വിശാലഗഢിന്റെ ചുറ്റും വളഞ്ഞാക്രമിച്ചു കൊണ്ടിരിക്കുന്ന ജസവന്തറാവു-സൂര്യറാവു എന്നിവര്‍ക്ക് ശിവാജി വിശാലദുര്ഗത്തിലേക്ക്വ ന്നുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത ലഭിച്ചു. യാഥാസ്ഥിതിക ഹിന്ദുക്കളായ മറാഠ വീരന്മാരായ രണ്ടുപേരും ശിവാജിയെ കൊല്ലാനായി പുറപ്പെട്ടു. ശിവാജി തന്റെ ഭവാനി ഖഡ്ഗം പുറത്തേക്കെടുത്തു. രാത്രിയും പകലും മുഴുവന്‍ ഓടിത്തളര്‍ന്നിരുന്ന സൈനികര്‍. പക്ഷേ ശിവാജിയുടെ പ്രാണരക്ഷണം ഓര്‍ത്ത് തളരുന്ന പ്രശ്നമേയില്ല. ഓരോ പദവും പടവെട്ടി പടവെട്ടി ശിവസൈനികര്‍ മുന്നേറിക്കൊണ്ടിരിക്കയായിരുന്നു.
സമയം ഉച്ചയായി. ചുരത്തില്‍ നില്ക്കുന്ന ബാജിപ്രഭുവിന്റെ ശരീരത്തില്‍നിന്നും രക്തം ധാരധാരയായി നിര്‍ഗമിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹത്തിന്റെ സഹയോഗികള്‍ അതുലനീയമായ പരാക്രമം കാണിച്ചുകൊണ്ട് ഓരോരുത്തരും പത്തിരട്ടി ശത്രുക്കളെ സംഹരിച്ചുകൊണ്ട് നിലംപതിക്കുന്നുണ്ടായിരുന്നു. ബാജിപ്രഭുവിന്റെ വാളില്‍നിന്നും രക്ഷപ്പെട്ട് ഒരു ശത്രുസൈനികനു പോലും ചുരം മറികടക്കാന്‍ സാധിച്ചില്ല. ആകാശത്തുനില്‍ക്കുന്ന സൂര്യ തേജസ്സ് ഭൂമിയില്‍ നില്ക്കുന്ന ബാജി പ്രഭുവിന്റെ തേജസ്സിനോട് മത്സരിക്കുന്നതുപോലെ തോന്നി. അവസാനം സൂര്യന് പരാജയപ്പെട്ട് പടിഞ്ഞാറന്‍ സമുദ്രത്തിലേക്ക് യാത്രയായി. ബാജിപ്രഭുവിന്റെ കരങ്ങള്‍ക്ക് ഈ ദിവ്യശക്തി എങ്ങനെ ലഭിച്ചു. നിഷ്ഠാ, ധ്യേയനിഷ്ഠാ, സ്വരാജ്യനിഷ്ഠാ അതിന്റെ പ്രഭാവമായിരുന്നു അത്.
വിശാലഗഢില്‍ ശിവാജിയുടെ ഭവാനി ഖഡ്ഗത്തിനു മുന്നില്‍ ജസവന്ത-സൂര്യറാവുകള് നിഷ്പ്രഭരായി. അവരുടെ പ്രതിരോധനിര തകര്‍ന്നു. മഹാരാജ് ദുര്ഗത്തിലേക്കോടി. എത്രയും പെട്ടെന്ന് കോട്ടക്കകത്ത് പ്രവേശിച്ച് പീരങ്കി ശബ്ദിപ്പിക്കണം. ബാജി പ്രഭുവിനെ താന്‍ സുരക്ഷിതമായി കോട്ടയില്‍ പ്രവേശിച്ച വിവരം അറിയിക്കണം. ബാജിപ്രഭുവിന്റെ അമൂല്യമായ ജീവന് രക്ഷിക്കണം. ശിവാജി പീരങ്കിയുടെ അടുത്തേക്കോടി അപ്പോഴേക്കും വൈകിട്ട് ആറ് മണിയായിരുന്നു.
അപ്പോഴും ബാജിപ്രഭുവിന്റെ കരങ്ങളാല്‍ ശത്രുക്കള്‍ അരിഞ്ഞു വീഴ്ത്തപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. 21 മണിക്കൂറായി ഓടുകയും യുദ്ധം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ സ്ഥൂല ശരീരം തകര്‍ന്നുപോയി. രക്തം മുഴുവന്‍ ഒഴുകിത്തീര്‍ന്നിരുന്നു. എന്നിട്ടും പീരങ്കിയുടെ ശബ്ദം കേള്‍ക്കാന്‍ സാധിച്ചില്ല. അതു കേള്‍ക്കുന്നതുവരെ വാളിന് വിശ്രമമില്ല എന്ന് ശരീരത്തിന് ആജ്ഞ കൊടുത്തിരുന്നു. ശിവാജിയുടെ പ്രാണരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം എന്നിരിക്കെ ശരീരത്തിന് നിലംപതിക്കാന്‍ സാധ്യമല്ല.
അപ്പോഴതാ-ധന്, ധന്, ധന് എന്ന് പീരങ്കിയുടെ ശബ്ദം ഒന്നിനുപുറകെ ഒന്നായി മൂന്നുതവണ കേട്ടു. ഞാന്‍ സകുശലം എത്തി താങ്കളെ പ്രതീക്ഷിച്ചിരിക്കയാണ്. എത്രയും പെട്ടെന്ന് വരൂ എന്നായിരുന്നു പീരങ്കിധ്വനിയുടെ അര്‍ത്ഥം. ബാജിപ്രഭുവിന്റെ ജീവിതം സാര്‍ത്ഥകമായി.
അപ്പോള്‍ ശത്രുവിന്റെ ക്രൂരമായ ഒരു പ്രഹരം ബാജിയുടെ കഴുത്തിലേറ്റു. അവശേഷിച്ച രക്തം അസ്തമയ സൂര്യന് അര്ഘ്യമായര്പ്പിച്ചുകൊണ്ട്, ബാജിയുടെ പ്രാണന് വായുവിനോട് ചേര്‍ന്ന് ശിവാജിയെ ആലിംഗനം ചെയ്യാന്‍ പോയി. അദ്ദേഹത്തിന്റെ ശരീരം ധരാശായിയായി. അദ്ദേഹത്തിന്റെ ശരീരം പതിച്ച ഗാജാപൂര് എന്ന സ്ഥലം പവിത്രമായി.’പാവനഖിണ്ഡി’ എന്ന പേരില്‍ ആ പ്രദേശം ഇന്ന് പ്രസിദ്ധമാണ്. (മറാഠീ ഭാഷയില്‍ ഖിണ്ഡി എന്നതിനര്‍ത്ഥം ഒരാള്‍ക്ക് മാത്രം കടക്കാവുന്ന ഗുഹാസദൃശമായത്)
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: