ശ്ലോകം 279
പ്രാരബ്ധം പുഷ്യതി വപൂരിതി
നിശ്ചിത്യ നിശ്ചലഃ
ധൈര്യമാലംബ്യ യത്നേന
സ്വാദ്ധ്യാസാപനയം കുരു
ദേഹപോഷണം പ്രാരബ്ധം നിര്വിഹിച്ചുകൊള്ളും എന്ന് നിശ്ചയിച്ച് ഇളക്കമില്ലാതെ ധൈര്യപൂര്‍വ്വം അദ്ധ്യാസത്തെ നീക്കം ചെയ്യണം. പ്രാരബ്ധം ശരീരത്തെ രക്ഷിക്കുമെന്ന് ഉറച്ച് കരുതണം. അനാവശ്യ ചിന്തകളില്ലാതെ നല്ല ധൈര്യത്തോടെ യത്നിച്ചാല്‍ അദ്ധ്യാസം നീങ്ങും.
ദേഹപോഷണത്തിലും സംരക്ഷണത്തിലുള്ള താല്പര്യം സാധകരെ സംബന്ധിച്ചിടത്തോളം അപകടമാണ്. ചിലപ്പോള്‍ എല്ലാം വിട്ടെറിഞ്ഞ് കാട്ടില്‍ പോയി തപസ്സനുഷ്ഠിക്കുന്നവരുണ്ടാകാം. എന്നാല്‍ അവര്‍ക്ക് ദേഹം നിലനിര്‍ത്തുന്നതിന് വേണ്ടതായ ഭക്ഷണത്തെക്കുറിച്ച് വേവലാതിയുണ്ടായാല് അത് മറ്റൊരു സംസാരത്തിന് കാരണമാകും.
നിസ്സാരമെന്ന് തോന്നുന്ന അത് ആ സാധകനെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമായിത്തീരും. ഭക്ഷണത്തെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടായാല്‍ പിന്നെ അത് സംഘടിപ്പിക്കുന്നതിനുള്ള പ്രയത്നമായി. സാധനയിലെ ശ്രദ്ധയും താല്പര്യവും കുറയുകയും ചെയ്യും.
ഭക്ഷണത്തോടുള്ള അമിത താല്പര്യം, ചെയ്ത സാധനകളെയൊക്കെ നിഷ്ഫലമാക്കും.
പ്രാരബ്ധം കൊണ്ട് ഉണ്ടായതാണ് ഈ ശരീരം. നാം ഓരോരുത്തര്‍ക്കും ഈ ദേഹം കിട്ടിയത് മുന്‍ വാസനകളെ തുടര്‍ന്നാണ്. വാസന തീര്‍ന്നാല്‍ പിന്നെ ദേഹത്തിന് നാശമാണ്. അതുവരെ ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും ദേഹം നിലനില്ക്കും. പ്രാരബ്ധം അത് നോക്കിക്കൊള്ളും.
നമ്മുടെ ആരുടേയും അഭിപ്രായം ചോദിച്ചിട്ടല്ല ഈ ദേഹത്തെ നല്‍കിയത്. ഈ ദേഹം ജനിപ്പിച്ച ശക്തിക്ക് അതിനെ നിലനിര്‍ത്താനും അറിയാം. എത്ര കാലം നിലനില്‍ക്കണമെന്നത് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ശരീരം ഉള്ളിടത്തോളം കാലം അതിന് കാരണമായ കര്‍മ്മ ശക്തി അതിനെ രക്ഷിക്കും.
ഏത് ഉല്‍പ്പന്നം ഉണ്ടാക്കുമ്പോഴും അതിന് കാലഹരണപ്പെടുന്ന തീയതി കൂടി കുറിക്കുന്നു. പ്രാരബ്ധമാണ് നമ്മുടെ ശരീരം എത്ര കാലം നിലനില്ക്കണമെന്ന് നിശ്ചയിക്കുന്നത്. പ്രാരബ്ധം എന്നാല്‍ പ്രാരബ്ധ കര്‍മ്മങ്ങള്‍. പ്രകര്‍ഷേണ അഥവാ നന്നായി ആരംഭിച്ച കര്‍മ്മങ്ങള്‍. അത് മുമ്പ് നാം സഞ്ചയിച്ചു വച്ചിരുന്ന കര്‍മ്മങ്ങളില്‍ പാകമായി വരുന്നവയാണ് പ്രാരബ്ധം. ഇതില്‍ നല്ലതും ചീത്തയും ഒക്കെ ഉണ്ടാകും. പ്രാരബ്ധം അനുഭവിച്ച് തന്നെ തീരണം.
ഈ ജന്മത്തിലെ കര്‍മ്മം തീര്‍ന്നാല്‍ ശരീരം പതിക്കും. അത് വീണു പോവുകയാണെങ്കില്‍ പോകട്ടെ. സാധകന് അതിലൊന്നും ആശങ്കപ്പെടേണ്ട. കാര്യം നല്ല പോലെ അറിഞ്ഞ് മനസ്സിനെ ശക്തിപ്പെടുത്തി എല്ലാ വിക്ഷേപങ്ങളില്‍ നിന്നും അതിനെ സംരക്ഷിക്കണം.
ധൈര്യത്തോടെയിരിക്കണം എന്നാല്‍ ധീ എന്ന ബുദ്ധിയെ ഉപയോഗിക്കണമെന്ന് . വിവേക വിചാരം ചെയ്ത് സ്വപ്രയത്നം കൊണ്ട് അദ്ധ്യാസത്തെ നീക്കം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: