കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് നല്കിയ ഹര്‍ജി തള്ളി. കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്യിലിന് ഹാജരായിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് തള്ളിയത്.
സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് സംഘം നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് രവീന്ദ്രന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. എന്നാല്‍ നോട്ടീസ് നല്‍കുന്നത് എങ്ങിനെയാണ് പീഡിപ്പിക്കുന്നത് ആകുന്നത്. രവീന്ദ്രന് എന്തിനെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ നാല് തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഓരോ തവണയും കൊറോണ രോഗ ബാധിതനാണെന്നും ഇതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും രവീന്ദ്രന് ഒഴിഞ്ഞിമാറുകയായിരുന്നു.
പിന്നീട് മെഡിക്കല്‍ ബോര്‍ഡ് എത്തി പരിശോധിക്കുകയും ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും മരുന്ന് കഴിക്കുകയും വിശ്രമിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം രവീന്ദ്രന് ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റും കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: