മാധ്യമ പ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ അപകട മരണം സംശയങ്ങള്‍ക്ക് വഴിവച്ചത് സ്വാഭാവികം. അത് അപകടമാണെന്ന് ഉറപ്പിക്കാവുന്ന സാഹചര്യമായിരുന്നില്ല. വീതിയുള്ള റോഡില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലാതെ സഞ്ചരിച്ചിരുന്ന പ്രദീപിന്റെ സ്കൂട്ടറില്‍ ഒരേ ദിശയില്‍ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറിന് കാര്യമായ തകരാറൊന്നും പറ്റിയില്ല. റോഡില്‍ തെറിച്ചുവീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അത്രയൊന്നും ഗുരുതരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെടുമായിരുന്നു എന്നു വേണം കരുതാന്‍. ലോറി നിയന്ത്രണം വിട്ട് പ്രദീപിന്റെ സ്കൂട്ടറില്‍ ഇടിച്ചതുമല്ല. സ്വാഭാവികമായ അപകടമായിരുന്നെങ്കില്‍ ഇടിച്ച വണ്ടി നിര്‍ത്തണമായിരുന്നു. വാഹനങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കണ്ടെടുക്കാന്‍ വൈകിയതും സംശയങ്ങള്‍ക്ക് ഇട നല്കി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതാണ് ഇതിന് കാരണം. അധികൃതരുടെ വലിയ അനാസ്ഥയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രദീപിന്റെ ജീവനെടുത്ത ലോറി തിരിച്ചറിഞ്ഞ് പിടിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നു. ഇടിച്ച വാഹനം ഇന്നലെ ഉച്ചയോടെ കണ്ടെത്തുകയും ഡ്രൈവര്‍ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. അപകട മരണമെന്ന രീതിയിലാണ് അന്വേഷണം നീങ്ങുന്നതെങ്കിലും ദുരൂഹതകള്‍ അവശേഷിക്കുക തന്നെയാണ്.
മാധ്യമ പ്രവര്ത്തകന് എന്ന നിലയ്ക്ക് പ്രദീപിന് നിരവധി ശത്രുക്കളുണ്ടായിരുന്നതായാണ് അറിയുന്നത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പ്രദീപ് പറഞ്ഞിട്ടുള്ളതായി വീട്ടുകാരും വെളിപ്പെടുത്തുന്നു. ഒട്ടേറെ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രദീപ് തനിക്ക് ബോധ്യമുള്ള കാര്യങ്ങള്‍ ധീരമായി പറയുന്ന ശീലക്കാരനായിരുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കോ ഒത്തുതീര്‍പ്പിനോ വഴങ്ങിയില്ല. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ലൈംഗികാപവാദ കേസില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം നിലയ്ക്ക് കേസിനു പോവുകവരെ ചെയ്തിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളിലെ ജോലി ഉപേക്ഷിച്ച് പല ഓണ്‍ലൈന്‍ മാധ്യമങ്ങളുമായും സഹകരിച്ചിരുന്ന പ്രദീപ്, ഏറ്റവുമൊടുവില്‍ ‘ഭാരത് ലൈവ്’ എന്ന യുട്യൂബ് ചാനല്‍ ആരംഭിച്ച് അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ ചാനല്‍ വഴി പല വെളിപ്പെടുത്തലുകളും നടത്തിയത് ചിലരെയൊക്കെ അസ്വസ്ഥരാക്കി. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നവര്‍ ആരോപണ വിധേയരായ സ്വര്‍ണ കള്ളക്കടത്തു കേസില്‍ ശക്തമായി ഉന്നയിച്ച ചില ആരോപണങ്ങള്‍ ഭരണ സിരാകേന്ദ്രത്തിലേക്കാണ് വിരല്‍ചൂണ്ടിയത്.
പ്രദീപിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശക്തമായി അന്വേഷണം നടത്തുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയത്. ഇതൊന്നും ജനങ്ങള്‍ മുഖവിലക്കെടുക്കണമെന്നില്ല. മാധ്യമപ്രവര്‍ത്തകരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന സര്‍ക്കാരാണിത്. തലസ്ഥാനത്ത് രണ്ടാമത്തെ തവണയാണ് മാധ്യമ പ്രവര്ത്തകന് ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്. ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന്റെ കാറിടിച്ച് ബഷീര്‍ എന്ന മാധ്യമപ്രവര്ത്തകന് മരിച്ചത് മാസങ്ങള്‍ക്കു മുന്‍പാണ്. ഈ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കാര്‍ വിമര്‍ശിക്കപ്പെട്ടു. അപകട മരണത്തിന്റെ രൂപത്തില്‍ എതിരാളികളെ കൊലപ്പെടുത്തുന്ന രീതി കേരളത്തിന് അപരിചിതമല്ല. അതുകൊണ്ട് പ്രദീപിന്റെ അപകട മരണത്തിനു പിന്നിലെ ദുരൂഹത നീങ്ങണമെങ്കില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണം. പ്രദീപിന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന രീതിയിലുള്ള ചില പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ അനുകൂലികളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ഈ രാഷ്ട്രീയ പക്ഷപാതം അന്വേഷണത്തെ ഒരു വിധത്തിലും സ്വാധീനിക്കാന്‍ പാടില്ല. സ്വാഭാവികമായ അപകടമരണമെന്ന് കരുതിയിരുന്ന പലതും അതിവിദ്ഗദ്ധമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങളാണെന്ന് തെളിഞ്ഞ ചരിത്രമുണ്ടല്ലോ. അതുകൊണ്ട് ശരിയായ അന്വേഷണം നടത്തി എത്രയും വേഗം സത്യം പുറത്തുകൊണ്ടുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: