പാണത്തൂര്‍: ബിജെപി പനത്തടി പഞ്ചായത്തില്‍ താമര വിരിയിച്ചപ്പോള്‍ അടിപതറിയത് എല്‍ഡിഎഫിന്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പരിഗണിച്ച സ്ഥാനാര്‍ഥികള്‍ തോറ്റത് എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഭരണം നിലര്ത്താനായെങ്കിലും ബിജെപിയോട് എതിരിട്ട ഇവരുടെ തോല്‍വിക്ക് മറുപടി പറയാനാകാതെ നേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് ഹേമാംബികയെയാണ് തീരുമാനിച്ചിരുന്നത്. എല്‍ഡിഎഫിന്റെ ഉറച്ച സീറ്റായ പനത്തടി ടൗണ്‍ ഉള്‍പ്പെടുന്ന എരിഞ്ഞിലംകോട് വാര്‍ഡില്‍ ഹേമാംബികയെ മത്സരിപ്പിച്ചതും ഈ ലക്ഷ്യത്തോടെയാണ്. സ്വതന്ത്രനായി മത്സരിച്ച ബിജെപി. പ്രദേശിക നേതാവ് കെ.കെ.വേണുഗോപാലിന്റെ മുന്പില് എല്‍ഡിഎഫിന് അടിപതറി. 10 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വേണുഗോപാല്‍ അട്ടിമറിവിജയം നേടി. യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് നാഗരോലിയും രംഗത്തുണ്ടായിരുന്നു. ജോസഫിന് 200ല്‍ താഴെ വോട്ടുകള്മാത്രമേ ലഭിച്ചുള്ളൂ. ബിജെപി പ്രാദേശിക നേതാവായ വേണുഗോപാലിനെ സ്വതന്ത്രനായി രംഗത്തിറക്കിയതോടെ സിപിഎമ്മിന് കാലിടറുകയായിരുന്നു.
ചാമുണ്ഡിക്കുന്ന് വാര്‍ഡും ബിജെപി സി.പി.എമ്മില്‍ നിന്ന് പിടിച്ചു. മുന്‍ ഭരണസമിതിയില്‍ പ്രാതിനിധ്യമില്ലാതിരുന്ന ബിജെപി.ക്ക് ഇത്തവണ രണ്ട് സീറ്റ് ലഭിച്ചത് നേട്ടമായി. കര്‍ണാടക അതിര്‍ത്തിയായ കല്ലപ്പള്ളി വാര്‍ഡ് ഒരു വോട്ടിനാണ് ബിജെപിയെ കൈവിട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിര്‍ന്ന നേതാവ് എം.സി.മാധവന്റെ പരാജയവും എല്‍ഡി.എഫിനേറ്റ കനത്തി തിരിച്ചടിയാണ്. ഉറച്ച സീറ്റില്‍ അനായാസ വിജയം ലക്ഷ്യംവെച്ചുള്ള സിപിഎം നീക്കം പാളി. കോണ്‍ഗ്രസിലെ കെ.ജെ.ജെയിംസാണ് ഇവിടെ വിജയിച്ചത്. 15 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് സീറ്റ് നില കഴിഞ്ഞ തവണത്തെ 13 ല്‍ നിന്നും 10 ആയി കുറഞ്ഞു. കള്ളാര്‍ പഞ്ചായത്തിലും ഇത്തവണ ബിജെപിക്ക് ഒരുസീറ്റ് നേടാനായി. മലയോര മേഖലയില്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ ഇടത് വലത് മുന്നണികള്‍ പതറയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: