കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കൊല്ലം ആര്‍ക്കൊപ്പമെന്ന് നാളെ അറിയാം. രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളാണ്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഫലസൂചന ഏത് മുന്നണിക്ക് അനുകൂലമെന്ന് വ്യക്തമാകും. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ പതുക്കയേ എണ്ണുകയുള്ളൂ. അതിനാല്‍ തന്നെ ഫലം പുറത്തുവരാനും വൈകും. ഏതാണ്ട് ഉച്ചയോടെ കൃത്യമായ ഫലസൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജില്ലയില്‍ ആകെ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. കൊല്ലം കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളിലേക്ക് പോള്‍ ചെയ്യപ്പെട്ട വോട്ടുകള്‍ എണ്ണുക തേവള്ളി ഗവ മോഡല്‍ ബോയ്സ് എച്ച്എസ്എസിലാണ്. ഇവിടെ തന്നെയാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുകളും എണ്ണുന്നത്.
ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ 11 കേന്ദ്രങ്ങളിലായി നടക്കും. ഓച്ചിറയിലേത് ഗവ മോഡല്‍ എച്ച്എസ്എസ് കരുനാഗപ്പള്ളിയിലും ശാസ്താംകോട്ടയിലേത് ഗവ എച്ച്എസ്എസ് ശാസ്താംകോട്ടയിലും വെട്ടിക്കവലയിലേത് ഗവ മോഡല്‍ എച്ച്എസ്എസ് വെട്ടിക്കവലയിലും പത്തനാപുരത്തേത് സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്തനാപുരത്തും അഞ്ചലിലേത് ഗവ എച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റിലും കൊട്ടാരക്കരയിലേത് ഗവ എച്ച്എസ്എസ്, വിഎച്ച്എസ്എസ് കൊട്ടാരക്കരയിലും ചിറ്റുമലയിലേത് എംജിഡി ബോയ്സ് എച്ച്എസ്എസ് കുണ്ടറയിലും ചവറയിലേത് ഗവ എച്ച്എസ്എസ് ശങ്കരമംഗലത്തും മുഖത്തലയിലേത് മീനാക്ഷിവിലാസം ഗവ വിഎച്ച്എസ്എസ് പേരൂരും ചടയമംഗലത്തേത് എന്‍എസ്എസ് കോളേജ് നിലമേലും ഇത്തിക്കരയിലേത് ഗവ വിഎച്ച്എസ്എസ് ചാത്തന്നൂരുമാണ് എണ്ണുക.
പരവൂര്‍ മുനിസിപ്പാലിറ്റിയിലേത് കോട്ടപ്പുറം ഗവ എല്‍പിഎസിലും പുനലൂരിലേത് പുനലൂര്‍ ഗവ എച്ചഎസ്എസിലും കരുനാഗപ്പള്ളിയിലേത് കരുനാഗപ്പള്ളി ഗവ ടൗണ്‍ എല്‍പിഎസിലും കൊട്ടാരക്കരയിലേത് കൊട്ടാരക്കര ഗവ വിഎച്ച്എസ്എസ് ഗേള്‍സ് എച്ചഎസിലുമാണ് എണ്ണുക.
അതേസമയം തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ആശങ്കയിലാണ് ഇടതുവലത് മുന്നണികള്‍. ജില്ലയില്‍ ശക്തമായ ത്രികോണമത്സരം നടന്നു എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. യുഡിഎഫ് ആകട്ടെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ഇപ്പോഴും. ബിജെപി നയിക്കുന്ന എന്‍ഡിഎ ആകട്ടെ തികഞ്ഞ ശുഭാപ്തിവിശ്വാസത്തിലും. കഴിഞ്ഞവര്‍ഷം നേടിയതിനെക്കാള്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. കൊല്ലം കോര്‍പ്പറേഷനില്‍ എന്‍ഡിഎ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍ മുനിസിപ്പാലിറ്റികളിലും ജില്ല-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും മികച്ച വിജയം നേടുമെന്നും നേതൃത്വം അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: