ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഉത്പാദകര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ഗുണകരമായിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക പരിഷ്കാരങ്ങള്‍ വിദേശ നിക്ഷേപകരുടെ സമീപനത്തില്‍ മാറ്റമുണ്ടാക്കി. കൊറോണ വൈറസ് മഹാമാരി കാലത്ത് റെക്കോഡ് വിദേശ നിക്ഷേപമാണുണ്ടായത്. ലോകത്തിന്റെ കാഴ്ചപ്പാടുകളില്‍ ഏറെ മാറ്റം സംഭവിച്ചു. ‘എന്തിന് ഇന്ത്യ’ എന്നതില്‍ നിന്നും ‘എന്തുകൊണ്ടില്ല ഇന്ത്യ’ എന്ന നിലയിലേയ്ക്ക് മാറിക്കഴിഞ്ഞതായും മോദി പറഞ്ഞു. ഇന്ത്യയിലെ മുന്‍നിര വാണിജ്യ സംഘടനകളിലൊന്നായ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
നേരത്തെ നിക്ഷേപകര്‍ എന്തിനാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതെന്ന് ചോദിക്കുമായിരുന്നു, എന്നാല്‍, ആറു വര്‍ഷത്തെ പരിഷ്കരണ നടപടികളിലൂടെ അവരുടെ മനോഭാവങ്ങളില്‍ മാറ്റംവന്നു. അവര്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയാറായി. തൊഴില്‍ നിയമങ്ങളും അതിനനുസൃതമായി. ആഭ്യന്തരതലത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശക്തിയും പ്രാപ്തിയും കൈവരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പുതിയ ഇന്ത്യ സ്വയം പര്യാപ്തതയിലൂന്നി ആത്മനിര്‍ഭരത് ഭാരതത്തിനാണ് പ്രാധാന്യം നല്‍കുന്നത്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിക്കേണ്ടതുണ്ട്.
അമേരിക്കയില്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് (ആര് ആന്‍ഡ് ഡി) മേഖലയിലെ 70 ശതമാനം നിക്ഷേപവും സ്വകാര്യ മേഖലയില്‍ നിന്നാണ്. ഇന്ത്യയില്‍ ഇത് പൊതുമേഖലയിലാണ്. ഇതിനു മാറ്റമുണ്ടാവേണ്ടതുണ്ട്. കൃഷി, പ്രതിരോധം, ബഹിരാകാശം, ഊര്‍ജ്ജം, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ കൂടുതല്‍ ആര് ആന്‍ഡ് ഡി നിക്ഷേപങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഗ്ലോബല്‍ സപ്ലൈ ചെയിനിലുണ്ടാകുന്ന ഏത് ആവശ്യവും പരിഹരിക്കാന്‍ ഇന്ത്യക്കാവും. വിദേശകാര്യ, വാണിജ്യ, വ്യവസായ മന്ത്രാലയങ്ങളുടെ നല്ല കോ ഓര്‍ഡിനേഷന്‍ ഉണ്ടാകേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: