കരമന: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നെടുങ്കാട് വാര്‍ഡില്‍ സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ബിജെപിയുടെ ചരിത്രവിജയം. കരമനയില്‍ നിന്നും കഴിഞ്ഞ തവണ വിജയിച്ച കരമന അജിത്ത് 184 വോട്ടുകള്‍ക്ക് സിപിഎം മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന എസ്.പുഷ്പലതയെയാണ് പരാജയപ്പെടുത്തിയത്. കോര്പ്പറേഷന് ചരിത്രത്തില്‍ ഇതുവരെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാത്രം ജയിച്ചിട്ടുള്ള, അക്ഷരാര്‍ത്ഥത്തില്‍ തന്നെ ചെങ്കോട്ടയാണ് നെടുങ്കാട് വാര്‍ഡ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൗണ്‍സിലര്‍ എന്ന നിലയില്‍ കരമനയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ നെടുങ്കാടില്‍ തന്നെ തുണച്ചുവെന്ന് കരമന അജിത്ത് പറഞ്ഞു. നെടുങ്കാടിലെ എല്ലാ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
കഴിഞ്ഞ മൂന്ന് തവണയായി നെടുങ്കാട് വാര്‍ഡിനെ പ്രതിനിധീകരിച്ചു കൊണ്ടിരുന്ന പുഷ്പലതയുടെ തോല്‍വി സിപിഎമ്മിന് കനത്ത ആഘാതമാണ്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായ കരമന അജിത്തിന്റെ നാലാം മത്സരമായിരുന്നു ഇത്. കരമന വാര്‍ഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കരമന അജിത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും നെടുങ്കാട് വാര്‍ഡില്‍ തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം കൗണ്‍സിലറായിരുന്ന പുഷ്പലത നടത്തിയ കാര്യങ്ങളും തമ്മില്‍ താരതമ്യം ചെയ്ത നെടുങ്കാടിലെ ജനത സ്വാഭാവികമായും കരമന അജിത്തിനെ തന്നെ തെരഞ്ഞെടുത്തു. വികസനകാര്യത്തില്‍ ഇന്നും നെടുങ്കാട് പിന്നാക്കാവസ്ഥയിലാണ്.
നിലവിലെ കൗണ്‍സിലറോട് പാര്‍ട്ടിക്കാര്‍ക്ക് തന്നെ എതിര്പ്പുണ്ടായിരുന്നതു ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ജില്ലയില്‍ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച പോരാട്ടത്തില്‍ കരമന അജിത്ത് എന്ന കരമനയിലെ ജനകീയനായ കൗണ്‍സിലര്‍ ഇടതു കോട്ടയായ നെടുങ്കാടിലും ബിജെപിയുടെ പതാക പാറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: