ന്യൂദല്‍ഹി: സംസ്കൃതത്തെ രാജ്യത്തിന്റെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗുജറാത്ത് സര്‍ക്കാറിന്റെ മുന്‍ അഡീഷണല്‍ സെക്രട്ടറി വന്‍സാരയാണ് ഹര്‍ജി നല്‍കിയത്. അദ്ദേഹം ഇപ്പോള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. ഹിന്ദിയെ ഔദ്യോഗിക ഭാഷയായി നിലനിര്‍ത്തി സംസ്കൃതത്തെ ഇന്ത്യയുടെ ദേശീയ ഭാഷയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഹിന്ദിക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക ഭാഷാ പദവിയേക്കാള്‍ ദേശീയ ഭാഷാ പദവി ഉയര്‍ന്നതായിരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. നിലവിലെ ഭരണഘടനാ ചട്ടക്കൂടിനെ ബാധിക്കാതെ ഒരു ആക്റ്റ് അല്ലെങ്കില്‍ എക്സിക്യൂട്ടീവ് ഉത്തരവ് വഴി വിജ്ഞാപനം നടത്താമെന്നാണ് ആവശ്യം.
ഔദ്യോഗിക ഭാഷയെ ദേശീയ ഭാഷയുമായി തുലനം ചെയ്യാന്‍ കഴിയില്ല. രണ്ടും തീര്‍ച്ചയായും വേര്‍തിരിക്കാനാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിനായി ഇന്ത്യ ഇസ്രേയിലിനെ മാതൃകയാക്കണം. 2000 കൊല്ലമായി അധികം ആരും ഉപയോഗിക്കാത്ത ഭാഷയായ ഹീബ്രുവിനെയാണ് 1948ല്‍ ഇസ്രയേല്‍ ദേശീയ ഭാഷയായി പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുകയും ചെയ്തു. ഒരു രാജ്യത്തെ സംസ്കാരവും പൈതൃകവും പേറുന്ന ഭാഷയായിരിക്കണം ദേശീയ ഭാഷ. അത്തരത്തില്‍ ഉള്ളത് സംസ്കൃതമാണ്. രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ ഇതിനെ എതിര്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: