കോഴിക്കോട്: ജില്ലയിലെ ഏഴു മുനിസിപ്പാലിറ്റികളില്‍ നാലിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ഭരണം ഉറപ്പിച്ചു. മുക്കം മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, പയ്യോളി എന്നിവിടങ്ങളിലാണ് യുഡിഎഫ് ആധിപത്യം നേടിയത്. ഇതില്‍ ഫറോക്കും രാമനാട്ടുകരയും യുഡിഎഫ് എല്‍ഡിഎഫില്‍ നിന്ന് തിരിച്ചു പിടിച്ചതാണ്. എന്‍ഡിഎ ഫറോക്കില്‍ ഉള്ള ഒരു സീറ്റ് നിലനിര്‍ത്തിയപ്പോള്‍ പയ്യോളിയില്‍ ആദ്യമായി അക്കൗണ്ട് തുറന്നു. മുക്കത്ത് ഒന്നുണ്ടായിരുന്നത് രണ്ടും വടകരയിലും കൊയിലാണ്ടിയിലും രണ്ടുണ്ടായിരുന്നത് മൂന്ന് ആയി ഉയര്‍ന്നു.
ഫറോക്കില്‍ 38 സീറ്റില്‍ 20 തും യുഡിഎഫ് നേടി. എല്‍ഡിഎഫ് 17, എന്‍ഡിഎ ഒരു സീറ്റും നേടി. വിമതര്‍ കൂറുമാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നഷ്ടമായ സീറ്റാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. രാമനാട്ടുകരയില്‍ 17 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 12, മറ്റുള്ളവ രണ്ട് സീറ്റും നേടി.
കൊടുവള്ളിയിലെ 36 സീറ്റുകളില്‍ എല്‍ഡിഎഫിന്റെ പത്ത് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് 25 സീറ്റുകളോടെയാണ് ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് 11 സീറ്റാണ് നേടിയത്. എല്‍ഡിഎഫ് ഭരിച്ച പയ്യോളി ഇത്തവണ ശക്തമായ മത്സരത്തിലൂടെയാണ് യുഡിഎഫ് പിടിച്ചെടുത്തത്. 36 സീറ്റുകളില്‍ 21 നേടിയാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്. എല്‍ഡിഫിന് 14 സീറ്റും എന്‍ഡിഎ ഒരു സീറ്റും നേടി.
വടകരയിലും കൊയിലാണ്ടിയിലും എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. 46 സീറ്റില്‍ 27സീറ്റ് എല്‍ഡിഎഫ് നേടിയപ്പോള്‍ 16 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്. എന്‍ഡിഎ മൂന്നും മറ്റുള്ളവ ഒരു സീറ്റും നേടി. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം കടുത്ത മത്സരം കാഴ്ചവെച്ച മുക്കം മുനിസിപ്പാലിറ്റിയില്‍ 33 സീറ്റുകളില്‍ 15 സീറ്റുകള്‍ വീതമാണ് എല്‍ഡിഎഫും യുഡിഎഫും നേടിയത്. എന്‍ഡിഎ രണ്ട് സീറ്റും യുഡിഎഫ് വിമതന് ഒരു സീറ്റും നേടി. കൊയിലാണ്ടിയില്‍ 44 സീറ്റില്‍ 25 സീറ്റും എല്‍ഡിഎഫ് നേടിയപ്പോള്‍ 16 സീറ്റ് യുഡിഎഫും മൂന്ന് സീറ്റ് എന്‍ഡിഎയും നേടി. 2015ല്‍ ആറ് മുനിസിപ്പാലിറ്റികളും എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു. ഫറോക്ക്, കൊയിലാണ്ടി, മുക്കം, രാമനാട്ടുകര, വടകര, പയ്യോളി എന്നിവയായിരുന്നു എല്‍ഡിഎഫ് ഭരിച്ചത്. കൊടുവള്ളി മാത്രമായിരുന്നു യുഡിഎഫിന് ലഭിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: