ചെന്നൈ : തമിഴ്നാട്ടില്‍ ഏറ്റവും വലിയ സ്കൂട്ടര്‍ നിര്‍മാണ ഫാക്ടറി നിര്‍മിക്കാന്‍ ഒരുങ്ങി ഒല. 2,400 കോടി ഡോളര്‍ ചെലവില്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കാനാണ് പദ്ധതി. ഇത് നടപ്പിലാകുന്നതോടെ രാജ്യം ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാണ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം രാജ്യത്ത് പതിനായിരത്തോളം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടും. കൊറോണ പ്രതിസന്ധിയില്‍ നില്ക്കുമ്പോള് ഇത് ആശ്വാസമായേക്കുമെന്നാണ് കരുതുന്നത്.
അടുത്തുതന്നെ ഒല ഇലക്ട്രിക് സ്കൂട്ടര്‍ ഇറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഒല കമ്പനി തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തി രാജ്യത്തെ പ്രധാന ഉത്പ്പാദക കേന്ദ്രമാക്കി മാറ്റിയെടുക്കാനാണ് തീരുമാനം. ഇവിടെ ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ യൂറോപ്യന്‍, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ മാര്‍ക്കറ്റുകളിലേക്ക് കയറ്റി അയയ്ക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇത് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അനായാസം മാറ്റിയെടുക്കാവുന്നതും, ഊര്‍ജസാന്ദ്രതയേറിയതുമായ ബാറ്ററിയോടെയുള്ള ഇലക്ട്രിക് സ്കൂട്ടറാണ് ഓല പുറത്തിറക്കുന്നത്. കമ്പനി വികസിപ്പിക്കുന്ന ഈ സ്കൂട്ടറിന് ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരം വരെ ഓടാന്‍ സാധിക്കും. നിലവില്‍ നെതര്‍ലാന്‍ഡില്‍ നിര്‍മിച്ച സ്കൂട്ടര്‍ ഇന്ത്യയിലും യൂറോപ്പിലുമായി വിറ്റഴിക്കാനാണ് കമ്പനി കണക്കു കൂട്ടുന്നത്.
പെട്രോള്‍ സ്കൂട്ടറുകളുമായുള്ള താരതമ്യം ചെയ്യുമ്പോള്‍ തികച്ചും മത്സരക്ഷമമായ വിലകളില്‍ ഇ സ്കൂട്ടര്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. ആദ്യ വര്‍ഷത്തില്‍ ഒരു ദശലക്ഷം ഇ- സ്കൂട്ടറുകളുടെ വില്‍പ്പനയാണ് ഓല ശ്രമിക്കുന്നതെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ നല്കുന്ന സൂചന.
വാഹനങ്ങളുടെ പ്രാരംഭ ബാച്ചുകള്‍ നെതര്‍ലാന്‍ഡിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് നീക്കം. പ്രാദേശിക ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റുന്നതിനാവും തമിഴ്നാട്ടിലെ പ്ലാന്റ് ഉപയോഗിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: