പാരീസ്: ബാലണ്‍ ഡി ഓര് ഡ്രീം ടീമിനെ പ്രഖ്യാപിച്ച് ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന്. എക്കാലത്തെയും മികച്ച താരങ്ങളെ കോര്‍ത്തിണക്കി സ്വപ്ന ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷന്. കൊറോണയുടെ പശ്ചാത്തലത്തില്‍ പല മത്സരങ്ങളും ഒഴിവാക്കിയതിനാല്‍ മികച്ച താരത്തിനുള്ള ബാലന് ഡി ഓര് പുരസ്കാരം ഇത്തവണ നല്‍കുന്നില്ല. ഇതിന് പകരമാണ് സ്വപ്ന ടീമിനെ പ്രഖ്യാപിച്ചത്.
ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും മുതല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വരെ ടീമില്‍ ഇടം നേടി. 3-4-3 ക്രമത്തിലാണ് ടീമിനെ ഒരുക്കിയിരിക്കുന്നത്. ബ്രസീലിന്റെ റൊണാള്‍ഡോയാണ് സെന്റര്‍ സ്ട്രൈക്കറായി ടീമിലെത്തിയത്. ഇടതും വലതും ആധുനിക കാലത്തെ മികച്ച താരങ്ങളായ റൊണാള്‍ഡോയും മെസിയുമുണ്ട്. മൂവരും തമ്മില്‍ 13 ബാലന് ഡി ഓര് പുരസ്കാരങ്ങളാണ് പങ്കിടുന്നത്. ബാഴ്സലോണക്കായി 642 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. ഒരു ഗോള്‍ കൂടി നേടിയാല്‍ പെലെക്കൊപ്പം ഒരു ക്ലബ്ബിനായി കൂടുതല്‍ ഗോള്‍ നേടുന്ന താരമാകാം. മറുവശത്ത് ക്ലബ്ബിനും രാജ്യത്തിനുമായി 754 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്.
ഫിഫ ലോകകപ്പുകളില്‍ കിരീട നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച താരങ്ങളാണ് പെലെയും മറഡോണയും. മധ്യനിരയിലാണ് ഇരുവരുടെയും സ്ഥാനം. ജര്‍മനിയുടെ ലോതര്‍ മത്തേവൂസും സ്പാനിഷ് താരം സാവിയും മധ്യനിരയില്‍ ഇടം നേടി. ബ്രസീലിന്റെ കഫുവും ജര്‍മനിയുടെ ബെക്കന്‍ ബോവറും ഇറ്റലിയുടെ പാവ്ലോ മാള്‍ഡിനിയും സ്വപ്ന ടീമില്‍ പ്രതിരോധം തീര്‍ക്കും. റഷ്യന്‍ താരം ലെ യാഷിനാണ് ഗോള്‍കീപ്പര്‍.
ബാലന് ഡി ഓര് ഡ്രീം ടീം: ലെ യാഷിന് (ഗോള്‍കീപ്പര്‍, റഷ്യ), പ്രതിരോധം: കഫു (ബ്രസീല്‍), ബെക്കന്‍ ബോവര്‍ (ജര്‍മനി), പാവ്ലോ മാള്‍ഡീനി (ഇറ്റലി), മധ്യനിര: ലോതര്‍ മാത്തേവൂസ് (ജര്‍മനി), സാവി (സ്പെയ്ന്‍), പെലെ (ബ്രസീല്‍), മറഡോണ (അര്‍ജന്റീന), മുന്നേറ്റം: ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), ലയണല്‍ മെസി (അര്‍ജന്റീന), റൊണാള്‍ഡോ (ബ്രസീല്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: