കൊച്ചി: പ്രളയം, കൊറോണ എന്നിവയുടെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്ര സ്വത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപ നല്‍കിയ ഭരണസമിതി നടപടി നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധിച്ചു. രണ്ടു തവണയായി അഞ്ചു കോടി വീതം നല്‍കിയ തീരുമാനം ചട്ട വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി ഭരണസമിതിക്ക് ക്ഷേത്ര സ്വത്ത് പരിപാലിക്കാനുള്ള അധികാരം മാത്രമേയുള്ളൂവെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനും
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്കും കനത്ത പ്രഹരമാണ് കോടതി വിധി. ഫുള്‍ ബെഞ്ചിന്റെ വിധിയനുസരിച്ചുള്ള ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പുറത്തിറക്കുന്നതോടെ, പണം സര്‍ക്കാര്‍ മടക്കി നല്‍കണം.
ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി ജനറല്‍ സെക്രട്ടറി എം. ബിജേഷ്, ഹിന്ദു ഐക്യവേദി പൊതുകാര്യദര്‍ശി ആര്‍.വി. ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരും ക്ഷേത്ര സംരക്ഷണ സമിതിയുമാണ് ക്ഷേത്ര ഭരണ സമിതി നടപടിയെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്.
ഗുരുവായൂരപ്പന് സമര്‍പ്പിച്ചതോ ദേവസ്വം വാങ്ങിയതോ ആയ മുഴുവന്‍ സ്ഥാവര, ജംഗമ സ്വത്തുക്കളും പണവും ഗുരുവായൂരപ്പനില്‍ നിക്ഷിപ്തമാണ്. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിക്ക് ക്ഷേത്ര സ്വത്ത് ഭരിക്കാനും നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമേ അധികാരമുള്ളൂ. അഡ്മിനിസ്‌ട്രേറ്ററും കമ്മീഷണറും നിയമത്തിനുള്ളില്‍ നിന്നു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ, കോടതി വ്യക്തമാക്കി. ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്യുന്ന ട്രസ്റ്റിയാണ് ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി. അവര്‍ അതീവ ശ്രദ്ധയോടെ വേണം പ്രവര്‍ത്തിക്കാന്‍. തങ്ങള്‍ക്കുള്ള അധികാരം സര്‍ക്കാരിനടക്കം ആര്‍ക്കും കൈമാറാന്‍ ട്രസ്റ്റിക്ക് അധികാരമില്ല.
ദേവസ്വം സ്വത്തോ അതിന്റെ ഭാഗമോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്കോ സംഭാവന നല്‍കാനോ കൈമാറാനോ ഭരണസമിതിക്കോ, കമ്മീഷണര്‍ക്കോ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അധികാരമില്ല. ഗുരുവായൂര്‍ ദേവസ്വം നിയമത്തിന്റെ 27സി വകുപ്പ് പ്രകാരം, തീര്‍ഥാടകരുടെ താമസത്തിനു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്ന വൈദ്യസഹായം, കുടിവെള്ള വിതരണം തുടങ്ങിയവയെ ഇതില്‍നിന്ന് അടര്‍ത്തി മാറ്റി മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയില്ല, കോടതി വ്യക്തമാക്കി.
പ്രളയ, കൊറോണ ബാധിതരായ ആരാധകര്‍ക്ക് (തീര്‍ഥാടകരല്ല) വൈദ്യസഹായം നല്‍കാനും ഭക്ഷണവും കുടിവെള്ളവും ശുചിമുറികളും ഒരുക്കാനുമാണ് പണം നല്‍കിയതെന്നായിരുന്നു ഭരണസമിതിയുടെ വാദം. ഗുരുവായൂരപ്പനെ മനസ്സിലേറ്റുന്നവര്‍ എല്ലാം ആരാധകരാണെന്നു വ്യാഖ്യാനിച്ച് അവര്‍ക്കു പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറുന്നത് തെറ്റല്ലെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. ഈ വാദവും കോടതി തള്ളി. ജസ്റ്റിസുമാരായ എ. ഹരിപ്രസാദ്, അനു ശിവരാമന്‍, എം. ആര്‍. അനിത എന്നിവരടങ്ങിയ ഫുള്‍ ബഞ്ചിന്‍േറതാണ് വിധി. അഡ്വ. സജിത് കുമാര്‍, അഡ്വ. എ. വിവേക് തുടങ്ങിയവര്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായി.
അപ്പീലില്‍ 22ന് തീരുമാനം ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമോയെന്ന കാര്യം ഈ മാസം 22ന് ചേരുന്ന ഭരണസമതിയോഗം തീരുമാനിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ ദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: