സിദ്ദി ജൗഹറിന്റെ ചാരന്മാര് സേനാ ശിബിരത്തിലേക്കോടി മസൂദിനെ വിവരം ധരിപ്പിച്ചു. ശിവാജി കോട്ടയില്‍നിന്നും വിശാലദുര്‍ഗത്തിന്റെ വഴിയില്‍ ഓടിക്കൊണ്ടിരിക്കുന്നു എന്നറിയിച്ചു. ശിവാജി ഒളിച്ചോടി! ആയിരം തേള് കുത്തിയ അനുഭവമായിരുന്നു സിദ്ദിക്ക്. കണ്ണില്‍ ഇരുട്ട് കയറി. ആദില്‍ശാഹ എന്തു പറയും എന്നോര്‍ത്ത് ജൗഹറിന്റെ ശരീരം വിറച്ചുതുടങ്ങി.
പെട്ടെന്ന് സ്വയം നിയന്ത്രിച്ച് തന്റെ മകളുടെ ഭര്‍ത്താവായ സിദ്ദി മസൂദിനെ ശിവാജിയെ പിടിക്കാനയച്ചു. അയാളുടെ കൂടെ രണ്ടായിരം കുതിരപ്പടയും ആയിരം കാലാള്‍പ്പടയും ആ കൂരിരുട്ടില്‍ യാത്ര തിരിച്ചു. ചാരന്മാര് കാട്ടിയ വഴിയെ വിശാലഗഢിന്റെ മാര്‍ഗത്തില്‍ ഓടാനാരംഭിച്ചു. ഘോരവനത്തില്‍ കൂരിരുട്ടില്‍ മഴയത്ത് ചെളിനിറഞ്ഞ മാര്‍ഗത്തില്‍ വീണും എഴുന്നേറ്റും അവര്‍ മുന്നോട്ടു നീങ്ങി. സിദ്ദി മസൂദും ഭാര്യാപിതാവിനെപ്പോലെതന്നെ സാഹസിയായ സര്‍ദാര്‍ ആയിരുന്നു.
ആകാശത്ത് ഒരു മിന്നല്‍പ്പിണരുണ്ടായി. അപ്പോള്‍ അങ്ങകലെ വൃക്ഷക്കൂട്ടത്തില് മാവളിസൈനികര് ശിവാജിയുടെ പല്ലക്കും ചുമന്ന് ഓടുന്നത് അവര്‍ കണ്ടു. സിദ്ദിമസൂദിന്റെ പഠാണി സൈനികര്‍ പെട്ടെന്നു തന്നെ പല്ലക്കിനെ ആക്രമിച്ചു. സിദ്ദിമസൂദ് നില്ക്കൂ എന്നാജ്ഞാപിച്ചു. പല്ലക്കു ചുമക്കുന്നവര്‍ നിന്നു. അകത്താരാ എന്ന് സിദ്ദി മസൂദിന്റെ ചോദ്യത്തിന് പരിഭ്രമത്തോടെ സൈനികര്‍ പറഞ്ഞു ശിവാജി.
അതീവ സന്തോഷത്തോടെ മസൂദ് സ്വഗതമായി മനസ്സില്‍ പറഞ്ഞു, ഇന്നുവരെ അഫ്സല്‍ഖാന്‍, ഫാജല്‍ഖാന്‍, രുസ്തും-ഇ-ജമാല്‍, സ്വയം സിദ്ദി ജൗഹര്‍ എന്നിവര്‍ക്ക് സാധിക്കാത്ത കാര്യം ഞാന്‍ സാധിച്ചിരിക്കുന്നു എന്നഭിമാനിച്ചു. അത് സ്വാഭാവികമാണുതാനും.
പല്ലക്കോടുകൂടി മാവളി സൈനികരെ ബന്ധനസ്ഥരാക്കി തന്റെ അമൂല്യമായ സമ്മാനം ശ്വശുരനു സമര്‍പ്പിച്ചു. തന്റെ ജാമാതാവ് ഏതാനും മണിക്കുറുകള്‍ കൊണ്ട് ശിവാജിയെ ബന്ധനസ്ഥനാക്കിക്കൊണ്ടു വന്നതറിഞ്ഞ് സിദ്ദിജൗഹറിന് സന്തോഷവും തന്റെ ജാമാതാവില്‍ അഭിമാനവും തോന്നി. ശിവാജി ബന്ധനസ്ഥനാക്കപ്പെട്ട വിവരം സൈന്യത്തില്‍ മുഴുവന്‍ വ്യാപിച്ചു. എല്ലായിടവും ആനന്ദസാഗരത്തിന്റെ തിരകള്‍ അലയടിച്ചു. പല്ലക്ക് ചുമന്നവര്‍ സിദ്ദി ജൗഹറിന്റെ മുന്നില്‍ പല്ലക്ക് താഴ്ത്തുവച്ചു.
അകത്ത് ഗൗരവത്തോടുകൂടി ഇരുന്ന ശിവാജി പുറത്തുവന്നു. മാവളി സൈനികര്‍ വലിയ ആദരവ് പ്രകടിപ്പിച്ചു. ശിബിരത്തിലുള്ള സര്‍ദാര്‍മാരും സുബേദാര്‍മാരും മറ്റും ശിവാജിയെ കാണാന്‍ ഔത്സുക്യത്തോടെ ചുറ്റിലും വന്നുനിന്നു. ഇതില്‍ ചിലര്‍ ശിവാജിയെ അടുത്തുനിന്നു കണ്ടവരും ഉണ്ടായിരുന്നു. ചിലര്‍ക്ക് സംശയം തോന്നി. ഇത് മറ്റാരോ ആണ് എന്ന്. ഇതിനെത്തുടര്‍ന്ന് ശിവാജിയെ വിസ്തരിക്കാന്‍ ആരംഭിച്ചു. അതില്‍നിന്നും ഇത് ശിവാജി അല്ല, പന്‍ഹാളകോട്ടയിലെ ശിവാജി എന്നു പേരുള്ള ഒരു ക്ഷുരകന് (ബാര്‍ബര്‍) ആണെന്ന് മനസ്സിലായി.
ഹേ ഖുദാ! സിദ്ദിജൗഹറും സിദ്ദിമസൂദും മറ്റ് സൈനിക പ്രമുഖന്മാരുടെയും സ്ഥിതി പറഞ്ഞറിയിക്കാവുന്നതല്ല ഊഹിക്കാവുന്നതാണ്. രോഷാകുലനായ സിദ്ദി മസൂദ് പല്ലുകടിച്ചുകൊണ്ട് വീണ്ടും വിശാലദുര്‍ഗത്തിന്റെ ഭാഗത്തേക്കു പാഞ്ഞു, പിറകെ തന്റെ സൈനികരും. ശിവാജിയുടെ പല്ലക്കുമായി മാവളി സൈനികര്‍ സര്‍വ്വശക്തിയുമുപയോഗിച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞു. സ്വരാജ്യത്തിന്റെയും രാജാവിന്റെയും പ്രാണന് നമ്മുടെ കാലിന്റെ ബലത്തിലാണ് നില്ക്കുന്നതെന്നറിയാവുന്ന അവര്‍ പറക്കുകയായിരുന്നു. കൃത്രിമ ശിവാജിയുടെ തന്ത്രമുപയോഗിച്ച് കുറച്ചുസമയം ലഭിച്ചെങ്കിലും സത്യം മനസ്സിലാക്കിയാല്‍ ശത്രു പിന്തുടരുമെന്ന് അവര്‍ക്ക് നന്നായറിയാമായിരുന്നു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: