കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്ന മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലെ മിഡ്‌നാപൂരില്‍ നടന്ന ബിജെപി റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയുടെ ഭാഗമായത്. വേദിയില്‍ അദ്ദേഹം ബിജെപിയുടെ പതാക ഉയര്‍ത്തി. തുടര്‍ന്ന് സംസാരിച്ച സുവേന്ദു അധികാരി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന് ബിജെപിയോടും അമിത് ഷായോടും നന്ദി പറഞ്ഞു.
തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് അപമാനിച്ചു. അതേ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ പിന്നില്‍നിന്നും കുത്തുന്നവന്‍ എന്ന് വിളിക്കുന്നത്. മമതാ ബാനര്‍ജി ആരുടെയും അമ്മയല്ല. ഒരേയൊരു അമ്മയേ ഉള്ളൂ, അത് ഭാരത മാതാവാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുവേന്ദു അധികാരിയെ കൂടാതെ 10 എംഎല്‍എമാരും എംപിയും മുന്‍ എംപിയും റാലിയില്‍ ബിജെപിയുടെ ഭാഗമായി. അടുത്തിടെ സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചതു മുതല്‍ ബിജെപിയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അദ്ദേഹം തൃണമൂല്‍ വിട്ട് ബിജെപിയില്‍ എത്തിയത് മമതാ ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയമായി വലിയ തിരിച്ചടിയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് അറുപത് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും സ്വീധീനം ചെലുത്താന്‍ കഴിയുന്ന സുവേന്ദു അധികാരിയുടെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നന്ദിഗ്രാം മുന്നേറ്റത്തില്‍ സുവേന്ദു അധികാരി വഹിച്ച പങ്കാണ് പിന്നീട് തൃണമൂലിനെ സംസ്ഥാനത്ത് അധികാരത്തിലേറ്റിയത്. മമതയുമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് അദ്ദേഹത്തിന്റെ രാജിയില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: