കൊല്ലം: പാട്ടത്തുകയിലെ കുടിശിക അടച്ചു ക്വയിലോണ്‍ അത് ലറ്റിക് ക്ലബ്ബ് (ക്യൂഎസി) തുറന്നു. ശതാബ്ദി നിറവില്‍ എത്തിയ ക്യൂഎസി അഞ്ച് ദിവസം മുന്‍പാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ജപ്തി ചെയ്തത്.
ക്യൂഎസിയുടെ പേരില്‍ സര്‍ക്കാര്‍ അളന്ന് അതിര്‍ത്തി നിര്‍ണയിച്ച് നല്കിയ 64.5 സെന്റ് വസ്തുവിന്റെ 1985 മുതലുള്ള പാട്ട കുടിശ്ശിഖയായ 62,96200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കൊല്ലം തഹസീല്‍ദാര്‍ക്ക് ക്യൂഎസി പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് നല്‍കുകയും തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ക്ലബ് തുറന്നു നല്‍കുകയായിരുന്നു.
കൊറോണയെ തുടര്‍ന്ന് പൂട്ടിയിട്ടിരുന്ന ക്ലബ് ഒരാഴ്ച്ച മുമ്പാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ഇതിനിടെയാണ് സര്‍ക്കാറില്‍ പാട്ടകുടിശിക അടയ്ക്കാത്തതിനാല്‍ റവന്യൂ വകുപ്പ് താഴിട്ടത്. ലോക്ഡൗണിനെ തുടര്‍ന്ന് ക്ലബ്ബിന്റെ പ്രവര്‍ത്തനം നിലച്ച സ്ഥിതിയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ക്ലബ് ഭാരവാഹികള്‍ക്ക് വകുപ്പ് മേധാവികള്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ സാവകാശം തേടി സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടാവാത്തതിനാല്‍ ജപ്തി നടപടികള്‍ നടക്കുകയായിരുന്നു.
ക്ലബ്ബിന്റെ വാദം കേള്‍ക്കാതെയുള്ള ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കായിക സാംസ്കാരിക മേഖലയില്‍ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി തവണ പണം കണ്ടെത്താന്‍ ക്യൂഎസി മൈതാനം സൗജന്യമായി വിട്ടു നല്‍കിയിരുന്നു.
ഇതിനായി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ച്ചയാണ് ജപ്തി നടപടികള്‍ക്ക് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: