അഫ്സല്‍ഖാന്‍ വധിക്കപ്പെട്ടതുകൊണ്ട് ശിവാജിക്ക് സ്വരാജ്യവിസ്താരാഭിയാനത്തിന് സുവര്‍ണാവസരം ലഭിച്ചു. അഫ്സല്‍ഖാന്റെ മൃത്യു അദില്ശാഹി സാമ്രാജ്യത്തില്‍ മാത്രമല്ല, ഗോവയില്‍ പോര്ത്തുഗീസുകാരുടെയും ഇംഗ്ലീഷുകാരുടെയും ഡച്ചുകാരുടെയും ഭാഗാനഗരത്തിന്റെ കുതുബുശാഹി സാമ്രാജ്യത്തിലും മറ്റു വിദേശരാജ്യങ്ങളിലും ചര്‍ച്ചാ വിഷയമായി. വളരെ പ്രതീക്ഷയോടെ ശിവാജിയുടെ മരണവാര്‍ത്ത കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന സ്വരാജ്യ ശത്രുക്കള്‍ക്ക് ഹൃദയസ്തംഭനമുണ്ടായി. ഖാന്റെ മരണത്തോടൊപ്പം അദ്ദേഹത്തിന്റെ നാലായിരത്തിലേറെ സൈനികര്‍ കൊല്ലപ്പെട്ടു. ആറായിരത്തിലേറെ സൈനികര്‍ക്ക് മാരകമായ മുറിവേറ്റു. സ്വരാജ്യ സ്ഥാപനത്തിന് നവോത്സാഹം ലഭിച്ചു.
അഫ്സല്‍ഖാന്‍ കൊല്ലപ്പെട്ടതോടെ ബീജാപ്പൂര്‍ സാമ്രാജ്യത്തില്‍ ആരംഭിച്ച കോളിളക്കത്തിന്റെ പൂര്‍ണനേട്ടം ശിവാജിക്ക് ലഭിച്ചു. ഖാന്റെ പ്രമുഖ സേനാവ്യൂഹം പ്രതാപഗഡില്നിന്നും ഏകദേശം നാല്‍പ്പത് മൈല്‍ ദൂരെ വായിപ്രദേശത്ത് തമ്പടിച്ചിട്ടുണ്ടായിരുന്നു. പിറ്റേ ദിവസം കാലത്ത് (1659 നവംബര്‍ 11) സേനാപതി നേതാജി പാല്‍ക്കറുടെ നേതൃത്വത്തില്‍ ശൂരവീര പരാക്രമികളായ സൈനികര്‍ വായി നഗരത്തിലെത്തി. അപ്പോഴേക്കും അഫ്സല്‍ഖാന്റെ മകന് ഫാജല്‍ഖാന്‍, അംകുശഖാന്, മറ്റ് സേനാനായകന്മാര് എന്നിവര്‍ നഗരംവിട്ട് ഓടിക്കളഞ്ഞിരുന്നു. അവര്‍ ഉപേക്ഷിച്ചുപോയ 55 ആനകള്‍, 4000 കുതിരകള്‍, 1200 ഒട്ടകങ്ങള്‍, 1700 കാളകള്‍, 70 പീരങ്കികള്‍ എന്നിവ നേതാജി പാല്‍ക്കറുടെ കൈയില്‍ വന്നു.
സ്വരാജ്യത്തിന്റെ സൈനികര്‍ക്ക് ഇത് വിശ്രമിക്കാനുള്ള സമയമായിരുന്നില്ല. വിജയിച്ച് മുന്നേറാനുള്ള അവസരമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശിവാജി വായിയില്‍ എത്തി. തലേദിവസം രാത്രിവരെ ഖാന്റെ ദാസ്യതയുടെ അന്ധകാരത്തിലായിരുന്ന വായി നഗരിയില്‍ ശിവാജിയുടെ ആഗമനത്തോടെ സ്വാതന്ത്ര്യത്തിന്റെ സൂര്യനുദിച്ചു. സ്വാതന്ത്ര്യപ്രാപ്തിയെ സൂചിപ്പിക്കുന്ന ഭഗവധ്വജാരോഹണം നടത്തി. ഗ്രഹണത്തിനുശേഷം സൂര്യദര്‍ശനം നടത്തുന്നതുപോലെ, പ്രജകള്‍ ശിവാജിയുടെ ദര്‍ശനം നടത്തി. ജനങ്ങള്‍ക്ക് ആനന്ദവും ഒപ്പം അഭിമാനവും ശിവാജിയില്‍ ഭക്തി ഭാവവും ഉണര്‍ന്നു.
പ്രതാപഗഡിലെ യുദ്ധവും അഫ്സല്‍ഖാന്റെ മരണവും ഒരു നീണ്ടയുദ്ധത്തിന്റെ തുടക്കമായിരുന്നു. മുന്നോട്ടുള്ള കാര്യയോജന ശിവാജി നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. ”നേതാജിയെ ബീജാപ്പൂരിന്റെ ഭാഗത്തേക്കും, പശ്ചിമഘട്ടത്തിന്റെ സമുദ്രതീരത്തേക്ക് ‘ദോരോജി’യേയും ശിവാജി നിയോഗിച്ചു. സ്വയം കോല്‍ഹാപൂരിന്റെ ഭാഗത്തേക്കും. മൂവരും തൃശൂലത്തിന്റെ മൂന്നു ശൂലം പോലെ തന്റെ സമരാശ്വങ്ങളെ നയിച്ച് ശത്രുവ്യൂഹം തകര്‍ത്ത് മാതൃഭൂമിയുടെ ദാസ്യചങ്ങല പൊട്ടിച്ച് മുന്നോട്ടു നീങ്ങി. അഫ്സല്‍ഖാനുമായുള്ള കൂടിക്കാഴ്ചയോടുകൂടി ശിവാജി പ്രകരണം സമാപിക്കുമെന്ന് വിശ്വസിച്ച് നിശ്ചിന്തരായിരുന്ന ശത്രുക്കളുടെ മേലെയായിരുന്നു ശിവതാണ്ഡവം നടന്നുകൊണ്ടിരിക്കുന്നത്. അഫ്സല് ഖാന്റെ മരണവാര്‍ത്ത എത്തുന്നതിന് മുന്‍പുതന്നെ, ശിവാജിയുടെ ഭവാനി ഖഡ്ഗത്തിന്റെ ദര്‍ശനം അവര്‍ക്കു ലഭിക്കുന്നുണ്ടായിരുന്നു. ഹരഹര മഹാദേവ് എന്ന ഘോഷണം കേള്‍ക്കുന്നുണ്ടായിരുന്നു. ശിവാജി മഹാരാജാവിന്റെ ത്രിശൂലം ആദില്‍ശാഹി രാജ്യം ഭേദിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കയായിരുന്നു.
ബീജാപ്പൂരിന്റെ ആസ്ഥാനം പ്രതാപഗഡില്‍ നിന്നും വരുന്ന ശുഭവാര്ത്തയറിയാന് പ്രതീക്ഷയോടെ കാതോര്‍ത്തിരിക്കയായിരുന്നു. ഉലിയബേഗം-അലി-ആദില്‍ശാഹയും സ്വപ്നസൗധം പണിതുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും അഫ്സല്‍ഖാന്റെ മകന് ഫാജല്‍ഖാന്‍ കിതച്ചുകൊണ്ട് ഓടി വന്നു. വിശേഷ വര്‍ത്തമാനം അറിയിച്ചു. ഖാന് മരിച്ചു. ശിവാജിയാണ് വയറ് പിളര്‍ന്ന് കൊന്നത്. സൈന്യം തകര്‍ന്നു, സമ്പത്ത് നഷ്ടപ്പെട്ടു. യുദ്ധസാമഗ്രികള്‍ ശിവാജി പിടിച്ചെടുത്തു. ഒന്നിനു പുറകെ ഒന്നായി ഭീഷണവും ദാരുണവുമായ വാര്‍ത്ത. ഉലിയബേഗം ശിവാജിയുടെ തലയുമായി അഫ്സല്‍ഖാന്റെ വരവും പ്രതീക്ഷിച്ചിരിക്കയായിരുന്നു. അപ്പോഴാണ് അഫ്സല്‍ഖാന്റെ തലയില്ല എന്ന വാര്‍ത്ത ലഭിച്ചത്. ബേഗം ആഹാരം ഉപേക്ഷിച്ചു. ആദില്‍ശാഹ ആസ്ഥാനത്ത് വരാതായി. ബീജാപ്പൂര്‍ നഗരം മരണശയ്യയിലായി.
ആ ആഘാതത്തില്‍ നിന്നും മുക്തരാകുന്നതിനു മുന്‍പ് ശിവാജി കോല്‍ഹാപൂര്‍ എത്തി പന്‍ഹാള കോട്ട കീഴ്ടപ്പെടുത്തി.(പന്‍ഹാള കോട്ട ആദില്‍ശാഹിയുടെ പടിഞ്ഞാറന്‍ രാജധാനിയായിരുന്നു) വസന്തഗഡ്, വിശാലഘഡ്, രാംഗണാ മുതലായ കോട്ടകളും സ്വരാജ്യത്തോട് ചേര്‍ത്തു. ഈ ദാരുണവാര്‍ത്ത കേട്ട് ആദില്‍ശാഹയുടെ ഹൃദയമിടിപ്പ് കൂട്ടി. ഇത്രയും ചെയ്ത ശിവാജി ബീജാപ്പൂരും ആക്രമിച്ചേക്കാമെന്ന് ഭയപ്പെട്ടു.
ഇതേസമയം സര്‍സേനാപതി നേതാജി പാല്ക്കര് ഗദഗ, ഹുക്കേരി, ഗോകാക മുതലായ സ്ഥലങ്ങളില്‍ കൊടുങ്കാറ്റുപോലെ ആക്രമണം നടത്തി ലക്ഷ്മേശ്വരം വരെ ആദില്‍ ശാഹയുടെ സമ്പത്ത് തൂത്തുവാരി കോല്‍ഹാപൂരിലേക്ക് പറന്നു എന്ന വാര്‍ത്ത വന്നു.
അഫ്സല്‍ഖാന്റെ മരണശേഷം വായി മുതല്‍ പന്ഹാളം വരെയുള്ള പ്രദേശങ്ങള്‍ പതിനെട്ടു ദിവസങ്ങള്‍കൊണ്ട് സ്വരാജ്യത്തോട് ചേര്‍ത്തു. നേതാജി തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. പന്‍ഹാള കോട്ടയിലെത്തി ശിവാജിയുമായി ചേര്‍ന്നു. അഭേദ്യമായ വസന്തദുര്ഗവും, കല്യാണദുര്ഗവും ശിവാജിയുടെ കൈയിലകപ്പെട്ടതോടെ ഈ പരാജയ പരമ്പരയുടെ അപമാനംകൊണ്ട് ബീജാപ്പൂരിന്റെ സൈനിക നായകന്മാരുടെ മനസ്സ് കനല്ക്കട്ടപോലെ ചുട്ടുപഴുത്തു.
ഫാജല്‍ഖാന്‍ അച്ഛന്റെ മരണത്തില്‍ അതീവ ദുഃഖിതനായിരുന്നു. തന്റെ അധീനതയിലായിരുന്ന കോല്‍ഹാപൂര്‍, പന്‍ഹാള എന്നീ പ്രദേശങ്ങള്‍ നഷ്ടപ്പെട്ടതോടെ രുസ്തം-ഇ-ജമാന്‍ അടിമുടി കോപിച്ചിരിക്കയാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് പീരങ്കികളും ആനകളേയും കുതിരകളേയും പതിനായിരം പഠാണി സൈനികരേയും കൊണ്ട് ശിവാജിയെ സംഹരിക്കാനായി പുറപ്പെട്ടു. നാം പോകുന്നത് ശിവാജിയെ നേരിടാനാണെന്നറിഞ്ഞതോടെ സൈന്യം പകുതി പരാജയം സമ്മതിച്ചു. അപ്പോഴേക്കും എല്ലായിടത്തും ശിവാജി മനുഷ്യനല്ല, വിശിഷ്ട ശക്തിയോടുകൂടിയ ഭൂതമാണ് മുതലായ വാര്‍ത്തകള്‍ പ്രചരിച്ചു. ബീജാപ്പൂരിലെ ഏതോ മുസല്മാന് നാടന്പാട്ടുകാരനാണ് അയാളുടെ കവിതയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത്.
ബീജാപ്പൂരിന്റെ സൈന്യം കൂടിക്കാഴ്ചക്ക് വരുന്നുണ്ട് എന്ന വിവരം ചാരന്മാര് വഴി ശിവാജി അറിഞ്ഞു. അവരെ സ്വീകരിക്കാനായി പുറപ്പെട്ടു. ഫാജല്‍ഖാനും തുസ്തം-ഇ-ജമാനും കോല്‍ഹാപൂരിന്റെ അടുത്തെത്തിയിരുന്നു, അപ്പോഴേക്കും ശിവാജിയും സംഭാജിയും ചേര്‍ന്ന് തങ്ങളെ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന വാര്‍ത്ത ഖാന് കിട്ടി. എല്ലാവരും നോക്കി നില്‍ക്കെ സ്വരാജ്യത്തിന്റെ അയ്യായിരം സൈനികര്‍ ബീജാപ്പൂരിന്റെ സൈന്യത്തെ അരിഞ്ഞു തള്ളി, ഫാജലും രുസ്തമും പടക്കളം വിട്ടോടി. പ്രതാപഗഡ് യുദ്ധത്തില്‍ ഇരുവരും കാണിച്ച അതേ യുദ്ധതന്ത്രം തന്നെ ഇവിടെയും അവര്‍ ആവര്‍ത്തിച്ചു. രണ്ടായിരം കുതിരകളെയും കുറെ ആനകളെയും ഈ യുദ്ധത്തിലും ശിവാജിക്ക് ലഭിച്ചു.
ദാഭോള തുറമുഖത്ത് അഫ്സല്‍ഖാന്റെ വാണിജ്യക്കപ്പല്‍ മൂന്നെണ്ണം ചരക്ക് നിറച്ച് നിര്‍ത്തിയിട്ടുണ്ടെന്ന് ചാരന്മാരില്‍നിന്നും വിവരം ലഭിച്ചു. ശിവാജി ദോരോജിയെ അവിടേക്കയച്ചു. ദോരോജി അവിടെയെത്തിയപ്പോഴേക്കും ഇംഗ്ലീഷുകാരുടെ സംരക്ഷണത്തില്‍ കപ്പല്‍ രാജാപ്പൂരിലേക്ക് പോയി. അക്കാലത്ത് രാജാപുരം തുറമുഖം ഇംഗ്ലീഷുകാരുടെ വാണിജ്യകേന്ദ്രമായിരുന്നു. വലിയ തോതില്‍ കയറ്റുമതിയും ഇറക്കുമതിയും നടക്കുമായിരുന്നു. അതുകൊണ്ടുതന്നെ നഗരം സമ്പന്നമായിരുന്നു. ഇതറിഞ്ഞ ദോരോജി ദാഭോളില്‍ നിന്നും രാജാപൂരിലേക്ക് പാഞ്ഞു. എന്നാല്‍ അവിടെയും ഇംഗ്ലീഷുകാരുടെ കൈവിരുതുകൊണ്ട് കപ്പല്‍ കണ്ടെത്താനായില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രമുഖനായ ഹെന്റി രേവിംഗ്ടന് അവിടെ ഉണ്ടായിരുന്നു. ദോരോജി അഫ്സല്‍ഖാന്റെ കപ്പല്‍ എവിടെയെന്ന് ചോദിച്ചു? ഞങ്ങള്‍ കച്ചവടത്തിനായി വന്നവരാണ്. ഞങ്ങള്‍ക്ക് രാജനീതിയുമായി ഒരു ബന്ധവുമില്ലെന്ന് ഹെന്റി പറഞ്ഞു. ഇംഗ്ലീഷുകാരുടെ കാപട്യം അറിയാവുന്ന ദോരോജി അവരുടെ വിപണി പിടിച്ചെടുത്ത് അവിടുത്തെ സമ്പത്ത് മുഴുവന്‍ കവര്‍ന്നെടുത്തു. ഫിലിപ് ഗീഫര്ഡന് എന്ന ഓഫീസറെ ബന്ധനത്തിലാക്കി. അപ്പോള്‍ ഇംഗ്ലീഷുകാര്‍ സന്ധിക്ക് തയ്യാറായി.
ജഞ്ജീരയില് സിദ്ദി എന്നു പേരുള്ള ശിവാജിയുടെ ഒരു ശത്രു പടിഞ്ഞാറെ സമുദ്രതീരത്തുണ്ടായിരുന്നു. അയാളുമായി യുദ്ധമുണ്ടായാല്‍ സഹായിക്കാമെന്ന് ഇംഗ്ലീഷുകാര്‍ വാഗ്ദാനം ചെയ്തു. വാക്കാലുള്ള സന്ധി ദോരോജി അംഗീകരിച്ചില്ല. ഫിലിപ്പിനെ മോചിപ്പിക്കാനോ പിടിച്ചെടുത്ത കപ്പല്‍ വിട്ടുകൊടുക്കാനോ തയ്യാറായില്ല. അവിടുത്തെ കാര്യം പൂര്‍ത്തിയാക്കി. ദോരോജി ശിവാജിയെ ചെന്നു കണ്ടു, എല്ലാ വിഷയങ്ങളും അവതരിപ്പിച്ചു. ജഞ്ജീരയുമായി സംഘര്‍ഷം ഉണ്ടായാല്‍ സഹായിക്കാമെന്ന ഉറപ്പുവാങ്ങി, ഫിലിപ്പ് ഗീഫര്സനെ മോചിപ്പിച്ചു. ഇംഗ്ലീഷുകാര്‍ക്ക് അവരുടെ ഓരോ വ്യക്തിയെക്കുറിച്ചും വേവലാതി ഉണ്ടായിരുന്നു. അതാണ് അവരുടെ വിശേഷത. ഇത് നാം മനസ്സിലാക്കേണ്ടതാണ്.
നേതാജി പാല്‍ക്കറുടെ യുദ്ധാഭിയാനം അനവരതം നടക്കുന്നുണ്ടായിരുന്നു. ഒരിക്കലദ്ദേഹം മീരജഗഡ് ആക്രമിച്ചു. മണ്ണുകൊണ്ട് നിര്‍മിച്ചിരുന്ന ആ ദുര്‍ഗം എളുപ്പത്തില്‍ ജയിക്കാവുന്നതായിരുന്നില്ല. ആ കോട്ട ഉപയോഗദൃഷ്ടിയില് വളരെ പ്രയോജനം ചെയ്യുന്നതായിരുന്നു. അതുകൊണ്ട് ശിവാജി മീരജില്‍ പോയി നേതാജിയെ തിരിച്ചയച്ചു. ആക്രമണം പഴയപോലെ തുടര്‍ന്നു. ഇങ്ങനെ മൂന്നു ഭാഗത്ത് സൈനികാഭിയാനം നടത്തിയിരുന്ന ശിവാജി, നേതാജി, ദോരോജി എല്ലാടവും അപൂര്‍വമായ വിജയം കൈവരിച്ചു. അഫ്സല്‍ഖാന്‍ സ്വരാജ്യത്ത് കാല്‍വെച്ചത് നല്ല മുഹൂര്‍ത്തത്തിലായിരുന്നു. അതിന്റെ ഫലമായിരുന്നു ഇതെല്ലാം.
പരാജയപ്പെട്ട് പിന്തിരിഞ്ഞോടിയ ഫാജല്ഖാന്റെയും രുസ്തം-ഇ-ജമാലിന്റെയും മുഖം കണ്ട ബീജാപ്പൂര്‍ സുല്‍ത്താന്റെ ഉറക്കം ഇല്ലാതായി. ഉലിയാബേഗം മക്കയില്‍ പോകാന്‍ നിശ്ചയിച്ചു. ശിവാജിഎന്ന പദത്തിലെ ഓരോ അക്ഷരങ്ങളും സ്വരാജ്യത്തിന്റെ ശത്രുക്കളെ വളരെയധികം വേദനിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെയുള്ളവരില്‍ ഇംഗ്ലീഷുകാരും ഡച്ചുകാരും പോര്‍ത്തുഗീസുകാരും പെടും. അവരയച്ച പത്രങ്ങളില്‍നിന്നും അവരുടെ ഭയം വ്യക്തമാവുന്നുണ്ട്.
പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:
CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: