളാണ് വിവിധ കോണുകളില്‍ നിന്നുമുയരുന്നത്. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിലുള്ള പ്രാദേശികവാദവും ലീഗില്‍ ശക്തമായി നിലകൊള്ളുന്ന ഗ്രൂപ്പിസവും സര്‍വ്വസമ്മതനായി നേതാവിന്റെ അഭാവവുമാണ് ലീഗിന് കാലിടറാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. മണ്ഡലം കമ്മറ്റിക്ക് പോലും ജനകീയനായ നേതാവിനെ കണ്ടെത്താനാവാതെയാണ് മുന്‍ജില്ലാ സെക്രട്ടറിയുടെ മകനെ പ്രസിഡന്റാക്കിയത്. എന്നാല്‍ ഇദ്ദേഹത്തിന് സ്വന്തമായി കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയാത്തവിധം ഗ്രൂപ്പിസം സജീവമായി.
വെള്ളമുണ്ട പഞ്ചായത്ത് കമ്മറ്റിയും കീഴ്തലത്തിലുള്ള വികാരങ്ങള്‍ മാത്രം നോക്കി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുകയായിരുന്നു. തരുവണയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ ഗുരുതര വീഴ്ചയാണ് കമ്മറ്റിക്കുണ്ടായത്. വാര്‍ഡിന്റെ മനസ്സറിഞ്ഞുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ലെന്നു മാത്രമല്ല, എതിര് സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റം മനസ്സിലാക്കാനും വാര്‍ഡ് കമ്മറ്റിക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസ്സിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിത്തില്‍ ഗ്രൂപ്പിസം പരിഗണിച്ചതോടെ ഗുരുതരവീഴ്ച സംഭവിച്ചു.
വാരാമ്പറ്റയിലെയും കോക്കടവിലെയും വികാരം മനസ്സിലാക്കാതെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് രണ്ട് വാര്‍ഡുകള്‍ നഷ്ടമാവാനിടയാക്കി. കോക്കടവില്‍ കോണ്‍ഗ്രസ്സ് റിബല്‍ സ്ഥാനാര്‍ത്ഥിയാണ് രണ്ടാംസ്ഥാനത്തെത്തിയത്. മൊതക്കരയില്‍ മത്സരത്തിന് പോലും അവസരമുണ്ടാക്കാതെ സ്വതന്ത്രനെ നിര്‍ത്തി കീഴടങ്ങുകയായിരുന്നു. ലീഗില്‍ ശുദ്ധീകരണം നടത്തി നേതൃഗുണമുള്ളവരെ ഭാരവാഹികളാക്കി പാര്‍ട്ടിയെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് പ്രവര്‍ത്തകരില്‍ നിന്നുമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: