കേരളത്തിലെ വനവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് അടുക്കും ചിട്ടയുമുണ്ടാക്കിയ പ്രചാരകനായിരുന്നു ഇന്നലെ വിടപറഞ്ഞ ടി. ശങ്കരന് എന്ന ശങ്കര്‍ജി. എറണാകുളം ചിറ്റൂര്‍ സ്വദേശിയായ ഇദ്ദേഹം 1975 ലാണ് ആര്‍എസ്എസ് പ്രചാരകനാകുന്നത്. തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം ആര്‍എസ്എസിന്റെ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. 1975 ലെ അടിയന്തരാവസ്ഥയില്‍ മിസ തടവുകാരനായി ജയിലിലടയ്ക്കപ്പെട്ടു. ജയില്‍ മോചിതനായ ശേഷം അദ്ദേഹം ജില്ലാ പ്രചാരകായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് ജന്മഭൂമിയുടെയും വനവാസിവികാസ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. ഞാന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുമ്പോള്‍ ശങ്കര്‍ജി വനവാസ വികാസ കേന്ദ്രത്തിന്റെ സഹസംഘടനാ കാര്യദര്‍ശിയായി ചുമതലയേറ്റു. വനവാസികളുടെ ഇടയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെങ്കിലും നിരവധി പരിമിതികള്‍ കാരണം സംഘടനാപരമായ കെട്ടുറപ്പ് അതിനുണ്ടായിരുന്നില്ല. സൊസൈറ്റി ആക്റ്റ് പ്രകാരം റജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും വര്‍ഷാവര്‍ഷം നിയമപരമായ ബാദ്ധ്യതകള്‍ നിറവേറ്റിയിരുന്നില്ല. എന്നാല്‍ ശങ്കര്‍ജി ചുമതലയേറ്റെടുത്തതിന് ശേഷം സാമ്പത്തിക ഓഡിറ്റ് മുതല്‍ സംഘടനാ റിപ്പോര്‍ട്ട് സൂക്ഷിക്കുന്നതും ഫയല്‍ ചെയ്യുന്നതുമായ നിരവധി കാര്യങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി. ഇന്നും വനവാസിവികാസ കേന്ദ്രം അത് തുടര്‍ന്ന് പോരുന്നത് ശങ്കര്‍ജി തുടങ്ങിവെച്ചതില്‍ നിന്നാണ്.
പരിചയപ്പെടുന്ന എല്ലാവരുടെയും വീട്ടുകാരില്‍ ഒരാളായി മാറാനുള്ള സ്നേഹസമ്പൂര്‍ണ്ണമായ ഇടപെടലായിരുന്നു ശങ്കര്‍ജിയുടേത്. കുട്ടികള്‍ക്ക് അദ്ദേഹം സ്റ്റിക്കര്‍ മാമനായിരുന്നു. ദൈവങ്ങളുടെ വര്‍ണ്ണചിത്രങ്ങള്‍ കുട്ടികള്‍ക്ക് നല്കി കഥപറഞ്ഞു കൊടുക്കുന്ന മാമനായിരുന്നു അവര്‍ക്ക് ശങ്കര്‍ജി. ശങ്കര്‍ജി നല്കിയ സ്റ്റിക്കറുകള്‍ അവര്‍ ഭക്തിപൂര്‍വ്വം സൂക്ഷിച്ചു. പിറന്നാളും വിവാഹ വാര്‍ഷികങ്ങളും ഓര്‍മ്മിപ്പിക്കുന്നത് പലപ്പോഴും ശങ്കര്‍ജി ആയിരുന്നു. ആഘോഷങ്ങളില്‍ പണം ധൂര്‍ത്തടിക്കാനല്ല അതിലൊരംശം വനവാസികളുടെ ക്ഷേമത്തിനായി നല്‍കണമെന്നും അദ്ദേഹം സ്നേഹപൂര്‍വ്വം അവരോട് ആവശ്യപ്പെട്ടു. വനവാസി വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നാല് ഹോസ്റ്റലുകളുടെയടക്കം പ്രവര്‍ത്തനത്തിനാവശ്യമായ ധനശേഖരണത്തിന് ശങ്കര്‍ജി ഏറെ പ്രയത്നിച്ചു. വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ സാമ്പത്തിക ശേഖരണം കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ കേന്ദ്രീകരിച്ച് അദ്ദേഹം ആസൂത്രണം ചെയ്തു. വനവാസികളുടെ ഉന്നമനം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹം പകര്‍ന്നു നല്‍കിയത്. സംഘടനാ പ്രവര്‍ത്തനം ചിട്ടയാക്കുന്നതിന് പ്രചാരകന്റെ സംഘടനാചാതുര്യത്തോടെ അദ്ദേഹം നേതൃത്വം നല്കി.
ദേശീയ തലത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും പങ്കെടുക്കേണ്ട കാര്യകര്‍ത്താക്കള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നതടക്കമുള്ള ചുമതല അദ്ദേഹം സ്വയം ഏറ്റെടുത്തു. അക്കാലത്ത് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉണ്ടായിരുന്നില്ല. നഗരങ്ങളിലെത്തി ടിക്കറ്റ് റിസര്‍വ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടോര്‍ത്താണ് ശങ്കര്‍ജി സ്വയം അക്കാര്യം ഏറ്റെടുത്തത്.
സഹപ്രവര്‍ത്തകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തി. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. യാത്രയ്ക്കിടയില്‍ എവിടെയെങ്കിലും വെച്ച് ഞങ്ങള്‍ ഭക്ഷണം വാങ്ങിച്ച് കഴിക്കുമ്പോള്‍ സംഘടനാ പ്രവര്‍ത്തകര്‍ പാലിക്കേണ്ട സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് അദ്ദേഹം ഓര്‍മ്മിപ്പിക്കുമായിരുന്നു. ജസ്പൂരില്‍ നിന്ന് റാഞ്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ഞങ്ങളോടൊപ്പം ട്രെയിനില്‍ രണ്ട് ക്രിസ്ത്യന്‍ പുരോഹിതരും ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. അവരിലൊരാള്‍ ചായ കുടിക്കാറില്ലായിരുന്നു. ഏത് റെയില്‍വേ സ്റ്റേഷനിലെത്തിയാല്‍ എവിടെ പാല് കിട്ടുമെന്ന് അറിയാമായിരുന്ന ശങ്കര്‍ജി അദ്ദേഹത്തിന് പാല് വാങ്ങിച്ചു കൊടുത്തു. പിന്നീട് സംസാരത്തിനിടയില്‍ ഞങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നറിഞ്ഞപ്പോള്‍ പുരോഹിതര്‍ കൂടുതലൊന്നും സംസാരിച്ചില്ല. പുരോഹിതരുടെ ഈ പേരുമാറ്റം ഇഷ്ടപ്പെടാതിരുന്ന ഞാന്‍ യോഗസ്ഥലത്തേക്കുള്ള യാത്രയ്ക്കിടയില്‍ എന്തിനായിരുന്നു ശങ്കര്‍ജി അവര്ക്ക്വേണ്ടി ഇത്രമാത്രം ബുദ്ധിമുട്ടിയതെന്ന് ചോദിച്ചു. പുഞ്ചിരിയോടെ ശങ്കര്‍ജി പറഞ്ഞ മറുപടി ഞാന്‍ അക്കാര്യം എപ്പോഴേ മറന്നു. താന്‍ അതും ഓര്‍ത്ത് നടക്കുകയാണോ എന്നായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ എത്രചെറുതും വലുതുമായിക്കോട്ടെ അതൊന്നും ശങ്കര്‍ജി ഓര്ത്തുവെക്കാറില്ലായിരുന്നു. നിഷ്കാമ കര്‍മ്മം എങ്ങനെയെന്ന് ജീവിതം കൊണ്ട് കാണിച്ചു തരികയായിരുന്നു അദ്ദേഹം.
സംഘടനാ യാത്രയുടെ ഭാഗമായി ചൈന അതിര്‍ത്തിക്കടുത്ത് ജീറോപോയന്റ് എന്ന ഗ്രാമത്തിലേ ഒരു വനവാസി കുടിലിലെത്തിയപ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. സൂര്യനെ മാത്രം ആരാധിക്കുന്ന അവരുടെ വീട്ടില്‍ ഗുരുവായൂരപ്പന്റെ സ്റ്റിക്കര്‍ കണ്ടതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്.
ശങ്കര്‍ജിയെ പരിചയപ്പെട്ടപ്പോള്‍ നല്കിയ സ്റ്റിക്കറാണ് വീട്ടില്‍ അവര്‍ ഭക്തിപൂര്‍വ്വം സൂക്ഷിച്ചത്. അതിര്‍ത്തികള്‍ കടന്നും ശങ്കര്‍ജിയുടെ സ്നേഹസ്പര്‍ശം എവിടെയൊക്കെ എത്തി എന്ന് അറിയുകയായിരുന്നു അന്ന്. വനവാസി കല്യാണാശ്രമത്തിന്റെ അഖിലഭാരത സംഘടനാ കാര്യദര്‍ശിയായി ചുമതലയുള്ളപ്പോള്‍ ഭാസ്ക്കര്‍ റാവുജിയുടെ വിപുലമായ കേരളായാത്രയുണ്ടായിരുന്നു. പ്രധാന നഗരങ്ങളില്‍ അദ്ദേഹം യോഗങ്ങളില്‍ പങ്കെടുത്തു. ഈ യാത്രയുടെ ചിട്ടയായ ആസൂത്രണം നിര്‍വ്വഹിച്ചത് ശങ്കര്ജിയായിരുന്നു.
ഭാസ്ക്കര്‍ റാവുജിയുമായുള്ള ആത്മബന്ധം എത്രത്തോളം ആഴമുള്ളതാണെന്ന് അന്ന് മനസ്സിലായി. ഭാസ്ക്കര്‍ റാവുജിയില്‍ നിന്ന് ലഭിച്ച കരുതലും സ്നേഹവും പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിലൂടെ ശങ്കര്‍ജി സംഘപാരമ്പര്യത്തിന്റെ മാതൃകയാവുകയായിരുന്നു.
നൂറുകണക്കിന് കുടുംബങ്ങളിലെ കാരണവരാണ് മറിഞ്ഞുപോകുന്നത്. ഇനി വീട്ടിലെത്തി കുട്ടികളെ വിളിച്ച് സ്റ്റിക്കര്‍ നല്കാന് ശങ്കര്‍ജി ഇല്ല. വനവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആ കര്‍മ്മയോഗി ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. എന്നാല്‍ അദ്ദേഹം നല്കിയ ജീവിത സന്ദേശം കേരളത്തിന്റെ ഗ്രാമങ്ങളില്‍ എക്കാലവും ജീവിക്കും.
അഡ്വ. ജി. നരേഷ് കുമാര്‍
മുന്‍ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി, വനവാസി കല്യാണാശ്രമം
ആദര്‍ശ സ്വയംസേവകന്
ടി. ശങ്കരന്, ”ശങ്കര്‍ജി” എന്ന സംഘപ്രവര്‍ത്തകനെ ആദ്യമായി പരിചയപ്പെടുന്നത് എന്റെ കുടുംബം 1970 ഏപ്രിലില്‍ എറണാകുളത്തേയ്ക്ക് താമസം മാറിയപ്പോഴാണ്. അന്ന്, സ്വര്‍ഗീയ പച്ചാളം വിജയന് ചേട്ടന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ ബാച്ചിലെ പ്രമുഖ പ്രവര്‍ത്തകരായിരുന്നു ചിറ്റൂരിലെ പ്രധാന പ്രവര്‍ത്തകനായ ഹര്ഷന് ചേട്ടന്, ശങ്കരേട്ടന്, കൃഷ്ണകുമാര്‍ജി എന്നിവര്‍. അന്ന് കഷ്ടിച്ച് കൗമാരക്കാരനായിരുന്ന എനിക്ക് അവരോടെല്ലാം ഏറെ ആരാധനയായിരുന്നു. അവരെല്ലാം കൊച്ചി മഹാനഗരത്തിലെ പ്രവര്‍ത്തനത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയിരുന്നു.
1975ലെ പ്രചാരക ബൈഠക്കോടെ (പ്രാന്തകാര്യാലയ ഗൃഹപ്രവേശം, അടിയന്തരാവസ്ഥ പ്രഖ്യാപനം) ചിറ്റൂരിലെ ആ ഒറ്റ ശാഖയില്‍ നിന്ന് കൃഷ്ണകുമാര്‍, ശങ്കര്‍ജി, ഹര്ഷന് ചേട്ടന് എന്നീ ത്രിമൂര്‍ത്തികള്‍ പ്രചാരകന്മാരായി. ശങ്കര്‍ജി തിരുവനന്തപുരം ജില്ലയില്‍ താലൂക്ക് പ്രചാരകനായി. അധികം താമസിയാതെ അറസ്റ്റ് ചെയ്യപ്പെട്ട ശങ്കര്‍ജി മിസ പ്രകാരം ജയിലിലായി. അടിയന്തരാവസ്ഥ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനായത്.
പിന്നീട് കേരളത്തില്‍ പലയിടത്തും ജില്ലാ പ്രചാരകനായി അദ്ദേഹം പ്രവര്‍ത്തിച്ചു. വനവാസി വികാസ കേന്ദ്രത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശി എന്ന നിലയില്‍ അദ്ദേഹം ഏറെക്കാലം പ്രവര്‍ത്തിച്ചു. പിന്നീട് സംഘത്തിന്റെ പ്രാന്തീയ സഹവ്യവസ്ഥ പ്രമുഖ് സ്ഥാനം വഹിച്ചുകൊണ്ടിരിക്കെയാണ് കരള്‍ രോഗ ബാധിതനായത്. ഭക്ഷണ കാര്യത്തില്‍ കടുകിട തെറ്റാതെ സ്വയം പ്രഖ്യാപിത അച്ചടക്കം പിന്തുടര്ന്നിരുന്ന അദ്ദേഹത്തിന് കരള്‍ രോഗം ബാധിച്ചുവെന്നത് കേട്ടവര്‍ക്കെല്ലാം അത്ഭുതമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഹോട്ടല്‍-റസ്റ്ററന്റ് ഭക്ഷണം കഴിച്ചില്ലെന്ന റെക്കോഡിന് ഉടമയായിരുന്നു ശങ്കര്‍ജി.അദ്ദേഹത്തിന്റെ ഭക്ഷണക്രമങ്ങളിലെ കടുത്ത പത്ഥ്യങ്ങള്‍, എന്റെ ശ്രീമതി ഉള്‍പ്പെടെ അദ്ദേഹം കൂടെക്കൂടെ സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്തിരുന്ന വീടുകളില്‍ സുപരിചിതമായിരുന്നു.
താന്‍ സന്ദര്‍ശിക്കുന്ന വീടുകളിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍ ആ തോള് സഞ്ചിയില്‍ എപ്പോഴും എന്തെങ്കിലും സ്റ്റിക്കറുകള്‍ ഉണ്ടായിരുന്നു. അത് അദ്ദേഹത്തെ കുട്ടികളുടെ കളിത്തോഴനാക്കി മാറ്റി. അദ്ദേഹം അവര്‍ക്ക് ”സ്റ്റിക്കറങ്കിള്” ആയിരുന്നു. കേരളത്തില്‍ എവിടെ ഗൃഹ സന്ദര്‍ശനം നടത്തുമ്പോഴും ചെല്ലുന്ന വീടുകളിലെ അംഗങ്ങളുമായി അടുപ്പമുള്ള ആളുകളെ മനസ്സിലാക്കി അവര്‍ സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും മൂലയില്‍ താമസിച്ചവരാണെങ്കിലും അവര്‍ തമ്മിലുള്ള ബന്ധം ഇണക്കി എടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം അനിതര സാധാരണമായിരുന്നു.
ആരെയും പിണക്കാത്ത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമര്‍പ്പിത ജീവിതമായിരുന്നു ശങ്കര്‍ജിയുടേത്. ആരുമായും വഴക്കിടുകയോ മനസ്സില്‍ പക സൂക്ഷിക്കുകയോ ചെയ്യാത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ ഏറെ സ്വാതന്ത്ര്യമെടുത്ത് കെ.ജി. വേണുവേട്ടനും (കെ.ജി. വേണുഗോപാല്‍) എന്നെയും പോലുള്ളവര്‍ അദ്ദേഹത്തോട് കലഹിക്കുമായിരുന്നു. അതെല്ലാം അദ്ദേഹം ചെറുപുഞ്ചിരിയോടെ നേരിട്ടു. സംഘം, സംഘാദര്‍ശം എന്നിവയ്ക്ക് തുല്യമായി അദ്ദേഹത്തിനുണ്ടായിരുന്ന ഏക സ്വഭാവം ”മനുഷ്യത്വ”മായിരുന്നു. അത് പലപ്പോഴും ”കേരളത്തിന്റെ ഡോക്ടര്‍ജി”യായിരുന്ന ഭാസ്കര്‍റാവുജിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു.
സമര്‍പ്പണം എന്തെന്ന് സ്വജീവിതത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് കാണിച്ചുകൊടുത്ത ആദര്‍ശ സ്വയംസേവകനായിരുന്നു അദ്ദേഹം. ചിറ്റൂരില്‍ കുടുംബ സ്വത്തിന്റെ ഭാഗമായി കിട്ടിയ സ്ഥലവും വീടും അദ്ദേഹവും സംഘപ്രവര്‍ത്തകരും ചേര്‍ന്ന ഒരു ട്രസ്റ്റ് ആക്കിമാറ്റി. ഇന്ന് അത് ചിറ്റൂരിലെ സംഘപ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രമാണ്. നന്മ മാത്രം ചെയ്ത്, ഏതിലും നന്മ മാത്രം കണ്ട്, നന്മ മാത്രം ചിന്തിച്ച്, നന്മ നിറഞ്ഞ ജീവിതം നയിച്ച് വേദനകള്‍ ഏറ്റുവാങ്ങി മൃത്യുവിലേക്ക് നടന്ന് കയറിയ ശങ്കര്‍ജി എന്നും സ്വയംസേവകര്‍ക്ക് പ്രേരണാദായകനാണ്. സ്വയംസേവകനുവേണ്ട ഗുണങ്ങള്‍ എന്തെന്ന് പ്രസംഗിക്കുന്നതിനേക്കാള്‍ എളുപ്പമായിരുന്നു ശങ്കര്‍ജിയുടെ ജീവിതം പകര്‍ത്തുന്നത്. വരുംകാലങ്ങളില്‍ സംഘപ്രവര്‍ത്തനത്തില്‍ ചേരാന്‍ പോകുന്നവര്‍ക്കും അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്തകമായിരിക്കും.
ടി. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: