അനൂപിനെ എറിഞ്ഞ് കൊന്നിട്ട് ഏഴ് വര്‍ഷം കഴിയുന്നു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ബലിദാനിയായ യുവാവ്. കോഴിക്കോട് നാദാപുരത്ത് നിട്ടൂരില്‍ വെള്ളാലിപ്പില് വീട്ടില്‍ കണാരന്, സുശീല ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനായിരുന്നു വി.അനൂപ്. പ്രീഡിഗ്രി പൂര്‍ത്തിയായ ശേഷം എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ അനൂപ് ജോലിക്ക് പോയത് തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹമില്ലാതെയല്ല. തെയ്യം കലാകാരനും രോഗിയുമായ അച്ഛന് കണാരന് കുടുംബപ്രാരാബ്ധങ്ങള്‍ താങ്ങാനാവാതെ വന്നപ്പോള്‍ അച്ഛനമ്മമാരുടെയും, കൂടപ്പിറപ്പുകളുടെയും സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു ആ ചെറുപ്പക്കാരന്. തെയ്യവും വാദ്യവും ഉപേക്ഷിക്കാതെ അനുഷ്ഠാന കലയില്‍ പരിപാലിച്ച അനൂപിന് പ്രകൃതിയോടുള്ള ആദരവ് ജീവിത പാരമ്പര്യമായി ലഭിച്ചതാണ്.
നാട്ടിലെ സാമൂഹ്യ, സംസ്കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യവും, നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായിരുന്ന അനൂപ് കൊല്ലപ്പെട്ടത് ക്വാറി മുതലാളിമാരുടെ ഏജന്റുമാരാലാണ്. ക്വാറി മാഫിയക്കെതിരെ നടന്ന സമരത്തിന് നേരെ സിപിഎം അക്രമികള്‍ കടന്നാക്രമിക്കുകയായിരുന്നു.
പശ്ചിമഘട്ട സംരക്ഷണവും, ആറന്മുള വിമാനത്താവള വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളം മുഴുവന്‍ പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ നടക്കുന്നകാലം. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിസംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ 2013 ഡിസംബര്‍ 16-ന് കേരളത്തിലെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ച് സായാഹ്നധര്‍ണ്ണ നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. കേരളത്തിലുടനീളം അനവധി പരിസ്ഥിതി സംഘടനകള്‍ പ്രകൃതി സംരക്ഷണവേദിയുടെ സമരത്തില്‍ പങ്കാളികളായി.
വടകരയില്‍ നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയില്‍ വച്ചായിരുന്നു ധര്‍ണ്ണ. പഞ്ചായത്തിലെ എടോനിയില് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരെ നാളുകളായി ജനകീയ സമരം നടന്നുവരുന്നതിനാല്‍ അതിനോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു ആ പ്രതിഷേധം.
സഹിക്കാവുന്നതായിരുന്നില്ല സിപിഎമ്മിന് ആ പ്രതിരോധം. പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് അനൂപ് മൂന്ന് ദിവസം ഐ.സി.യു.വില്‍ കിടന്നു. 2013 ഡിസംബര്‍ 19ന് മരണപ്പെട്ടു.
പ്രകൃതിസംരക്ഷണത്തിന് വേണ്ടി ജീവത്യാഗം ചെയ്ത കേരളത്തിലെ ആദ്യത്തെ ബലിദാനിയായി അനൂപ്.
സംരക്ഷിക്കേണ്ടവര്‍ തന്നെ സംഹരിക്കുന്നു
പരിസ്ഥിതിയും, ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഭരണകൂടങ്ങള്‍- ഭരണകൂടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, പക്ഷേ സംരക്ഷിക്കേണ്ടവര്‍ തന്നെ സംഹരിക്കുന്നവരായി മാറുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി കേരളത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളുടെ പട്ടിക കണക്കാക്കിയാല്‍ അതില്‍ ഏറിയപങ്കും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള സമരങ്ങളാണ്. പ്രകൃതിയുടെ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ്. മനുഷ്യജീവന് നിലനിര്‍ത്താനാവശ്യമായ ശുദ്ധമായ വെള്ളവും, വായുവും അന്നവും ലഭിക്കണമെങ്കില്‍ സമരം നടത്തേണ്ട ഗതികേടിലാണ് കേരളജനത.
പ്രകൃതി വിഭവങ്ങള്‍ തനിക്കുമാത്രം ഭുജിക്കേണ്ടതാണെന്ന പ്രാകൃത ധാരണയാണ് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാനുള്ള ആശയാടിത്തറ. അമിതമായ ചൂഷണം മനുഷ്യന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത് തുടങ്ങിയപ്പോള്‍ പ്രകൃതിയെ നിഷ്കരുണം ഉപദ്രവിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന ചിന്ത ആഗോളതലത്തില്‍ ഉയര്‍ന്നു. 1972ല്‍ സ്റ്റോക്ക്ഹോമില്‍ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പാരിസ്ഥിതിക മാര്‍ഗ്ഗരേഖ അംഗീകരിക്കപ്പെട്ടു. ഈ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളില്‍ മുഴുവന്‍ പരിസ്ഥിതി നിയമനിര്‍മ്മാണത്തിന് വഴിതെളിച്ചു. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും പരിസ്ഥിതി നിയമങ്ങള്‍ ഉണ്ടായി.
അനിയന്ത്രിതമായ ഉപഭോഗവും അസന്തുലിതമായ വികസനവും പ്രകൃതിയെയും, മനുഷ്യനേയും ഒപ്പം അപകടത്തിലാക്കുന്നു. ഈ സ്ഥിതി മനസ്സിലാക്കി ഒരു പുതിയ തത്വം രൂപം കൊണ്ടു, ടൗേെമശിമയഹല ഉല്ലഹീുാലി േഅഥവാ സുസ്ഥിര വികസനം.
ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പാരിസ്ഥിതിക നിയമങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ഈ നിയമങ്ങളില്‍ പരിസ്ഥിതിയെ വിവക്ഷിക്കുന്നത് ജലം, വായു, ഭൂമി, മനുഷ്യന്, മറ്റു ജന്തുജാലങ്ങള്‍, സസ്യങ്ങള്‍, സൂക്ഷ്മ ജീവികള്‍ തുടങ്ങിയവയെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ്.
ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണനിയമം നടപ്പിലാക്കിയത് 1986 ലാണ്. പ്രകൃതി വിഭവചൂഷണം നിയന്ത്രിക്കുക, പ്രകൃതിക്ഷോഭങ്ങള്‍ ഒഴിവാക്കുക, മലിനീകരണം നിയന്ത്രിക്കുക, സന്തുലിതമായ വികസനം നേടുക എന്നതൊക്കെയാണ് ഈ നിയമംകൊണ്ട് ലക്ഷ്യമിടുന്നത്. 48 എ, 51 എ(ജി) എന്നീ വകുപ്പുകള്‍ ഇതേ ഉദ്ദേശ്യത്തോടെ ഇന്ത്യന്‍ ഭരണഘടനയില്‍ കൂട്ടിചേര്‍ക്കപ്പെട്ടു. അതിനാല്‍ പരിസ്ഥിതി സംരക്ഷണം ഇന്ത്യന്‍ പൗരന്റെയും, സര്‍ക്കാരിന്റെയും കടമയും, കര്‍ത്തവ്യവും ആണ്. പക്ഷേ ഈ നിയമങ്ങള്‍ ഇവിടെ നടപ്പാക്കപ്പെടുന്നില്ല. നിയമം നടപ്പാക്കേണ്ടവര്‍ ആണ് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ട് നില്ക്കുന്നതും.
പശ്ചിമഘട്ട മലനിരകളിലടക്കം ആയിരക്കണക്കിന് കരിങ്കല്‍ ക്വാറികളാണ് കേരളത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ആറ് മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ പാറഖനനം നടത്തരുത് എന്ന് നിയമം അനുശാസിക്കുമ്പോള്‍ 60 മീറ്റര്‍ താഴ്ന്നിട്ടും ഖനനം നിര്‍ബാധം തുടരുന്നു. അനുവാദം കിട്ടിയതിന്റെ പതിന്മടങ്ങ് ഖനനം നടത്തുന്നു. മണല്‍ മാഫിയക്ക് വേണ്ടി പുഴയെ കൊല്ലുന്നു.
ഫാക്ടറി മാലിന്യങ്ങള്‍ തള്ളി പുഴകള്‍ മലിനമാകുന്നു, കൃഷി നശിക്കുന്നു, ആളുകള്‍ രോഗികളാകുന്നു. വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി പതിച്ചുകൊടുക്കുന്നു. ഊര്‍ജ്ജ ഉത്പാദനത്തിന്റെ പേരില്‍ വനവും വനസമ്പത്തും നശിപ്പിക്കുന്നു. എത്ര കുറഞ്ഞ വിലയില്‍ വൈദ്യുതി ലഭ്യമായാലും, നൂറ് കണക്കിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന ജലവൈദ്യുത പദ്ധതികളാണ് സര്ക്കാരുകള്ക്കിഷ്ടം.
പരിസ്ഥിതി സ്നേഹികളെ വികസനവിരുദ്ധരായി മുദ്രകുത്തുന്നവര്‍ നാളയെപ്പറ്റി, നമ്മുടെ വരും തലമുറയെപ്പറ്റി ചിന്തിക്കാറില്ല. മനുഷ്യന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടി നശിപ്പിക്കാനോ, ചൂഷണം ചെയ്യാനോ ഉള്ളതല്ല ഈ പ്രകൃതി. പ്രകൃതി സംരക്ഷണം നമ്മുടെ ജീവിതധര്‍മ്മമാണ്. ഈ ബോധ്യത്തില്‍ നിന്നാണ് അനൂപ് അടക്കമുള്ള ആയിരക്കണക്കിന് പരിസ്ഥിതി സ്നേഹികള്‍ പരിസ്ഥിതി നശീകരണത്തിനെതിരെ രംഗത്ത് വന്നത്.
എടോനിയിലെ അനധികൃത ക്വാറികളുടെ പ്രവര്‍ത്തനഫലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വന്നാല്‍ ആ പ്രദേശത്തെ മനുഷ്യര്‍ക്കും, ജീവജാലങ്ങള്‍ക്കും, സസ്യലതാദികള്‍ക്കും നിലനില്ക്കാനാവില്ല എന്നും പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം പരിസ്ഥിതിയിലെ താളപ്പിഴകളാണ് എന്നുമുള്ള അറിവാണ് ആ പ്രകൃതിസ്നേഹിയെ പ്രകൃതി ചൂഷണത്തിനെതിരെയുള്ള സമരത്തിലേക്ക് നയിച്ചത്.
അനൂപ് സമരം ചെയ്തത് സ്വാര്‍ത്ഥലാഭത്തിന് വേണ്ടിയായിരുന്നില്ല. മുഴുവന്‍ സമൂഹത്തിന് വേണ്ടിയായിരുന്നു. പക്ഷേ സ്വാര്‍ത്ഥതയാല്‍ അന്ധത ബാധിച്ച ആ കാട്ടുകള്ളന്മാര്ക്ക്, മനുഷ്യത്വം നശിച്ചവര്‍ക്ക് എന്ത് സ്നേഹം, എന്ത് ദയ. ലോകം മുഴുവന്‍ നശിച്ചാലും എനിക്ക്മാത്രം നേടണം എന്ന് ചിന്തിക്കുന്ന ആ മാഫിയകള്‍:- അവരില്‍ നിന്നും പണംപറ്റി അവര്‍ക്ക് വേണ്ടി ഗുണ്ടാപണിയെടുത്തിരുന്ന സി.പി.എം നേതൃത്വം. അവര്‍ക്ക് അനൂപ് ഒരു മാര്ഗ്ഗതടസ്സമായിരുന്നു.
അനൂപിന്റെ വിയോഗത്തില്‍ തകര്‍ന്ന കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ നിരവധി പേരെത്തി. ഒന്ന് നിവര്‍ന്ന് കിടക്കാന്‍പോലും കഴിയാത്ത ഒറ്റമുറി വീട്ടിനുള്ളില്‍ കണ്ണീര്‍വാര്‍ക്കുന്ന മാതാപിതാക്കളെ സമാശ്വസിപ്പിക്കാന്‍ എത്തിയ സി.ആര്. നീലകണ്ഠന്, ഡോ.വി.എസ്. വിജയന് എന്നിവര്‍ അനൂപിന്റെ കുടുംബത്തിന് ഒരു വീട് വച്ച് കൊടുക്കുവാനും, 25 ലക്ഷം രൂപ ധനസഹായം നല്കുവാനും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. പ്രകൃതി സംരക്ഷണവേദിയും ഹിന്ദു ഐക്യവേദിയും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചു.
അനൂപിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്കി. എന്നാല്‍ യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കാനോ, അനൂപിന്റെ കുടുംബത്തെ സഹായിക്കാനോ മാറിമാറി ഭരിച്ച ഭരണകൂടങ്ങള്‍ തയ്യാറായില്ല. അനൂപ് കൊല്ലപ്പെട്ടിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്നു. പ്രകൃതിമാതാവിന്റെ കാല്ക്കല് ജീവത്യാഗം ചെയ്ത ആ വീരബലിദാനിയുടെ ആത്മാവിന് ഇനിയെങ്കിലും നീതി നല്‍കണം.
സ്വര്‍ഗ്ഗീയ അനൂപിന്റെ ബലിദാനദിനത്തില്‍ ഒരു ഓര്‍മ്മമരം നട്ട് പരിസ്ഥിതി സംരക്ഷണത്തിനായി നമുക്കും പങ്കുചേരാം.
പി. സുധാകരന്
ജനറല്‍ കണ്വീനര്പ്രകൃതി സംരക്ഷണവേദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: