രാജേഷ് ദേവ്
പേട്ട: കരിക്കകം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ഡി.ജി.കുമാരന്റെ വിജയം തലസ്ഥാനത്ത് സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയായി. സിപിഎമ്മിന്റെ എല്ലാവിധ രഹസ്യ അജണ്ടകളേയും ഭേദിച്ച് മേയര്‍ കെ. ശ്രീകുമാറിനെ പരാജയപ്പെടുത്തിയാണ് ബിജെപിയിലെ ഡി.ജി. കുമാരന് ഇടതുപക്ഷത്തെ ഞെട്ടിച്ചത്. തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചതു മുതല്‍ വിജയത്തിന് വേണ്ടി സിപിഎം പണം വാരിയൊഴുക്കിയിട്ടും മേയറെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പണത്തിനും വാഗ്ദാനങ്ങള്‍ക്കും അപ്പുറത്ത് വാര്‍ഡിലെ ജനങ്ങള്‍ ഡി.ജി. കുമാരനെ മുറുകെ പിടിക്കുകയായിരുന്നു.
116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേയര്‍ കെ. ശ്രീകുമാറിനെ ഡി.ജി. കുമാരന് പരാജയപ്പെടുത്തിയത്. 2372 വോട്ട് കെ. ശ്രീകുമാര്‍ നേടിയപ്പോള്‍ 2488 വോട്ട് കരസ്ഥമാക്കി കുമാരന് ബിജെപിയുടെ സീറ്റ് നിലനിര്‍ത്തുകയായിരുന്നു. മേയര്‍ക്കുണ്ടായ പരാജയം മന്ത്രി കടകംപളളി സുരേന്ദ്രനും തിരിച്ചടിയായി. ബന്ധുവായ ശ്രീകുമാറിനെ മേയറാക്കിയത് കടകംപള്ളിയുടെ ഇടപെടലാണെന്ന് ആരോപണമുണ്ടായിരുന്നു.
കാലങ്ങളായി സിപിഎം കുത്തകയായിരുന്ന കരിക്കകം വാര്‍ഡ് 2015 ല്‍ ബിജെപി പിടിച്ചപ്പോള്‍ എന്തുവന്നാലും തിരികെ പിടിക്കുമെന്ന വാശിയിലായിരുന്നു മന്ത്രിയും പാര്‍ട്ടിയും. എന്നാല്‍ അതിന്നലെ പാടെ തകര്‍ന്നു. ബിജെപി ജയിച്ചതിന്റെ പേരില്‍ റോഡ് വികസനം പറഞ്ഞ് റെയില്‍വെ പാലത്തിന് സമീപത്തെ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ ബ്ലോക്ക് ചെയ്ത് ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെളളം വരെ മുട്ടിച്ചു. പിന്നീട് ബിജെപിയുടെ പ്രതിഷേധത്തിലാണ് കുടിവെള്ള വിതരണം തുടങ്ങിയത്. ഈ ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങിയില്ല അവഗണനയെന്നതും ശ്രദ്ധേയമാണ്. ഇടറോഡുകളുടെ വികസനത്തിന് വേണ്ടി നഗരസഭ അനുവദിച്ച പല പദ്ധതികളും മന്ത്രി ഇടപെട്ട് വഴിയാധാരമാക്കി. സര്‍ക്കാര്‍ ഫണ്ടില്‍ റോഡ് നവീകരണം നടത്താമെന്ന് പറഞ്ഞായിരുന്നു തടസ്സങ്ങള്‍ സൃഷ്ടിച്ചത്. ഇതിനിടയില്‍ മന്ത്രി പദ്ധതിയില്‍ തുടങ്ങിയ ആറ്റുവരമ്പ് റോഡ് നവീകരണം വന്‍ അഴിമതിയിലേക്കും മാറി. 4.70 കോടി രൂപ റോഡ് നവീകരണ ചെലവായിരുന്നെങ്കിലും പദ്ധതി പ്രകാരം ശരിയായവിധത്തില്‍ നവീകരണം നടത്തിയില്ല. ഇതിനെല്ലാം വാര്‍ഡിലെ ജനങ്ങള്‍ കൊടുത്ത മറുപടിയായിരുന്നു കെ. ശ്രീകുമാറിന്റെ പരാജയം.
ഡി.ജി. കുമാരന് മൂന്നാം തവണയാണ് മത്സരിക്കുന്നത്. 1995 കടകംപളളി പഞ്ചായത്തിലേക്കായിരുന്നു ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് 18 വോട്ടിന് പരാജയം നേരിട്ടു. 2010 ല്‍ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 117 വോട്ടിന് പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ ഡി.ജി. കുമാരനെ വാര്‍ഡിലെ ജനങ്ങള്‍ ചേര്‍ത്ത് പിടിച്ചു. നാട്ടുകാരനെയാണ് ആവശ്യം, അല്ലാതെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കാനുള്ള നേതാവിനെയല്ലെന്ന് കാണിച്ച് വാര്‍ഡിലെ ജനങ്ങള്‍ വിധിയെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: