ബംഗളൂരു: ഓസ്ട്രേലിയ വഴി തന്റെ രാജ്യമായ കൈലാസം സന്ദര്‍ശിക്കാന്‍ വിസയും വിമാനവും വാഗ്ദാനം ചെയ്ത് ബലാത്സംഗക്കേസില്‍ അകപ്പെട്ട് നാടുവിട്ട വിവാദ സ്വാമി നിത്യാനന്ദ. അവസാനമായി പുറത്തുവിട്ട വീഡിയോയിലാണ് നിത്യാനന്ദയുടെ വാഗ്ദാനം.
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും പലായനം ചെയ്ത ഇയാള്‍ ഇക്വഡോറിലാണിലുള്ളത്. ഇവിടെ താന്‍ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. ‘കൈലാസ’ എന്ന് പേരിട്ട രാജ്യത്തേക്ക് മൂന്ന് ദിവസത്തെ പര്യടനത്തിനുള്ള വിസയാണ് നിത്യാനന്ദ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് വഴിയാകും കൈലാസയിലേക്കെത്താന്‍ കഴിയുക എന്നാണ് ഇയാള്‍ അറിയിച്ചിരിക്കുന്നത്.
നിത്യാനന്ദയുടെ പുതിയ പ്രഖ്യാപനം സംബന്ധിച്ച വീഡിയോയും ഇപ്പോള്‍ വൈറലായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും തന്റെ ‘രാജ്യത്തേക്ക്’ ‘ഗരുഡ’എന്ന പേരില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. തന്റെ അനുയായികള്‍ക്ക് ഓസ്‌ട്രേലിയയില്‍ വന്ന ശേഷം ഈ സൗകര്യം ഉപയോഗപ്പെടുത്തി കൈലാസയിലേക്ക് വരാം എന്നായിരുന്നു നിത്യാനന്ദയുടെ വാക്കുകള്‍. ഒരു റൂട്ട് മാപ്പും ഇയാള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയില്‍ ബലാത്സംഗക്കേസില്‍ അകപ്പെട്ടതോടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പൊലീസ് ഏറെ അന്വേഷിച്ചെങ്കിലും നിത്യാനന്ദയെ കണ്ടെത്താനായില്ല. പിന്നീട് സ്വന്തമായി ദ്വീപ് വാങ്ങി സ്വയം രാജ്യമായി പ്രഖ്യാപിച്ച് വീണ്ടും രംഗപ്രവേശം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: