ന്യൂദല്‍ഹി: ഇന്ത്യയുടെ വ്യോമയാന രംഗത്തെ മുഖമായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള ലേലത്തില്‍ പങ്കെടുക്കാനുള്ള സമയപരിധി ഇന്നു വൈകിട്ട് അഞ്ചിന് അവസാനിക്കും. ഇനി സമയം കൂട്ടി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള ആഗ്രഹമറിയിച്ച് ടാറ്റാ ഗ്രൂപ്പ് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. താല്‍പ്പര്യമറിയിച്ചുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഔദ്യോഗിക അപേക്ഷ വ്യോമായന മന്ത്രാലയത്തിന് ഇന്ന് നല്‍കുമെന്നാണ് സൂചന. എന്നാല്‍, അദാനി, ഹിന്ദുജ ഗ്രൂപ്പുകള്‍ ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.
എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേല പ്രകിയയില്‍ തങ്ങളും പങ്കെടുക്കുമെന്ന് ടാറ്റ സണ്‍സ് ഔദ്യോഗികമായി നേരത്തേ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഒറ്റക്കാണ് ലേലത്തില്‍ പങ്കെടുക്കുക, മറ്റു ധനകാര്യ പങ്കാളികളെ തെരയുന്നില്ലെന്നും ടാറ്റ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. രണ്ടു എയര്‍ലൈനുകള്‍ ടാറ്റ ഇപ്പോള്‍ തന്നെ നടത്തുന്നുണ്ട്. വിസ്താര, എയര്‍ ഏഷ്യ എന്നീ വിമാന കമ്പനികളാണിവ. ഇതില്‍ എയര്‍ ഏഷ്യയെ മുന്‍നിര്‍ത്തി എയര്‍ ഇന്ത്യയെ സ്വന്തമാക്കാനാണ് ടാറ്റാ ഗ്രൂപ്പ് ശ്രമിക്കുന്നത്. എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മുന്‍ പരിചയം ടാറ്റയ്ക്കുണ്ട്.
കൊറോണ പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് മറ്റു കമ്പനികള്‍ പിന്‍വാങ്ങിയത്. എയര്‍ ഇന്ത്യയുടെ ആദ്യ രൂപം 1932ല്‍ ടാറ്റയാണ് ആരംഭിച്ചത്. ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ 1946 വരെ സര്‍വ്വീസ് നടത്തിയിരുന്ന കമ്പനി പിന്നീട് കേന്ദ്ര സര്‍ക്കാരിന് കൈമാറുകയായിരുന്നു. പിന്നീടാണ് ഇന്നത്തെ എയര്‍ ഇന്ത്യയായി മാറിയത്. വീണ്ടും എയര്‍ ഇന്ത്യയെ ലേലത്തില്‍ ടാറ്റ തിരിച്ച്പിടിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: