കോഴിക്കോട്: കാരാട്ട് ഫൈസല്‍ മത്സരിച്ച് വിജയിച്ച വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു കാരാട്ട് ഫൈസല്‍ ഇത്തവണ മത്സരിച്ചത്. ഇടത് സ്വതന്ത്രനായാണാണ് ആദ്യം മത്സരരംഗത്ത് വന്നതെങ്കിലും സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ എല്‍ഡിഎഫ് പിന്തുണ പിന്‍വലിക്കുകയായിരുന്നു.
പിന്നീട് ഇടത് സ്ഥാനാര്‍ഥിയായി ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ പ്രഖ്യാപിച്ചു. 568 വോട്ടുകള്‍ നേടി ഫൈസല്‍ വിജയിച്ചപ്പോള്‍ ജനവിധി തേടിയ അബ്ദുല്‍ റഷീദിന് ഒരുവോട്ടു പോലും സ്വന്തമാക്കാനായില്ല. ഇടതിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ അബ്ദുള്‍ റഷീദിന് വേണ്ടി കാര്യമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളൊന്നും ഇക്കുറി നടന്നിരുന്നില്ല.
495 വോട്ടുകള്‍ നേടിയ മുസ്ലിം ലീഗിന്റെ കെ കെ എ കാദറാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. ചൂണ്ടപ്പുറം വാര്‍ഡില്‍ എന്‍ഡിഎയ്ക്കുവേണ്ടി പോരാട്ടത്തിന് ഇറങ്ങിയ പി ടി സദാശിവന് 50 വോട്ടുകള്‍ നേടി. കാരാട്ട് ഫൈസലിന്റെ അപരനായ കെ ഫൈസലിന് ഏഴു വോട്ടുകള്‍ കിട്ടി. നഗരസഭയില്‍ 13 സീറ്റുകള്‍ യുഡിഎഫ് നേടി. 15 ഇടത്ത് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് നാല് വാര്‍ഡുകളില്‍ ജയിച്ചപ്പോള്‍ നാലിടത്ത് മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: