ഡോ. കെ. ജയപ്രസാദ്
തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി സമ്മിശ്രമായ ഒരു വികാരമാണ് ഒരു രാഷ്ട്രീയ നിരീക്ഷകന് ഉണ്ടാക്കുന്നത്. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ 2015ലെ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാണ് ഇക്കുറി ഉണ്ടായത്. ചില പരിക്കുകളോടെ ഇടതു വലതു മുന്നണികള്‍ സീറ്റു നിലയില്‍ ശക്തി നിലനിര്‍ത്തി എന്ന് വാദത്തിനുവേണ്ടി പറയാം. അതേ സമയം രണ്ടു മുന്നണികളുടെയും ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീണു. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിലെ താരം ബിജെപി നയിച്ച എന്‍ഡിഎ ആണ്. കേരള രാഷ്ട്രീയത്തിന്റെ ഗതിയെ നിര്‍ണയിക്കാന്‍ ബിജെപി പ്രാപ്തമായതിന്റെ തുടക്കമാണ് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇടതു വലതു മുന്നണികളുടെ മുഖ്യ ശത്രുവായി ബിജെപി ഉയര്‍ന്നുവന്നു എന്നുമാത്രമല്ല. ശക്തികേന്ദ്രങ്ങളില്‍ ബിജെപി കരുത്തു തെളിയിച്ചു.
മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ ബിജെപി
ഏതാണ്ട് ഒരുപോലെ നല്ല പ്രകടനം കാഴ്ചവച്ചു. 2015 ത്രിതല പഞ്ചായത്തിലും മുനിസിപ്പല്‍ കോര്‍പ്പറേഷനിലുമായി ബിജെപിയുടെ 1244 ജനപ്രതിനിധികളാണ് വിജയിച്ചത്. ഇത്തവണ അതില്‍ വന്‍ വര്‍ധനവാണുണ്ടായത്. പതിനാലു ഗ്രാമ പഞ്ചായത്തുകളിലും പാലക്കാടു നഗരസഭയിലുമാണ് ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ 2015ല്‍ കഴിഞ്ഞത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെ നൂറ് സീറ്റുകള്‍ ഉള്ളതില്‍ 34 സീറ്റുകള്‍ നേടി മുഖ്യ പ്രതിപക്ഷമായി മാറിയിരുന്നു. അതുകൊണ്ട് തന്നെ പാലക്കാട് ഭരണം നിലനിര്‍ത്തുകയും തിരുവനന്തപുരത്ത് അധികാരത്തിലേക്ക് വരേണ്ടതും ബിജെപിയുടെ മുഖ്യ ലക്ഷ്യമായിരുന്നു. സ്വാഭാവികമായും ബിജെപിയുടെ വിജയത്തെ എന്തുവിലകൊടുത്തും തടയുക എന്ന് എല്‍ഡിഎഫ്, യുഡിഎഫ് സംയുക്ത അജണ്ടയെ പരാജയപ്പെടുത്തുക എന്നതും ബിജെപിയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. അതില്‍ ബിജെപി വിജയിച്ചു എന്നതാണ് തെരഞ്ഞെടുപ്പിന്റെ പ്രസക്തി.
ബിജെപി പ്രകടനം പ്രതീക്ഷ നല്കുന്നു
പാലക്കാട് ബിജെപി അധികാരം നിലനിര്‍ത്തുകമാത്രമല്ല 24 സീറ്റുകളില്‍ നിന്നും 28 ആയി ഉയരുകയും ചെയ്തു. അതുപോലെ പന്തളം മുനിസിപ്പാലിറ്റി ഇടതുപക്ഷത്തുനിന്നും പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിലവിലുണ്ടായിരുന്ന 34 സീറ്റില്‍ നിന്ന് 35 ആയി ഉയര്‍ത്തി. നെയ്യാറ്റിന്‍കര, വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, മാവേലിക്കര, കോട്ടയം, ഏറ്റുമാനൂര്‍, തൊടുപുഴ, ചെങ്ങന്നൂര്‍, തൃപ്പൂണിത്തുര, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, ഷൊര്‍ണൂര്‍, മുക്കം, താനൂര്‍, തലശ്ശേരി, വടകര, കാസര്‍കോട് തുടങ്ങി നിരവധി മുനിസിപ്പാലിറ്റികളിലും വന്‍ ശക്തിയായി. എല്ലാ നഗരസഭകളിലും ബിജെപി പങ്കാളിത്തം വര്‍ധിച്ചു. 23ല്‍ അധികം ഗ്രാമപഞ്ചായത്തുകളില്‍ ഒറ്റയ്ക്കും നിരവധി പഞ്ചായത്തുകളില്‍ ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനവും ബിജെപിക്ക് ലഭിച്ചു.
കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ കണ്ണൂരിലും മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറത്തും കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായി മധ്യ തിരുവിതാംകൂറിലും ബിജെപിയുടെ മുന്നേറ്റം പ്രകടമായി. നിരവധി മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ആരു ഭരിക്കുമെന്ന് നിര്‍ണയിക്കുന്നത് ബിജെപിയായിരിക്കും. ബിജെപിയെ തോല്‍പ്പിക്കാന്‍ പാലക്കാട് ഇടതുപക്ഷ വോട്ടുകള്‍ യുഡിഎഫിനും തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫിന്റെ വോട്ട് ഇടതുപക്ഷത്തും തന്ത്രപരമായി പോള്‍ ചെയ്തു എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. തിരുവനന്തപുരത്തെ ബിജെപി വിജയം തടയാന്‍ കഴിഞ്ഞതും ഇടതുപക്ഷത്തിന് വിജയിക്കാന്‍ കഴിഞ്ഞതും ഈ അടവു നയത്തിന്റെ വിജയം കൊണ്ടായിരുന്നു.
ഇടതുപക്ഷ വിജയം എന്ന പ്രചരണം
ഇടതുപക്ഷം വന്‍ വിജയം നേടി എന്ന പ്രചരണമാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ഇതു വസ്തുതകള്‍ക്ക് എതിരാണ്. 2015ല്‍ ഇടതുപക്ഷത്തിന് 549 ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫിന് 2020ല്‍ അത് 516ന് താഴെയാണ്. അതുപോലെ യുഡിഎഫിന് 2015ല്‍ 365 ഗ്രാമപഞ്ചായത്തുകളിലെ ഭരണം ലഭിച്ചപ്പോള്‍ 2020ല്‍ അത് 375 ആയി ഉയര്‍ന്നു. സാധാരണ ഗതിയില്‍ ഇടതു പക്ഷമാണ് ഗ്രാമപഞ്ചായത്തുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ബിജെപി കൂടുതല്‍ കടന്നുകയറി എന്നതും ശ്രദ്ധേയമാണ്.
അഴിമതിയില്‍ മുങ്ങി നില്ക്കുന്ന രണ്ടു മുന്നണികളെയും ജനങ്ങള്‍ ഏതാണ്ട് ഒരുപോലെ തന്നെയാണ് കാണുന്നത്. 1977ല്‍ അടിയന്തരാവസ്ഥയ്ക്കെതിരായ വിധി എഴുത്തിലും 1989ല്‍ ബോഫോഴ്സ് അഴിമതികളിലെ വിഷയമായ ലോക്സഭാ തെരഞ്ഞെടുപ്പിലും 1996ലെ നരസിംഹറാവുവിന്റെ ഭരണത്തിനെതിരായി രാജ്യം വിധി എഴുതിയപ്പോഴും 2014ലെ വിധിയെഴുത്തിലും കേരളം പുറം തിരിഞ്ഞു നിന്നു. 1965ല്‍ ചൈനയെ പിന്തുണച്ച കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുത്തതും ദേശീയ വീക്ഷണത്തിന്റെ അഭാവമായിരുന്നു. പ്രാദേശിക പ്രശ്നങ്ങളില്‍ ജനങ്ങല്‍ കൂടുതല്‍ ശ്രദ്ധിച്ചു എന്നാണ് ഈ തെരഞ്ഞെടുപ്പു സൂചിപ്പിക്കുന്നത്.
ഒരു തിരുത്തല്‍ ശക്തിയായി കേരള രാഷ്ട്രീയത്തിന് ദിശാബോധം നല്കാന് ബിജെപിക്ക് വലിയ ഉത്തരവാദിത്വമുണ്ട്. കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ തയാറെടുക്കേണ്ടതുണ്ട്. അതാണ് ഇന്നത്തെ ആവശ്യം. ചുരുക്കത്തില്‍ 2020ലെ തെഞ്ഞെടുപ്പില്‍ ബിജെപിയാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: