ഇ.എം.എസ്. നമ്പൂതിരിപ്പാടിനെക്കാള്‍ വ്യക്തിപരമായ ആര്‍ജവവും ബുദ്ധിപരമായ സത്യസന്ധതയും ഉണ്ടായിരുന്ന സി. അച്യുതമേനോന് പലപ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചശേഷം വലിയ വീണ്ടുവിചാരത്തോടെ അച്യുതമേനോന് നടത്തിയ ഒരു വിമര്‍ശനമുണ്ട്. ഇടതുപക്ഷം കുത്സിത മാര്‍ഗങ്ങളിലൂടെ തെരഞ്ഞടുപ്പുകള്‍ ജയിച്ചശേഷം അത് മഹത്തരമായി ചിത്രീകരിക്കുന്ന രീതി അപഹാസ്യമാണ് എന്നതായിരുന്നു ആ വിമര്‍ശനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വിലയിരുത്തലുകളും അവകാശവാദങ്ങളും ഇതുപോലെയാണ്.
യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു വിജയം സിപിഎമ്മോ പിണറായി വിജയനോ തീരെ പ്രതീക്ഷിച്ചതല്ല. എല്‍ഡിഎഫിന് ഉണ്ടാകാന്‍ പോകുന്ന തിരിച്ചടിയുടെ ആഘാതം എങ്ങനെ കുറയ്ക്കാനാവുമെന്നാണ് സിപിഎം ചിന്തിച്ചത്. പിണറായി പ്രചാരണത്തിനിറങ്ങേണ്ട എന്ന തീരുമാനം ഇതിന്റെ ഫലമായിരുന്നു. മുഖ്യമന്ത്രിയുടെ മുഖം കാണുന്നതുപോലും ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്നു തിരിച്ചറിഞ്ഞാണ് മുന്നണിയുടെ പ്രചാരണ പോസ്റ്ററുകളില്‍പ്പോലും പിണറായി പ്രത്യക്ഷപ്പെടാതിരുന്നത്. എന്തുകൊണ്ട് മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുന്നില്ല എന്ന ചോദ്യത്തില്‍ സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ഉത്തരംമുട്ടിയിരുന്നു. കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയാണ് ഇതെന്ന് ചിലര്‍ വാദിച്ചുവെങ്കിലും വിലപ്പോയില്ല. കണ്ണിലുണ്ണിയായ രാഷ്ട്രീയ നായകനെ ഒരു നോക്കു കാണാന്‍ ജനങ്ങള്‍ തിക്കിത്തിരക്കിയാല്‍ രോഗവ്യാപനമുണ്ടാവുമെന്ന വാദം സമ്മതിച്ചാല്‍ തന്നെ, പോസ്റ്ററുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിക്കാന്‍ തടസ്സമില്ലായിരുന്നു. പോസ്റ്ററുകളില്‍നിന്ന് രോഗവ്യാപനം ഉണ്ടാകുന്ന പ്രശ്നമേ ഉദിക്കുന്നില്ല. എന്നിട്ടും അത് വേണ്ടെന്ന് വച്ചത് ജനരോഷം ഭയന്നാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതായിരുന്നില്ല സ്ഥിതി. മനസ്സു തുറന്ന് ചിരിക്കുന്നയാളല്ല പിണറായി. വല്ലപ്പോഴും ചിരിക്കുന്നുണ്ടെങ്കില്‍ അത് അട്ടഹാസവുമായിരിക്കും. എന്നിട്ടും പുഞ്ചിരിതൂകുന്ന പിണറായിയുടെ പല പോസ്റ്ററുകളിലുള്ള ബഹുവര്‍ണ ചിത്രങ്ങളായിരുന്നു കേരളത്തിലങ്ങോളമിങ്ങോളം. അപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇങ്ങനെവേണ്ടെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നുവെന്ന് വ്യക്തം. പാര്‍ട്ടിക്ക് പൂര്‍ണമായി അനഭിമതനായിരിക്കുമ്പോഴും 2016 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വി.എസ്. അച്യുതാനന്ദന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ വിഎസിന്റെ ബദ്ധവൈരികള്‍ക്കുപോലും ആവശ്യമായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിണറായി അനഭിമതനായത് ഇതിന് കടക വിരുദ്ധമാണ്.
ഫലം അനുകൂലമായപ്പോള്‍ അതിന്റെ ബഹുമതി ഭരണത്തിലിരുന്നുകൊണ്ട് മഹത്തായ കാര്യങ്ങള്‍ ചെയ്ത തനിക്കാണെന്ന മട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിണറായിയുടെ മുഖത്തുനിന്ന് അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല. അബദ്ധത്തില്‍ ബംബര്‍ ലോട്ടറിയടിച്ചആഹ്ലാദത്തിന്റെ അലകള്‍ ആ മുഖത്ത് കളിയാടുകയായിരുന്നു.
സംഘടിത നുണപ്രചാരണത്തിന് ജനങ്ങള്‍ നല്കിയ മറുപടി എന്നാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. ശരിയാണ്, ഈ പ്രചാരണം നടത്തിയത് പക്ഷേ പ്രതിപക്ഷമല്ല, സര്‍ക്കാരാണെന്നു മാത്രം. സ്വര്‍ണ കള്ളക്കടത്തും ലൈഫ് മിഷനുമുള്‍പ്പെടെയുള്ള അഴിമതികളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനെതിരെ പ്രചണ്ഡമായ അപവാദപ്രചാരണമാണ് സിപിഎമ്മും സര്‍ക്കാരും നടത്തിയത്. സര്‍ക്കാര്‍ സംവിധാനം ഒന്നാകെ പ്രചാരണ യന്ത്രമായി മാറുകയായിരുന്നു.
മുഖ്യമന്ത്രിയടക്കം പിടിയിലാവുമെന്ന് ഉറപ്പായതോടെ അധികാരം ദുരുപയോഗിച്ച് അന്വേഷണങ്ങളെ ചെറുക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്കി. മാസങ്ങളോളം ഈ ഒരു കാര്യത്തില്‍ മാത്രമാണ് മുഖ്യമന്ത്രി ശ്രദ്ധ വച്ചത്. ഭരണം എന്നൊന്ന് മുഖ്യമന്ത്രി മറന്നുപോയിരുന്നു. കൊവിഡിന്റെ പേരില്‍ ദിനംതോറും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്നത് അതിലെ അക്ഷരപ്പിശകടക്കം ആവര്‍ത്തിച്ചു. അങ്ങേയറ്റം യാന്ത്രികവും അരോചകവുമായിരുന്ന ഈ വായനകള്‍ ചിലപ്പോഴൊക്കെ അജ്ഞതയുടെയും പിടിപ്പുകേടിന്റെയും അധരവ്യായാമങ്ങളായിരുന്നു. കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതൊരു പദ്ധതിയാണെന്ന് മനസ്സിലാക്കാതെ ‘ആ ഫോണ്‍’ എന്നുവരെ പറയുന്നത് കേള്‍ക്കാമായിരുന്നു.
അധികാരം ഉപയോഗിച്ച് മടിയോ പേടിയോ ഇല്ലാതെ നടത്തിയ സഹസ്രകോടികളുടെ അഴിമതികളെക്കുറിച്ച് തങ്ങള്‍ക്ക് ഒരുവിധത്തിലും സ്വാധീനിക്കാന്‍ കഴിയാത്ത കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമ്പോള്‍ അത് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും, കേരളത്തെ തകര്‍ക്കാനുമാണെന്ന് ലവലേശംപോലും മാന്യതയില്ലാതെ എല്ലാ വാര്‍ത്താസമ്മേളനങ്ങളിലും പിണറായി ആവര്‍ത്തിച്ചു. തികച്ചും ഏകപക്ഷീയമായാണ് ഇത് ചെയ്തത്. എഴുതിക്കൊണ്ടുവന്ന ഈ അപവാദ പ്രസംഗത്തിന്റെ വായന തീരുന്ന മുറയ്ക്ക് ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ‘ഇന്ന് നമുക്ക് അവസാനിപ്പിക്കാം’ എന്ന് ചാടിക്കേറി പറഞ്ഞ് എഴുന്നേറ്റു പോകുന്ന മുഖ്യമന്ത്രിയെയാണ് ജനങ്ങള്‍ കണ്ടത്.
വികസനത്തിന്റെ വായ്ത്താരികൊണ്ട് അഴിമതിയുടെ ഘോഷയാത്രയില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അടവാണ് പിണറായി പുറത്തെടുത്തത്. അന്വേഷണത്തിന്റെ ഫലമായി കോടതികളില്‍ നിന്നുപോലും ലഭിക്കുന്ന വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം നേതാക്കളും ഒരേ സ്വരത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നു. പാര്‍ട്ടി അണികളെ സ്വാധീനിക്കാനും, കടുത്ത രാഷ്ട്രീയമൊന്നുമില്ലാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു. സ്വര്‍ണ കള്ളക്കടത്ത് പിടികൂടിയതിന്റെ തുടക്കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയതും, മൂന്നാം ഘട്ട വോട്ടെടുപ്പിന് മുന്‍പ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നതുമൊക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള സൂത്രപ്പണികളായിരുന്നു. വലിയൊരു വിഭാഗം ജനങ്ങള്‍ ഇതില്‍ വീണുപോയി.
കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ കുപ്രചാരണം നടത്തിയെന്ന് മുഖ്യമന്ത്രി പറയുന്നിലും കാപട്യമുണ്ട്. അഴിമതിക്കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ കൊടുക്കാന്‍ നിര്‍ബന്ധിതമായെങ്കിലും പല മാധ്യമങ്ങളും സര്‍ക്കാരിനൊപ്പം നില്‍ക്കുകയായിരുന്നു. പിണറായി നയിച്ച കേന്ദ്ര വിരുദ്ധ പ്രചാരണത്തെ ഈ മാധ്യമങ്ങള്‍ കൊഴുപ്പിച്ചു. പതിവു വാര്‍ത്താ സമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോഴൊക്കെ മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളൊന്നും ആരും ഉന്നയിച്ചില്ല. ഏഷ്യാനെറ്റിനെപ്പോലുള്ള പല ദൃശ്യമാധ്യമങ്ങളിലെയും റിപ്പോര്‍ട്ടര്‍മാര്‍ ഗണ്മൈക്കെടുത്താല് ഡിവൈഎഫ്ഐ നേതാക്കളെപ്പോലെ പ്രസംഗിക്കുകയായിരുന്നു. സര്‍ക്കാരിനെയും പിണറായി വിജയനെയും ന്യായീകരിക്കാന്‍ സിപിഎമ്മിന്റെ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്ന വിധമാണ് അവതാരകന്മാര് പലരും ചാനല്‍ ചര്‍ച്ചകള്‍ നയിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മതിയായ സമയം അനുവദിക്കാതെയും, തുടര്‍ച്ചയായി തടസ്സപ്പെടുത്തിയും ഇവര്‍ പാര്‍ട്ടിക്കൂറ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു. എല്‍ഡിഎഫിന്റെ വിജയത്തില്‍ കേരളം ചുവന്നുതുടുത്തു എന്നൊക്കെയാണ് രാഷ്ട്രീയ യജമാനനെ സന്തോഷിപ്പിക്കാന്‍ ഇക്കൂട്ടര്‍ എഴുതിപ്പിടിപ്പിച്ചത്. സിപിഎമ്മിനോടുള്ള സമീപനത്തില്‍ ഒരുതരം അടിമ/ഉടമ ബന്ധമാണ് മലയാള മാധ്യമരംഗത്ത് പൊതുവെയുള്ളത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് വളരെ മുന്‍പുതന്നെ അഴിമതിക്കേസുകളുടെ കാര്യത്തില്‍ തുടക്കംകുറിച്ച അപവാദ പ്രചാരണമാണ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷവും മുഖ്യമന്ത്രി തുടരുന്നത്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തോടെ തനിക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങളും കേസുകളും റദ്ദാക്കപ്പെട്ടിരിക്കുന്നു എന്ന മട്ടിലാണ് പിണറായി പെരുമാറുന്നത്. ഇതുവരെ നടത്തിയ കേന്ദ്ര വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാമെന്നും കണക്കുകൂട്ടുന്നുണ്ടാവാം.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാമെന്നോ സ്വാധീനിക്കാമെന്നോ പിണറായി കരുതുന്നില്ല. അന്വേഷണ ഏജന്‍സികളെ അപകീര്ത്തിപ്പെടുത്തുകയേ നിവൃത്തിയുള്ളൂ. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വിപുലമാകുന്നതോടെ ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരും. മുഖ്യമന്ത്രി നടത്തിവരുന്ന അപവാദപ്രചാരണം മുന്‍കാല പ്രാബല്യത്തോടെ പൊളിയുകയും ചെയ്യും. അതോടെ ഇപ്പോഴത്തെ ചുവപ്പ് മായാന്‍ പേമാരിയൊന്നും വേണ്ട. പ്രഭാതത്തിലെ മൂടല്‍മഞ്ഞുപോലെ അത് ഇല്ലാതാവും. ശേഷം പിണറായിയുടെ സ്ഥാനം എവിടെയായിരിക്കുമെന്ന് ഇപ്പോള്‍ പറയേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: