തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനോട് മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടിസ് നല്കി. ഇത് നാലാം തവണയാണ് ഇഡി നോട്ടിസ് നല്‍കുന്നത്. വ്യാഴാഴ്ച രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം ആറ്, 27, ഈ മാസം 10 എന്നീ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി എം രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും കോവിഡ് ബാധയും അനുബന്ധ അസ്വസ്ഥതകളും ചൂണ്ടിക്കാട്ടി മൂന്നു തവണയും ഹാജരായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് ലഭിച്ചിരിക്കെ ചൊവ്വാഴ്ച വൈകിട്ട് സി എം രവീന്ദ്രന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് ഈ മാസം 11ന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു. വിദഗ്ധ പരിശോധനയിലും ഗുരുതര പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നില്ല. കഴുത്തിലെ ഡിസ്ക്കിന് ചെറിയ പ്രശ്നമുണ്ടെങ്കിലും ശസ്ത്രക്രിയയോ ഫിസിയോ തെറാപ്പിയോ ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല. ഗുളികകള്‍ കഴിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരാഴ്ച വിശ്രമിക്കണമെന്നും നിര്‍ദേശമുണ്ട്.
നോട്ടിസ് ലഭിച്ചതിനു പിന്നാലെ എന്‍ഫോഴ്സ്മെന്റ് നീക്കങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സി എം രവീന്ദ്രന് ഹൈക്കോടതിയെ സമീപിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും പ്രതിയല്ലെന്നും കസ്റ്റഡിയില്‍ എടുക്കുന്നത് തടയണണെന്നും ഹര്‍ജിയില്‍ പറയുന്നു. ചോദ്യം ചെയ്യല്‍ വേളയില്‍ അഭിഭാഷകനെ അനുവദിക്കണമെന്നും ഹര്‍ജിയിലുണ്ട്. ഇഡി തുടര്‍ച്ചയായി നോട്ടിസ് അയച്ചു ബുദ്ധിമുട്ടിക്കുയാണെന്നും സി എം രവീന്ദ്രന് ആരോപിക്കുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: