വെള്ളരിക്കുണ്ട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ ദിവസമായ ഇന്ന് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വീകരണ പരിപാടികളും നിരോധിച്ചതായി വെള്ളരിക്കുണ്ട് സി ഐ കെ. പ്രേംസദന് അറിയിച്ചു.
ബൈക് റാലി, തുറന്ന വാഹനത്തില്‍ വിജയിച്ചവരെ ആനയിക്കല്‍, കൂട്ടം കൂടിയുള്ള സ്വീകരണം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണം ബാധകമാണ്. കൊവിഡ് പ്രോടോക്കോള് എല്ലാവരും പാലിക്കണം. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ ഒരിടത്തും കൂട്ടം കൂടിനില്ക്കുവാന് പാടില്ല.
വോടെണ്ണല്‍ കേന്ദ്രമായ പരപ്പ ഗവ. ഹയര്‍ സെകന്‍ഡറി സ്കൂള്‍ പരിസരത്ത് സ്ഥാനാര്‍ത്ഥികളും അവരുടെ കൗണ്ടിങ് ഏജന്റ്മാരും ഇലക്ഷന് കമ്മീഷന് നല്കിയ പാസ് ഉള്ളവരും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അല്ലാത്തവരെ കണ്ടെത്തിയാല്‍ പോലീസ് പിടികൂടുമെന്നും കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും സി ഐ അറിയിച്ചു.
പോലീസ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ ജ്യാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആയിരിക്കും കേസെടുക്കുകയെന്നും പ്രവര്‍ത്തകരെ ഇത് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കടമ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ആയിരിക്കുമെന്നും അനാവശ്യ വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പിടിച്ചെടുക്കുമെന്നും പോലീസിനോട് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായും സഹകരിക്കണമെന്നും വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന് അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മലയോര പ്രദേശങ്ങളില്‍ ക്രമ സമാധാനം ഉറപ്പ് വരുത്തുവാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമുണ്ട്. ഇതിനായി ഡിവൈഎസ്പി സതീഷ് ആലക്കലിന്റെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: