ദക്ഷിണ കേരളത്തിലെ കുറുപ്പന്മാരാണ് അയ്യപ്പന് കളത്തിന്റെയും പാട്ടിന്റെയും കൈകാര്യക്കാര്‍. വീടുകള്‍, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മണ്ഡലകാലത്ത് അയ്യപ്പന് കളവും പാട്ടും നടത്തും.
ദോഷനിവാരണം കാര്യവിജയം, ഐശ്വര്യ വര്‍ധനവ്, ശാസ്താ പ്രീതി തുടങ്ങിയവയ്ക്കു വേണ്ടിയാണത്രേ കളമെഴുത്ത് നടത്തുന്നത്.
അയ്യപ്പന്‍കളം ഉള്‍പ്പെടെ ഓരോ കളത്തിനും വ്യത്യസ്തമായ രൂപസവിശേഷതകളും സങ്കല്‍പ്പവും ഉണ്ട്.
വിവിധ ധ്യാനങ്ങള്‍ സങ്കല്പങ്ങള് എന്നിവ ആധാരമാക്കിയാണ് കളമെഴുത്ത്.
പൂര്‍വികരായ മഹാത്മാക്കള്‍ സങ്കല്പ്പിച്ച ധ്യാനങ്ങളെ ആധാരമാക്കി മാത്രമല്ല ഐതിഹ്യങ്ങളിലെ വര്‍ണനയും പ്രാദേശിക സങ്കല്പങ്ങളും ആസ്പദമാക്കിയും അയ്യപ്പന്കളമെഴുതാറുണ്ട്. മണികണ്ഠന്, ജ്ഞാനമുദ്ര, ആനപ്പുറത്തിരിക്കുന്ന ശാസ്താവ്, പുലിപ്പുറത്തു വരുന്ന അയ്യപ്പന് എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ കളമെഴുതും. അത്യപൂര്‍വമായി ശാസ്താ സങ്കല്‍പ്പങ്ങളും കളമെഴുത്തിന് അടിസ്ഥാനമാകാറുണ്ട്.
കറുത്തപൊടിയും അരിപ്പൊടിയും ഉപയോഗിച്ചാണ് കളംവരയുടെ തുടക്കം. നാളികേരവും പൂക്കുലയും ഉണക്കല്ലരിയും വെറ്റിലയും പാക്കും വച്ച് വെച്ചൊരുക്ക് നടത്തി കളമെഴുത്ത് പൂര്‍ണമാക്കും.
പ്രകൃതിയിലെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ച് തയാറാക്കുന്ന അഞ്ച് വര്‍ണങ്ങളിലുള്ള പൊടി കൃത്യമായ അനുപാതത്തില്‍ ഉപയോഗിക്കുകയാണ് കളമെഴുത്തില്‍. അതു കഴിഞ്ഞാല്‍ കളം കാണല്‍ ചടങ്ങ്. കളത്തിലെ ദേവതയുടെ കണ്ണു തുറക്കുന്ന ‘നേത്രോന്മീലനം’ എന്ന കര്‍മമാണ് പിന്നീട്. വിളംബരമെന്ന സങ്കല്‍പ്പത്തില്‍ നടത്തുന്ന സന്ധ്യക്കൊട്ട് കഴിഞ്ഞാല്‍ ദേവസ്ഥാനത്തു നിന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ ചൈതന്യത്തെ കളത്തിലേക്ക് എതിരേല്ക്കും. കളം പൂജ നടത്തി ആരതി ഉഴിഞ്ഞാല്‍ കളത്തിലെ ദേവതയ്ക്ക് ചൈതന്യം കൈവരുന്നു എന്നാണ് വിശ്വാസം. കളംപാട്ട് കുറുപ്പന്മാരുടെ കര്‍മമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: