ഏറെക്കരഞ്ഞും മരിച്ച മകനെ കെട്ടിപ്പിടിച്ചും ദുഃഖത്തോടെ ഹരിശ്ചന്ദ്ര പത്‌നി രോഹിതന്റെ ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ചിതയ്‌ക്കരികില്‍ പുത്രദേഹം വച്ചുകൊണ്ട് അവള്‍ ഉറക്കെ വിലപിച്ചു.
രാജന്നദ്യ സ്വബാലം തം
പശ്യസീഹ മഹീതലേ
രമമാണം സ്വസഖീദിര്‍
ദംഷ്ടം ദുഷ്ടാഹിനാമൃതം
അല്ലയോ മഹാരാജന്‍ സഖിമാരുമൊത്തു കളിക്കാന്‍ പോയ ഈ ബാലന്‍ ദുഷ്ട സര്‍പ്പത്തിന്റെ കടിയേറ്റ് മണ്ണില്‍ മരിച്ചു കിടക്കുന്നത് അങ്ങു കാണുന്നുണ്ടോ? ഹരിശ്ചന്ദ്രന്‍ തന്റെ പത്‌നിയുടെ വിരൂപവേഷം തിരിച്ചറിഞ്ഞില്ലെങ്കിലും ആ ശബ്ദവും അതിലെ സന്ദേശവും യദൃച്ഛയാ തിരിച്ചറിഞ്ഞു. അദ്ദേഹം ഓടിവന്ന് മൃതദേഹത്തിലെ മുഖവസ്ത്രം എടുത്തു മാറ്റി നോക്കി.
പൊടിപടലങ്ങള്‍ കൊണ്ടും ചുടലഭസ്മം കൊണ്ടും വിരൂപനായി ഉണക്കമരം പോലെ നില്‍ക്കുന്ന ഹരിശ്ചന്ദ്രനെ ചന്ദ്രമതിയും തിരിച്ചറിഞ്ഞില്ല.
മരിച്ചു കിടക്കുന്ന കുമാരനില്‍ അപ്പോഴും രാജചിഹ്നങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നത് ഹരിശ്ചന്ദ്രന്‍ ശ്രദ്ധിച്ചു. പൂര്‍ണചന്ദ്രനെപ്പോലെ ശോഭയുള്ള മുഖത്ത് നീണ്ടമൂക്കും കണ്ണാടി കവിള്‍ത്തടങ്ങളും നീണ്ട കണ്ണുകളും വളഞ്ഞ പുരികങ്ങളുമെല്ലാം കണ്ട് ഇത് രാജകുമാരന്‍ തന്നെയെന്ന് ഹരിശ്ചന്ദ്രന്‍ നിശ്ചയിച്ചു. പെട്ടെന്ന് തന്റെ മകനെ ഓര്‍മയില്‍ തെളിഞ്ഞു കിട്ടി.’ഹാ, എന്റെ മകനേ, നിനക്ക് ഈ ഗതി വന്നല്ലോ’എന്നോര്‍ത്ത് അദ്ദേഹം കരഞ്ഞു. ആ കണ്ണുനീര്‍ തുള്ളി ചന്ദ്രമതിയുടെ ദേഹത്തും വീണുവോ?
പെട്ടെന്ന് ചന്ദ്രമതി ഉറക്കെ വിലപിച്ചു. ഹേ, രാജന്‍ അങ്ങ് എവിടെയാണ്. എന്തുകൊണ്ടാണ് അങ്ങേക്ക് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. രാജ്യനാശം, ബന്ധുമിത്രാദികളെ ഉപേക്ഷിക്കല്‍, ഭാര്യാപുത്രന്മാരെ വിക്രിയം ചെയ്യല്‍ ഇപ്പോള്‍ പുത്രനാശവും. ഹേ, ഹരിശ്ചന്ദ്ര മഹാരാജന്‍, എന്തെല്ലാം ദുരന്തങ്ങളാണ് വിധിവൈപരീത്യത്താല്‍ അങ്ങേക്കുണ്ടായത്.
ഇതുകേട്ട്, ഈ വിലാപം തിരിച്ചറിഞ്ഞ് ഹരിശ്ചന്ദ്ര മഹാരാജന്‍ അവിടെ മൂര്‍ഛിച്ചു വീണു.
അടുത്ത നിമിഷം ബോധം തെളിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രന്റെ വിലാപവും ഉറക്കെയായി. എന്റെ മകനേ, നിന്നെയും നിന്റെ അമ്മയെയും വില്‍പനച്ചരക്കു പോലെ വിറ്റ നിന്റച്ഛന്‍ ഹരിശ്ചന്ദ്രനാണു ഞാന്‍. നിനക്കെന്ന തിരിച്ചറിയാന്‍ കഴിയുന്നില്ല കഷ്ടം. ദുഷ്ടനായ എന്റെ പ്രവൃത്തിയാലാണ് നിനക്ക് ഈ ഗതി വന്നത്.
ഈ ശബ്ദം കേട്ട് ചന്ദ്രമതി ഹരിശ്ചന്ദ്രന്റെ രൂപവും മുഖവും തിരിച്ചറിഞ്ഞു. വിധിയുടെ വൈപരീത്യം ധര്‍മിഷ്ഠനായ ഹരിശ്ചന്ദ്രനെ ചണ്ഡാളസമാനനാക്കിയിരിക്കുന്നു. ധര്‍മവും സത്യവും പൂജകളുമെല്ലാം വ്യര്‍ഥമോ? എങ്കില്‍ പിന്നെ സത്യത്തിന്റെയും ധര്‍മത്തിന്റെയും അര്‍ഥമെന്താണ്? ഇതെല്ലാം കര്‍മഫലമോ, വിധിയുടെ ക്രൂരതയോ? കഷ്ടം. ചന്ദ്രമതി വിലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: