ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപം ഏതിലൂടെ ഭക്തര്‍ക്ക് സ്പഷ്ടമാകുന്നുവോ അതിനെ പ്രതീകവത്ക്കരിക്കുന്നതാണ് വാഹനം. സാധാരണയായി തിര്യക് രൂപങ്ങളില്‍ ഒന്നായിരിക്കും വാഹനമായി പറയുക. വിഷ്ണുവിന് ഗരുഡന്‍, ശിവനു വൃഷഭം, ദുര്‍ഗയ്‌ക്ക് സിംഹം, സരസ്വതിക്ക് ഹംസം എന്നിങ്ങനെ. അയ്യപ്പനെ ഭക്തമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് പുലിവാഹനനായിട്ടാണ്. എന്നാല്‍ തന്ത്രശാസ്ത്രങ്ങളില്‍ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെയാണ്.
ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനന്‍, തുരഗവാഹനന്‍, തുരംഗവാഹനന്‍, ഹയാരൂഢന്‍, അശ്വാരൂഢന്‍ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാമാണ് തുരഗം, അശം, വാജി, ഹയം എന്നീ പദങ്ങള്‍ക്കെല്ലാമുള്ള സാമാന്യാര്‍ഥം. മനുഷ്യന്റെ ചിന്തകളെയാണ് ധര്‍മമൂര്‍ത്തിയായ ശാസ്താവിന്റെ വാഹനമായി കല്‍പിച്ചിരിക്കുന്നത്.
കാറ്റിനെ വെല്ലുന്ന വേഗത്തില്‍ പായുന്ന കുതിരയുടെ പുറത്ത് അമ്പും വില്ലും ധരിച്ചവനായി ഭക്തരുടെ മനസ്സാകുന്ന കാട്ടില്‍ വിഹരിക്കുന്ന രാഗദ്വേഷാദികളായ ദുഷ്ടമൃഗങ്ങളെ സംഹരിക്കാന്‍ എഴുന്നള്ളുന്ന വില്ലാളി വീരനാണ് ധര്‍മശാസ്താവ് എന്ന് ഒരു ധ്യാനശ്ലോകത്തില്‍ ഭഗവാനെ വന്ദിക്കുന്നതും അതിനാല്‍ തന്നെ ശ്രദ്ധേയമാണ്. ഹരിവരാസനത്തില്‍ പറയുന്നത് ‘തുരഗവാഹനം സുന്ദരാനനം’ എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: