Categories: Samskriti

ഐതിഹ്യപ്പെരുമയുമായി ശരംകുത്തി

അയ്യപ്പദര്‍ശനം

ബരിപീഠത്തില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയാണ് ശരംകുത്തി. കാട്ടുകൊള്ളക്കാരന്‍ ഉദയനന്റെ മറവപ്പടയെ തോല്‍പ്പിച്ചെത്തിയ അയ്യപ്പനും സംഘവും കൈവശമുള്ള ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം. കന്നി അയ്യപ്പന്മാര്‍ എരുമേലിയില്‍ പേട്ടകെട്ടി കൊണ്ടുവരുന്ന ശരക്കോലുകള്‍ കുത്തിവയ്‌ക്കുന്നത് ഇവിടെയാണ്.  മലകയറ്റത്തിനിടയില്‍ ഏറെ ഐതിഹ്യപ്പെരുമയുള്ള ഇടമാണ് ശരംകുത്തി.  

മല അടക്കി വാണിരുന്ന ക്രൂരനായിരുന്ന ഉദയനനെ വധിച്ച ശേഷം അയ്യപ്പനും പോരാളികളും ഇവിടെ ശരം ഉപേക്ഷിച്ചതിന്റെ ഓര്‍മയ്‌ക്കാണ് അയ്യപ്പന്മാര്‍ ശരക്കോല്‍ കുത്തുന്നത്. പമ്പയില്‍ നിന്നും എരുമേലിയില്‍ നിന്നും ശരക്കോല്‍ വാങ്ങി എത്തുന്ന കന്നി അയ്യപ്പന്മാര്‍ ഇവിടെ ശരംകുത്തിയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. മാത്രമല്ല കാണിക്കയിടുകയും വെടി വഴിപാടു നടത്തുകയും ചെയ്യണം.  

ശബരിമലയാത്രയിലെ ആറാമത്തെ കോട്ടയാണ് ശരംകുത്തി. നടപ്പാതയുടെ അരികില്‍ ശരം കൊണ്ടു നിറഞ്ഞ മരത്തെ വണങ്ങിയും തൊട്ടു തൊഴുതുമാണ് അയ്യപ്പന്മാര്‍ നീങ്ങുക. ശരംകുത്തിയെന്ന് ഇപ്പോള്‍ അറിയപ്പെടുന്ന സ്ഥലം സന്നിധാനത്തേക്കുള്ള വഴി വിസ്തൃതമാക്കിയപ്പോള്‍ രൂപപ്പെട്ടതാണ്. മരക്കൂട്ടത്തു നിന്ന് വലത്തേയ്‌ക്കു നടക്കുമ്പോള്‍ ഇടത്തേക്കൊരു വഴി കാണാം. രണ്ടു വശത്തേക്കും കൈവരികള്‍ കെട്ടിയ വഴിയിലൂടെ രണ്ടു കിലോ മീറ്റര്‍ നടന്നാല്‍ പഴയ ശരംകുത്തിയിലെത്താം. അവിടെ ചെറിയൊരു ക്ഷേത്രവും ആല്‍മരവും ഇപ്പോഴുമുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക