കൊല്ലം: പവിത്രേശ്വരം പഞ്ചായത്തിലെ ഗുണഭോക്തൃസമിതി നിഷേധിച്ച കുടിവെള്ള കണക്ഷന് ചെറുപൊയ്ക സ്വദേശിക്ക് നല്കാന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
സര്‍ക്കാര്‍ പദ്ധതി സ്വകാര്യവ്യക്തികള്‍ അട്ടിമറിക്കുന്നതായി കമ്മീഷന് പരാതി ലഭിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ആരംഭിച്ച കുടിവെള്ള പദ്ധതി ഗുണഭോക്തൃസമിതി എന്ന പേരില്‍ സ്വകാര്യവ്യക്തികള്‍ കൈകാര്യം ചെയ്യുന്നത് സര്ക്കാര്പണത്തിന്റെ ദുരുപയോഗമാണെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ചൂണ്ടിക്കാട്ടി. പവിത്രേശ്വരത്ത് പ്രവര്‍ത്തിക്കുന്ന നിള കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള കണക്ഷനാണ് ചെറുപൊയ്ക സ്വദേശി എസ്. രാജശേഖരന് നിഷേധിച്ചത്. എല്ലാ ജനങ്ങള്‍ക്കും തുല്യ അവകാശത്തോടെ പദ്ധതി ലഭ്യമാക്കണമെന്ന് കമ്മീഷന് പവിത്രേശ്വരം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
പദ്ധതിയില്‍ പഞ്ചായത്തിന് നേരിട്ട് നിയന്ത്രണാധികാരങ്ങള്‍ ഇല്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി നേരത്തെ പറഞ്ഞത്. എന്നാല്‍ 2003-2004 കാലഘട്ടത്തില്‍ ജില്ലാപഞ്ചായത്ത് പവിത്രേശ്വരം പഞ്ചായത്ത് മുഖേനയാണ് പദ്ധതി നടപ്പാക്കിയതെന്ന് കമ്മീഷന് കണ്ടെത്തി. കുഴല്‍കിണറും മോട്ടോറും സ്ഥാപിച്ചത് ജില്ലാ പഞ്ചായത്താണ്. ഇത് തകരാറായപ്പോള്‍ ബി. രാഘവന് എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ചാണ് നന്നാക്കിയത്. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടാന്‍ കമ്മീഷന് പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചത്. ശുദ്ധമായ കുടിവെള്ളം മൗലികാവകാശമാണെന്ന സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധി കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: