Categories: Samskriti

ആര്യങ്കാവിലെ അയ്യന്‍

ദിവസം ഏഴുനേരം പൂജയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം-ചെങ്കോട്ട റോഡില്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തിക്ക് അടുത്താണ് ആര്യങ്കാവ് ശാസ്താ ക്ഷേത്രം.

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ അഞ്ചു ധര്‍മശാസ്താ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആര്യങ്കാവ് ധര്‍മശാസ്താ ക്ഷേത്രം. കൊല്ലം-തിരുമംഗലം ദേശീയ പാതയുടെ തീരത്ത് മുപ്പത്തഞ്ച് അടി താഴ്ചയിലാണ് ക്ഷേത്രം. കിഴക്കോട്ട് ദര്‍ശനമായ കൗമാര ശാസ്താവാണ് പ്രതിഷ്ഠ.  

ക്ഷേത്രത്തിലേക്കുള്ള പടവുകള്‍ പകുതിയിറങ്ങുമ്പോള്‍ ഇടതുവശത്തായി അയ്യപ്പന്റെ കാവല്‍ ദൈവങ്ങളായ കറുപ്പസ്വാമിയേയും കറുപ്പായി അമ്മയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പടികള്‍ അവസാനിക്കുന്നതിന് മുന്‍പിലായി ഒറ്റക്കല്ലില്‍ തീര്‍ത്ത തൃക്കല്യാണ മണ്ഡപം. ദ്രാവിഡ നിര്‍മാണശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്. ക്ഷേത്രത്തിന് തൊട്ടടുത്തായി കല്ലടയാര്‍ ഒഴുകുന്നു. ഈ ക്ഷേത്രത്തിലെ നാലമ്പലത്തിന് ഉള്ളില്‍ പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ല.  

കൗമാരഭാവത്തിലുള്ള ശാസ്താ പ്രതിഷ്ഠയാണ് ഇവിടെ. വിഗ്രഹം നടയ്‌ക്ക് നേരെയല്ല. വലതുമൂലയിലേക്ക് അല്‍പം ചരിഞ്ഞിരിക്കുന്ന നിലയിലാണ്. പത്താമുദയ ദിവസം സൂര്യരശ്മി പ്രതിഷ്ഠയ്‌ക്കു നേരെ പതിയും.  

ദിവസം ഏഴുനേരം പൂജയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം-ചെങ്കോട്ട റോഡില്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തിക്ക് അടുത്താണ് ആര്യങ്കാവ് ശാസ്താ ക്ഷേത്രം.  

ധനുമാസത്തില്‍ നടക്കുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന് അത്യപൂര്‍വമായ ഒരു ചടങ്ങുണ്ട്. ‘തൃക്കല്യാണം’. തമിഴ്‌നാട്ടുകാര്‍ പെണ്‍വീട്ടുകാരായും കേരളീയര്‍ ആണ്‍വീട്ടുകാരായുമാണ് ചടങ്ങ് നത്തുന്നത്. ഇതിന് ആധാരമായൊരു കഥയുണ്ട്. സൗരാഷ്‌ട്രയില്‍ നിന്ന് തമിഴ്‌നാട്ടില്‍ കുടിയേറിയ ഒരാള്‍ ( ബ്രാഹ്മണനായിരുന്നെന്നും അതല്ല വൈശ്യനായിരുന്നെന്നും പറയപ്പെടുന്നു)കേരളത്തിലെത്തി, അന്ന് ആ പ്രദേശം ഭരിച്ചിരുന്ന രാജാവിന് പട്ടുവസ്ത്രം നല്‍കി വന്നിരുന്നു. ഒരു തവണ പട്ടുവസ്ത്രം രാജാവിനു നല്‍കാന്‍  പോകുമ്പോള്‍ 14 വയസ്സുകാരിയായ മകളേയും കൂട്ടി. തെന്മലയില്‍ വച്ച് ഇവരെ ഒറ്റയാന്‍ ഉപദ്രവിക്കാന്‍ വന്നു. ആ സമയത്ത് കാട്ടാള വേഷത്തില്‍ എത്തിയ ശാസ്താവ്  അവരെ രക്ഷിച്ചു. പതിനാലുകാരിയെ (മാമ്പഴത്തറ ഭഗവതി) ശാസ്താവ്  വിവാഹം ചെയ്തു. ഇതിന്റെ ഓര്‍മയ്‌ക്കാണ് ‘തൃക്കല്യാണം’നടത്തി വരുന്നതെന്നാണ് ഐതിഹ്യം.  

വിവാഹത്തിനുള്ള എല്ലാ ചടങ്ങുകളും തൃക്കല്യാണത്തിലുണ്ടാകും. അന്ന് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്ന മംഗലപ്പട്ടുവാങ്ങാന്‍ വലിയ തിരക്കായിരിക്കും. ഈ മംഗല്യപ്പട്ടണിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വൈകാതെ മംഗല്യവതികളാകുമെന്നാണ് വിശ്വാസം. ആനപ്പുറത്ത് വലതുകാല്‍ താഴ്‌ത്തി ഇടതുകാല്‍ മടക്കി ഇരിക്കുന്ന ശാസ്താവാണ് പ്രതിഷ്ഠ.  

ക്ഷേത്രത്തില്‍ നാലമ്പലത്തിനുള്ളില്‍ മലയാള ആചാരവും ഉത്സവത്തിന് തമിഴ് ആചാരവുമാണ്  പിന്തുടരുന്നത്. ഉത്സവത്തിന്റെ എട്ടാം ദിവസമാണ് തൃക്കല്യാണം. വരനായ ശാസ്താവിന്റെ ബന്ധുക്കളായി മലയാളികളും വധുവിന്റെ ബന്ധുക്കളായി തമിഴ് ബ്രാഹ്മണരുമാണ് എത്തുക.  

പ്രധാനചടങ്ങുകള്‍ തുടങ്ങി താലികെട്ട് അടുക്കാറാകുമ്പോള്‍ ദേവി ഋതുമതിയായതായി അറിയിക്കും. തുടര്‍ന്ന് വിവാഹം മാറ്റിവെച്ചതായി പ്രഖ്യാപിക്കും. തുടര്‍ന്ന് ശുദ്ധി കലശ ചടങ്ങുകള്‍ നടക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.                      

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക