വയനാടിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് പഴശ്ശിരാജാവിനെയും കരുത്തരായ വനവാസി പോരാളികളെയുമാവും. ചുരം കയറുമ്പോള്‍ കരിന്തണ്ടന്‍ മൂപ്പന്റെ സ്മരണയും ഓടിയെത്തും. പഴശ്ശി രാജാവിനെ സ്മരിക്കുമ്പോള്‍ ഇവര്‍ക്കുള്ള സ്ഥാനം അടയാളപ്പെടുത്തേണ്ടതായിട്ടുണ്ട്. തീ തുപ്പുന്ന പീരങ്കികളുമായി വയനാട്ടിലേക്ക് കടന്നുവന്ന ബ്രിട്ടീഷ് പടയെ പരമ്പരാഗത ആയുധങ്ങളായ അമ്പുംവില്ലും കുന്തവും വാളുമൊക്കെയായി സധൈര്യം നേരിട്ട വയനാട്ടിലെ വനവാസികളെക്കുറിച്ചും, അവര്‍ക്ക് നേതൃത്വം നല്‍കിയ വീരകേരളവര്‍മ്മ പഴശ്ശിരാജാവിനെക്കുറിച്ചും പുതുതലമുറയ്‌ക്ക് വേണ്ടത്ര അറിവില്ല.
ആയിരക്കണക്കിന് ബ്രിട്ടീഷ് പടയാളികളെ ഒളിപ്പോരിലൂടെ നാമാവശേഷമാക്കിയ കഥ ഭാരത സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ്ണ ഏടുകളാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഭാരതത്തിലെ ആദ്യ ഒളിപ്പോര്‍ യുദ്ധവും ഇതുതന്നെ. സായിപ്പിന്റെ ഭരണ വ്യവസ്ഥയെ വെല്ലുവിളിച്ച് നികുതി നല്‍കാതെ ഒരുജനത നടത്തിയ ഐതിഹാസിക സമരത്തെ സ്വതന്ത്രഭാരതത്തില്‍ അധികാരത്തില്‍ വന്ന ഭരണാധികാരികള്‍ തമസ്‌കരിക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ പഴശ്ശിയോട് കാണിച്ച കാരുണ്യംപോലും സ്വന്തം ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
സംഘപരിവാര്‍ സംഘടനകള്‍ നിരന്തരമായി നടത്തിയ സമരപരമ്പരകള്‍ക്കൊടുവിലാണ് പഴശ്ശിരാജാവിനെയും തലക്കരചന്തുവിനെയും എടച്ചന കുങ്കനെയും കുറിച്ചുള്ള ചരിത്രം ഭരണാധികാരികള്‍ പൊടിതട്ടിയെടുത്തത്. ചോര്‍ന്നൊലിക്കുന്ന പഴശ്ശി മ്യൂസിയവും തകര്‍ക്കപ്പെട്ട തലക്കരചന്തു സ്മൃതിമണ്ഡപവും വിസ്മൃതിയിലുള്ള കുങ്കനും അവഗണനയുടെ സൂചികകളാണ്. സംഘപരിവാര്‍ സംഘടനകള്‍ ഒരുകാലത്ത് സമുചിതമായി ആഘോഷിച്ചുവന്ന പഴശ്ശി ബലിദാനദിനാഘോഷം ഭരണാധികാരികള്‍ വഴിവാടാക്കി മാറ്റി.
രാഷ്‌ട്രീയസ്വയംസേവകസംഘവും വനവാസിവികാസ കേന്ദ്രവും ചെയ്ത നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 1980ല്‍ പഴശ്ശിരാജാവിന്റെ 175-ാം ജന്മവാര്‍ഷികപരിപാടികള്‍ ഉജ്ജ്വലമായ രീതിയില്‍ ജനഹൃദയങ്ങളിലെത്തിക്കാനായത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന സി.കെ.ബാലകൃഷ്ണന്‍ നായര്‍ തന്റെ പിതാവ് പി.സി.കൃഷ്ണന്‍ നമ്പ്യാരില്‍ നിന്ന് പഴശ്ശിരാജാവിന്റെ അന്ത്യത്തെക്കുറിച്ച് കേട്ടറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തുടര്‍പ്രവര്‍ത്തനമാണ് വിസ്മൃതിയിലാണ്ടുപോയ പഴശ്ശിരാജാവിനെ വയനാട്ടുകാരുടെയും കേരളീയരുടെയും മനസ്സുകളിലേക്ക് ആവാഹിച്ചത്. രാജാവിന്റെ ചിതാഭസ്മം അടക്കം ചെയ്ത സ്ഥലവും, അതിന് മുകളില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ തീര്‍ത്ത മാനന്തവാടിയിലെ കുടീരവും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. പൈങ്ങാട്ടിരി ഗ്രാമത്തിലെ ബ്രാഹ്മണപുരോഹിതരാണ് മരണാനന്തര ക്രിയകള്‍ ചെയ്ത് ഭൗതികശരീരം പട്ടാള ക്യാമ്പിനടുത്ത് സംസ്‌ക്കരിച്ചെതന്ന കേട്ടറിവാണ് സികെയെ ചരിത്രം നമിക്കുന്ന സ്വാതന്ത്ര്യസമര സേനാനിയുടെ ഭൗതിക ശരീരം കണ്ടെത്താന്‍ സഹായിച്ചത്. ഇവിടെയുണ്ടായിരുന്ന പീരങ്കിയാണ് കോഴിക്കോട് വായനശാലാ പരിസരത്ത് സ്ഥാപിച്ചതെന്നും സികെ പറയുന്നു.
1964 ല്‍ സി.കെ.ബാലകൃഷ്ണനും ആര്‍എസ്എസ് പ്രവര്‍ത്തകരും കാട് പിടിച്ചുകിടന്ന പഴശ്ശികുടീരം വെട്ടിവൃത്തിയാക്കി. തുടര്‍ന്ന് നവംബര്‍ 30ന് വിളക്കു കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. അന്നു മുതല്‍ ഇന്നു വരെ എല്ലാ നവംബര്‍ 30നും സ്വയംസേവകര്‍ ആ കൃത്യം നിര്‍വഹിച്ചുവരുന്നു. 1972 മാര്‍ച്ച് 23ന് ജനസംഘം സംഘടിപ്പിച്ച വയനാട് മഹാസമ്മേളനം പഴശ്ശിരാജാവ്, തലക്കര ചന്തു, എടച്ചന കുങ്കന്‍ എന്നിവര്‍ക്ക് വയനാടന്‍ മണ്ണില്‍ സ്മാരകങ്ങള്‍ പണിയണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. 1980 ലെ പഴശ്ശിദിനത്തില്‍ പഴശ്ശി സ്മാരക ശിലാന്യാസം നടത്തി. 1985 ആഗസ്റ്റ് 15ന് നടന്ന ഐതിഹാസിക ഇഷ്ടികസമരത്തോടെയും, പഴശ്ശികുടീരം പിടിച്ചെടുക്കുമെന്ന പ്രഖ്യാപനത്തോടെയും അധികൃതര്‍ കണ്ണുതുറന്നു. 2000ലേറെയുള്ള വനവാസി സ്ത്രീപുരുഷന്മാര്‍ ഇഷ്ടിക, മണല്‍ എന്നിവയുമായി നീങ്ങി കുടീരം പിടിച്ചെടുത്ത് സ്മാരകം നിര്‍മ്മിക്കാനുള്ള ശ്രമം നടത്തി. പ്രസ്തുത യോഗം ബിജെപി നേതാവ് കെ.ജി.മാരാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക എംഎല്‍സി മല്ലികാര്‍ജ്ജുന മുഖ്യപ്രഭാഷണം നടത്തി.
പരമ്പരാഗത പോരാളികളടങ്ങുന്ന പഴശ്ശിപ്പട ആസൂത്രിത നീക്കങ്ങളിലൂടെ ആയിരക്കണക്കിന് ബ്രിട്ടീഷ് പട്ടാളക്കാരെയാണ് വകവരുത്തിയത്. ഇതിനിടെ നൂറുകണക്കിന് പഴശ്ശിപോരാളികളും നിലംപതിച്ചിട്ടുണ്ട്. വയനാട്ടിലെ വനാന്തരങ്ങളിലെല്ലാം ഈ ധീരദേശാഭിമാനികളായ പടയാളികളുടെ ചോരക്കറയുണ്ട്. ഇടവഴികളിലും പാതയോരങ്ങളിലും വനപാതകളിലും ചോരയുടെ ഗന്ധമുണ്ട്. ഈ രണാങ്കണങ്ങളെല്ലാം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള പഴശ്ശിപോരാട്ടങ്ങളുടെ കഥ പറയും. തലക്കര ചന്തു, എടച്ചന കുങ്കന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 150 പേരടങ്ങുന്ന കുറിച്യ-നായര്‍ പടയാളികള്‍ പനമരത്തുള്ള നാലാം ബോംബെ ഇന്‍ഫന്ററിയുടെ ഒന്നാം ബറ്റാലിയനില്‍പ്പെട്ട 70 പട്ടാളക്കാരുള്ള ക്യാമ്പ് ആക്രമിച്ചു. കമാന്‍ഡന്റ് ക്യാപ്റ്റന്‍ ഡിക്കിന്‍സ്, സഹായി ലഫ്റ്റനന്റ് മാക്‌സവെല്‍ തുടങ്ങിയവരുള്‍പ്പെടെ മുഴുവന്‍ ബ്രിട്ടീഷുകാരും പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. അഞ്ച് കുറിച്യപോരാളികള്‍ തല്‍ക്ഷണം മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. 112 തോക്ക്, ആറ് പെട്ടി വെടിക്കോപ്പ്, ആറായിരം രൂപ എന്നിവ പഴശ്ശിസംഘം പിടിച്ചെടുത്തു. തുടര്‍ന്ന് സൈനികപോസ്റ്റ് അഗ്‌നിക്കിരയാക്കി. 1803 മാര്‍ച്ച് ഒന്നിന് വൈകുന്നേരം നാല് മണിക്ക് പഴശ്ശിപ്പോരാളികളെ പാര്‍പ്പിച്ചിരുന്ന കോഴിക്കോട് ജയില്‍ ആക്രമിച്ചു. പോരാട്ടത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 40 പേരെ കമ്പനി സൈന്യം വെടിവെച്ചിട്ടു. 38 പേരെ പിടികൂടി. ഇതിനിടെ നിരവധിപേര്‍ രക്ഷപ്പെടുകയുണ്ടായി. 1801 ജൂലായ് 28ന് ചാത്തപ്പന്‍ നമ്പ്യാരെയും ചൊയ്യന്‍ ചന്തുവിനെയും ഇരിക്കൂറില്‍ തൂക്കിക്കൊന്ന സംഭവവും, രേമന്‍, കല്ലൂചാമ, പുത്തിയന്‍ കുഞ്ഞപ്പന്‍, കണ്ണഞ്ചേരി നമ്പ്യാര്‍ എന്നിവരെ നവംബര്‍ 21ന് വയനാട്ടില്‍ തൂക്കിക്കൊന്ന സംഭവവും, കണ്ണവത്ത് നമ്പ്യാരെയും 24 കാരനായ മകനെയും കണ്ണവത്ത് പരസ്യമായി ഗളച്ഛേദം ചെയ്തസംഭവവും തെല്ലൊന്നുമല്ല പഴശ്ശിപ്പടയെ ചൊടിപ്പിച്ചത്.
ഭാരതത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി ഉയര്‍ന്ന ആദ്യകാല സായുധ സമരത്തിന് സാക്ഷ്യം വഹിച്ചതില്‍ പ്രധാനമാണ് പുല്‍പ്പളളി സീതാലവകുശ ക്ഷേത്രം. രാവണയുദ്ധത്തില്‍ രാമന് തുണയായി നിന്ന വാനരപ്പടയും, ബ്രിട്ടീഷ് വിരുദ്ധസമരത്തില്‍ പഴശ്ശിരാജാവിന് സഹായികളായിവന്ന വനവാസികളും ഐതിഹ്യത്തിലേയും ചരിത്രത്തിലേയും സമാനതകള്‍ ഓര്‍മപ്പെടുത്തുന്നു.പഴശ്ശി സമരപോരാളികള്‍ സമരത്തിന് ഇറങ്ങുംമുന്‍പ് ആരാധനാ മൂര്‍ത്തിയെ തൊഴുത് പുറപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്പുല്‍പ്പളളി സീതാലവകുശ ക്ഷേത്രം. വനവാസികളെല്ലാം സമരങ്ങള്‍ക്കും നായാട്ടിനും മുന്‍പ് ഇത്തരം ചടങ്ങുകള്‍ നടത്താറുണ്ട്. പഴശ്ശി സമരപോരാളികളായിരുന്ന കുറിച്യരും കുറുമരും സീതാദേവി ക്ഷേത്രത്തിലും വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലുമാണ് പ്രധാനമായും സമ്മേളിച്ചിരുന്നത്. 1805 ഒക്‌ടോബര്‍ മദ്ധ്യത്തോടെ സമരനേതാവായിരുന്ന എടച്ചന കുങ്കന്റെ ആഹ്വാനപ്രകാരം വിദേശഭരണത്തിനെതിരെ അന്തിമപോരാട്ടത്തിനിറങ്ങിയവര്‍ സംഘടിച്ചതും ഈ ക്ഷേത്രങ്ങളിലായിരുന്നുവെന്ന് ബ്രിട്ടീഷ് ചരിത്രകാരനും മലബാര്‍ കളക്ടറുമായിരുന്ന. വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പടയ്‌ക്കിറങ്ങിയവരില്‍ 3000ത്തോളം കുറിച്യര്‍ ഇന്നത്തെ കുറിച്യാട് എന്നറിയപ്പെടുന്ന പഴയകുറിച്യ നാട്ടിലൂടെ സീതാലവകുശ ക്ഷേത്രത്തില്‍സമ്മേളിച്ചതായും ലോഗന്‍ പറയുന്നു.
സമരപോരാളികള്‍ രാമരാവണയുദ്ധത്തിലെ വാനരപ്പടയെ സ്മരിച്ചുകൊണ്ട് പോരാട്ടത്തിന് ഇറങ്ങിയിരുന്നതായി പഴമക്കാരും സാക്ഷ്യപ്പെടുത്തുന്നു. പുല്‍പ്പള്ളിപാക്കം, കുറിച്യാട്, കണിയാമ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ ശൂരന്മാരായ ഗോത്രവര്‍ഗക്കാരെ പീരങ്കി ഉപയോഗിച്ച് കൂട്ടക്കുരുതി നടത്തിയതിന്റെ തെളിവാണ് കുറിച്യാടുനിന്നും മറ്റു ക്യഷിയിടങ്ങളില്‍ നിന്നുംലഭിക്കുന്ന പീരങ്കിത്തിരകള്‍. പഴശ്ശിയുടെ പതനത്തോടെ ബ്രിട്ടീഷ് പിടിയിലായ വയനാട്ടില്‍ അവര്‍ നടത്തിയ കുരുതികള്‍ ഭയാനകമായിരുന്നു. പഴശ്ശിയുടെ അവസാനനാളുകള്‍ ഏറെയും ചെലവഴിച്ചപുല്‍പ്പളളി വനമേഖലയും, വിളിപ്പാടകലെ പൊരുതിവീണ കര്‍ണ്ണാടക വനാതിര്‍ത്തിയിലെ മാവിലാംതോടിന്റെ തീരങ്ങളും ചരിത്രത്തില്‍ വേണ്ടവിധം അടയാളപ്പെടുത്താതെയിരിക്കുകയാണ്.
”ഇത് പാല്‍ക്കുളം. ഞങ്ങളുടെ തമ്പ്രാന് സദ്യ കൊടുക്കാന്‍ നീര് കോരിയത് ഇവിടുന്നാ…”വയനാട്ടിലെ കുറുമ രാജാവായിരുന്ന കാപ്പിമൂപ്പന്‍ കുറുവയിലെത്തിയ വിദേശ സഞ്ചാരികളോട് പറഞ്ഞതാണിത്. പച്ചപ്പാര്‍ന്ന വിശാലമായ പുല്‍മേടുകളോടുകൂടിയ പുല്‍പ്പളളി കുറുവയില്‍ പഴശ്ശിരാജാവും സംഘവും കാലങ്ങളോളം താമസിച്ചിരുന്നതായി കുറുമര്‍ സാക്ഷ്യപ്പെടുത്തുന്നു. കുറുവയില്‍ രണ്ട് കുളങ്ങളുണ്ട്. കഞ്ഞിക്കുളവും പാല്‍ക്കുളവും. പഴശ്ശിരാജാവിന് ഭക്ഷണമൊരുക്കാന്‍ വെള്ളമെടുത്തിരുന്നത് പാല്‍കുളത്തില്‍നിന്നും, സൈനികവിഭാഗങ്ങള്‍ക്ക് കഞ്ഞിക്കുളത്തില്‍ നിന്നുമാണെന്നാണ് കുറുമരുടെ പക്ഷം.കുറിച്യ കുറുമ നായര്‍ പോരാളികളെ അസ്ത്രവിദ്യ അഭ്യസിപ്പിച്ചത് ഇവിടുത്തെ വിശാലമായ പുല്‍മേടുകളിലാണ്. പാല്‍കുളത്തിന്റെ പടിഞ്ഞാറ് പടമലയും കിഴക്ക് പാക്കവും. രണ്ടും ബ്രിട്ടീഷ് പോരാട്ട ഭൂമിതന്നെ. പാക്കംകോട്ട ക്ഷേത്രത്തില്‍ രാജാവ് ഇടയ്‌ക്ക് ദര്‍ശനം നടത്തിയിരുന്നതായി കുറുമര്‍ പറയുന്നു.
രാജാവിന്റെ പതനത്തിനു ശേഷവും ബ്രിട്ടീഷ് കോല്‍ക്കാരുമായി പാക്കത്തും തിരുമുഖത്തും കുറുമര്‍ ഏറ്റുമുട്ടാത്ത ദിവസങ്ങളില്ലെന്ന് വില്യം ലോഗന്‍ സാക്ഷ്യപ്പെടുത്തുന്നു.പഴശ്ശിസമരങ്ങളെ ഇതിവ്യത്തമാക്കിയ ആദിവാസി കലാരൂപങ്ങള്‍വരെയുളള ഗോത്രചരിത്രം ഗവേഷകര്‍ കൈവയ്‌ക്കാത്ത മേഖലയാണ്. സമരം കൊടുമ്പിരികൊണ്ട നാളുകളിലെ വയനാടന്‍ ക്ഷേത്രോല്‍സവങ്ങളിലെ വെളിച്ചപ്പാടുമാരും തിറയാട്ടങ്ങളുമെല്ലാം അന്തിമ പോരാട്ടത്തിന് തയ്യാറാകാന്‍ വനവാസികളെ ആഹ്വാനം ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപതിറ്റാണ്ടോളം വയനാടന്‍ മലമടക്കുകള്‍ സാമ്രാജ്യത്വ വിരുദ്ധ സായുധസമരത്തിന്റെ രംഗഭുമിയാക്കിയ കോട്ടയം രാജവംശത്തിലെ ഇളംമുറക്കാരനേയും, അവസാനശ്വാസംവരെ പഴശ്ശിയെ കണ്ണിലെ ക്യഷ്ണമണിപോലെ കാത്തുസൂക്ഷിച്ച വനവാസി സമൂഹങ്ങളേയും കുറിച്ചുളള ഗവേഷണങ്ങള്‍ ഏറ്റെടുക്കാന്‍ പുതിയ തലമുറ തയ്യാറാകുമ്പോഴാണ് പുതിയകാലത്തിന്റെ ആദരവ് ആ പോരാളികള്‍ക്ക് ലഭിക്കുകയുളളൂ.
ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ വയനാടന്‍ മണ്ണില്‍ വീരോചിതമായ പോരാട്ടങ്ങള്‍ നയിച്ച എടച്ചന കുങ്കന് സ്മാരകം നിര്‍മിക്കാന്‍ വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്തും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും നടത്തിയ നീക്കങ്ങള്‍ എങ്ങുമെത്തിയില്ല. ബ്രീട്ടീഷുകാര്‍ക്കെതിരായ പടയില്‍ പഴശ്ശി രാജാവിനൊപ്പം നിന്ന പോരാളികളില്‍ പ്രമുഖരാണ് എടച്ചന നായര്‍ തറവാട്ടിലെ കുങ്കനും, കുഞ്ഞോം കാര്‍ക്കോട്ടിടം കുറിച്യത്തറവാട്ടില്‍പ്പെട്ട തലയ്‌ക്കല്‍ ചന്തുവും. ആധിപത്യത്തിനെതിരെ വയനാട്ടില്‍ സായുധസമരങ്ങള്‍ നയിക്കുകയും, ജീവത്യാഗം ചെയ്യുകയും ചെയ്ത പോരാളികളിലെന്തുകൊണ്ടും വ്യത്യസ്തനാണ് എടച്ചന കുങ്കനെന്ന് ചരിത്രകാരന്‍ മുണ്ടക്കയം ഗോപി അഭിപ്രായപ്പെടുന്നു. സ്വദേശി ചരിത്രകാരന്മാര്‍ നീതികാണിച്ചില്ലെങ്കിലും ശത്രുക്കളായിരുന്ന ഈസ്റ്റിന്ത്യാ കമ്പനി തങ്ങളുടെ രേഖകളില്‍ കുങ്കന് അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ട്. കമ്പനിയുടെ സിവില്‍, മിലിട്ടറി കത്തിടപാടുകളില്‍ ‘ഒരു തരത്തിലും വഴങ്ങാത്ത ലഹളത്തലവന്‍’ എന്നാണ് കുങ്കനെ പരാമര്‍ശിക്കുന്നത്.
എ.ഡി.1796 ഏപ്രിലില്‍ പേരിയ ചുരം കയറി വയനാട്ടില്‍ കടന്ന പഴശ്ശിയെ മുന്‍നിര്‍ത്തി പടയണി കൂട്ടിയവരില്‍ പ്രധാനികള്‍ കുങ്കനും സഹോദരന്മാരും മരുമക്കളുമായിരുന്നു. കല്ലോടിക്കടുത്തുള്ള പാതിരിച്ചാലിലാണ് കുങ്കന്‍ താമസിച്ചിരുന്നത്. പഴശ്ശിയുള്‍പ്പെടെ കോട്ടയം പ്രക്ഷോഭകര്‍ ഈസ്റ്റിന്ത്യാ കമ്പനിയുമായി സന്ധിചെയ്യുകയും, ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തപ്പോഴൊക്കെ കുങ്കനും
അനുയായികളും എതിര്‍പ്പുമായി മാറിനില്‍ക്കുകയാണ് ഉണ്ടായത്. കുങ്കന്റേയും കൂട്ടരുടേയും കണക്കില്‍പ്പെടുന്നതാണ് പഴശ്ശി സമരപരമ്പരയിലെ സുപ്രധാന പോരാട്ടങ്ങളും വിജയങ്ങളും. 1797 മാര്‍ച്ച് 10ന് നടന്ന മംഗലശ്ശേരി പോരാട്ടവും കോറോത്തെ ഏറ്റുമുട്ടലുകളും കുങ്കന്റെ നേതൃത്വത്തിലായിരുന്നു. 1797 മാര്‍ച്ച് 17ന് തലശ്ശേരിക്ക് മടങ്ങിയ കേണല്‍ ഡൗവിന്റെ സംഘത്തെ ഭയപ്പെടുത്തി ഓടിച്ചതും, പിറ്റേന്ന് ചുരമിറങ്ങുവാന്‍ ശ്രമിച്ച മേജര്‍ കാമറൂണിന്റെ 1100 പേരടങ്ങുന്ന പട്ടാളത്തെ കൂട്ടക്കൊല ചെയ്തതും, തിണ്ടുമ്മലിലുണ്ടായിരുന്ന ലഫ്റ്റനന്റ് ജോണ്‍ ഇംഗ്ലിസിന്റെ പടയെ തൂത്തുവാരിയതും കുങ്കന്റെ ആളുകളാണ്. 1799-ല്‍ പഴശ്ശിക്കുവേണ്ടി പഴൂര്‍ എമ്മന്റെ അനുജനെന്ന നാട്യത്തില്‍ ശ്രീരംഗപട്ടണത്തുപോയി ടിപ്പുസുല്‍ത്താനുമായി കൂടിക്കാഴ്ച നടത്താന്‍ പോലും കുങ്കന്‍ ധൈര്യപ്പെട്ടു. 1801 ജനുവരി അവസാനവാരം പൂരിഞ്ഞിമലയില്‍ ക്യാപ്ടന്‍ ഡസിയുടെ സൈന്യവുമായി കുങ്കനും കൂട്ടരും നടത്തിയ പോരാട്ടവും എണ്ണപ്പെട്ടതാണ്.
1802 ഏപ്രിലില്‍ വയനാട്ടിലെ ചാരന്മാരില്‍നിന്ന് തലശ്ശേരി കോട്ടയില്‍ ലഭിച്ച റിപ്പോര്‍ട്ട് കുങ്കന്റെ താന്‍പോരിമ വെളിപ്പെടുത്തുന്നതാണ്. തൊണ്ടര്‍നാടൊഴികെ വയനാട് പ്രദേശമാകെ ഒറ്റക്കെട്ടായി കുങ്കനൊപ്പം ചേര്‍ന്നതായാണ് ചാരന്മാര്‍ കമ്പനിയെ അറിയിച്ചത്. 1802 ഒക്‌ടോബര്‍ 11ലെ പനമരം കോട്ടയാക്രമണം, പുളിഞ്ഞാലിലെ ബറ്റാലിയന്‍ താവള ഉപരോധം, ഒക്‌ടോബര്‍ 27ന് ബാവലി പുഴയുടെ തീരത്തും നവംബര്‍ 12ന് മാനന്തവാടി പുഴക്കടവിലും നടന്ന പോരാട്ടങ്ങള്‍ എന്നിവ നയിച്ചത് കുങ്കനും സഹോദരന്മാരുമാണ്. പഴശ്ശിയുടെ പലായനത്തിനുശേഷം ചുരിഗുനി മഠത്തില്‍ ക്യാമ്പ് ചെയ്തിരുന്ന കമ്പനിസൈന്യത്തെ കുങ്കനും കൂട്ടരും നശിപ്പിക്കുകയുണ്ടായി. 1803 ജനുവരിയിലും അതിനടുത്തവര്‍ഷവും കോഴിക്കോട്, ചിറക്കല്‍, കോട്ടയം, കുറുമ്പ്രനാട്, മണത്തണ, അഞ്ചരക്കണ്ടി പ്രദേശങ്ങളില്‍ കുങ്കന്റെ നേതൃത്വത്തിലാണ് ആക്രമണങ്ങള്‍ നടന്നത്.
പഴശ്ശിയുടെ മരണത്തിനുശേഷം 1805 ഡിസംബര്‍ മധ്യത്തില്‍ പുളിഞ്ഞാലില്‍ ശത്രുക്കളുടെ പിടിയില്‍പ്പെടാതെ ആത്മഹത്യ ചെയ്യുന്നതുവരെ വെള്ളക്കാരുമായി സന്ധിചെയ്യുന്നതിനെപ്പറ്റി കുങ്കന്‍ ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. പഴശ്ശി സമരത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നതും എടച്ചന കുടുംബക്കാര്‍ക്കാണ്. എടച്ചന കുങ്കന്‍,രയരപ്പന്‍, അമ്പു, കോമപ്പന്‍, പൊന്നപ്പന്‍, ഒതേനന്‍ എന്നിവര്‍ പോരില്‍ മരിച്ചവരാണ്. കുങ്കന്റെ വീട് ഇടിച്ചുനിരത്തപ്പെട്ടു. അവരുടേതായി എടച്ചന ദേശത്തുണ്ടായിരുന്ന 666 ഏക്കര്‍ 20 സെന്റ് ഭൂമി കണ്ടുകെട്ടി. എടച്ചനയിലെ പുരുഷന്മാര്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും, അവരെ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിയമിക്കുന്നതും നിരോധിച്ചു. ഈ ചരിത്ര വസ്തുതകള്‍ തലമുറകളുടെ ഓര്‍മകളില്‍ സംരക്ഷിക്കപ്പെടുന്നതിനു എടച്ചന കുങ്കനു സ്മാരകവും ഇതോനുബന്ധിച്ച് ചരിത്രപഠനകേന്ദ്രവും സ്ഥാപിക്കുന്നത് ഉതകും, മുണ്ടക്കയം ഗോപി പറയുന്നു.
മാനന്തവാടി തൊണ്ടര്‍നാട് പഞ്ചായത്തിലെ തലക്കര തറവാട്ടില്‍ ജനിച്ച ചന്തു വൈദേശിക ആധിപത്യത്തിനെതിരെ പഴശ്ശിരാജാവിനൊപ്പം ധീരമായി പട നയിച്ചു. 1805 നവംബര്‍ 15ന് ചന്തു ബ്രിട്ടിഷുകാരുടെ പിടിയില്‍പ്പെട്ടു. ബ്രിട്ടീഷുകാര്‍ വകവരുത്തിയ ചന്തുവിന് സ്മാരകം വേണമെന്ന ആശയവുമായി പള്ളിയറ രാമന്‍ അദ്ധ്യക്ഷനും എ.വി.രാജേന്ദ്രപ്രസാദ് കാര്യദര്‍ശിയുമായി തലക്കരചന്തു സ്മാരകസമിതി രൂപീകരിച്ചു. 2002 നവംബര്‍ 15ന് മാവിലംതോട്ടില്‍ നിന്നും ചന്തുവിന്റെ സ്വദേശമായ കാര്‍ക്കോട്ടില്‍ തറവാട്ടില്‍ നിന്നും, ലക്കിടി കരിന്തണ്ടന്‍ സമാധിയില്‍ നിന്നും ജ്യോതിപ്രയാണങ്ങള്‍ പനമരത്തെത്തി. 1972 മുതല്‍ നടത്തിയ നിരന്തരസമരങ്ങളുടെ ഫലമായി കിര്‍ത്താഡ്‌സ് നടത്തുന്ന അമ്പെയ്‌ത്ത് മത്സരങ്ങള്‍ക്ക് തലക്കര ചന്തുവിന്റെ നാമത്തില്‍ റോളിങ്‌ട്രോഫി ഏര്‍പ്പെടുത്തി. 2004 ല്‍ മന്ത്രി കെ.സി.വേണുഗോപാല്‍ ചന്തുവിനും കുങ്കനും സ്മാരകം പണിയുമെന്ന് പ്രഖ്യാപിച്ചു. പഴശ്ശിരാജയോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ചന്തുവിന്റെ രക്തസാക്ഷിത്വത്തിന്റെ സ്മരണയ്‌ക്കായി സര്‍ക്കാര്‍ സ്മാരകം സ്ഥാപിച്ചു. മരണം സംഭവിച്ച് 207 വര്‍ഷത്തിനു ശേഷമാണ് വയനാട്ടിലെ പനമരം കോട്ടയിലെ കോളിമരത്തിനു സമീപം ബ്രിട്ടീഷുകാര്‍ കഴുത്തറത്തുകൊന്ന ചന്തുവിനായി അവിടെത്തന്നെ പേരിനൊരു സ്മാരകം നിര്‍മ്മിച്ചത്!
വിശ്രമത്തിനും വിനോദത്തിനും പ്രതിരോധത്തിനും പോരാട്ടത്തിനും വേണ്ടി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് വയനാട്ടിലെ പുല്‍പ്പള്ളിക്കടുത്തുള്ള പുരാതനമായ പാക്കം സ്രാമ്പി. (അടുത്തിടെ അത് നിലംപൊത്തി) ഭാരതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വയനാട്ടിലെ പോരാട്ടത്തെയും, കാട്ടുമൃഗങ്ങളുടെ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനമായിരുന്നു ഇത്. മാത്രമല്ല പോരാട്ടത്തിനുള്ള എല്ലാ ആയുധങ്ങളും ഇതിനുള്ളില്‍ സജ്ജമാക്കിയിരുന്നു. ചികിത്സാമുറിയും കക്കൂസും കുളിമുറിയും എല്ലാം രണ്ടുനിലകളിലുള്ള ഈ സ്രാമ്പിയില്‍ ഉണ്ടായിരുന്നു. പാക്കം സ്രാമ്പി ബ്രിട്ടീഷുകാരന്റെ സുരക്ഷിത താവളം തന്നെയായിരുന്നു. കീഴടക്കിയ സ്വദേശി പോരാളികളുടെ വിയര്‍പ്പില്‍ നിന്നാണ്ഇത് കെട്ടിപ്പൊക്കിയത്. ഇതിന്റെ ഓരോ ചുവരിനും മൃഗീയമായി വധിക്കപ്പെട്ട പഴശ്ശി പോരാളികളുടെ ഗന്ധമുണ്ടെന്ന്വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി കണ്‍വീനര്‍വി.കെ.സന്തോഷ്‌കുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക