തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് എഴുതി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാരിനെ അപകീര്ത്തിപെടുത്താന് ശ്രമിക്കുന്നുവെന്നും തിരുത്തലിന് പ്രധാനമന്ത്രി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അന്വേഷണ ഏജന്‍സികള്‍ അതിരുവിടുന്നുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. നേരത്തേ നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തത്. ആദ്യഘട്ടത്തില്‍ അന്വേഷണ ഏജന്‍സിയെ പൂര്‍ണമായും ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്നീട് സര്‍ക്കാരിന്റെ പദ്ധതികളിലേക്കും ഉദ്യോഗസ്ഥരിലേക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) അന്വേഷണം നീണ്ടതോടെയാണ് അന്വേഷണ ഏജന്‍സികള്‍ വഴിതെറ്റിയാണ് അന്വേഷണം നടത്തുന്നതെന്ന ആരോപണവുമായി സംസ്ഥാനസര്ക്കരും മുഖ്യമന്ത്രിയും രംഗത്തെത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തുനല്‍കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഇഡിയെ കത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ, ന്യായമോ, മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് നടത്തുന്നതെന്ന് കത്തില്‍ പറയുന്നു. അഞ്ചുമാസം പിന്നിട്ടിട്ടും സ്വര്‍ണം അയച്ചവരെയോ, അത് ലഭിച്ചവരെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വിദേശത്തുള്ള പ്രതികളെന്നു സംശയിക്കുന്നവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ ഉത്തരവാദിത്വം നിര്‍വഹിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ ഇപ്പോള്‍ നടത്തുന്നതെന്നും കത്തിലുണ്ട്. രഹസ്യമൊഴി ചില ഉദ്യോഗസ്ഥര്‍ ചോര്‍ത്തിക്കൊടുത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: