ന്യൂദല്‍ഹി: അതിര്‍ത്തി പ്രശ്നത്തില്‍ പുതിയ അടവു നയവുമായി ചൈന രംഗത്ത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധം ശക്തമാക്കാന്‍ ശ്രമിക്കണമെന്നും ലഡാക്ക് അടക്കമുള്ള പ്രശ്നങ്ങളെ അതിനു സമാന്തരമായി വേറിട്ടു കാണണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം നേരിടാന്‍ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികള്‍ തുടരുമ്പോഴാണ് ചൈനയുടെ പുതിയ പ്രസ്താവന. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈനയുണ്ടാക്കിയ പുതിയ മാറ്റങ്ങള്‍ അംഗീകരിക്കണമെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
സൈനിക പിന്മാറ്റത്തിന് തടസം ചൈന തുടരുന്ന നിലപാടാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. അക്സായി ചിന്നിന് സമീപമുള്ള ഫിംഗര്‍ എട്ട് മുതല്‍ ഫിംഗര്‍ നാല് വരെയുള്ള നാല് കേന്ദ്രങ്ങളാണ് തര്‍ക്കത്തിന് ആധാരം. 1962ന് ശേഷം ചൈന പലപ്പോഴായി കടന്നുകയറിതാണ് ഫിംഗര്‍ എട്ട് വരെയുള്ള പ്രദേശങ്ങള്‍. അടുത്തിടെ ഇന്ത്യയുടെ സൈന്യം ഫിംഗര്‍ നാല് വരെയുള്ള ഭാഗത്ത് വീണ്ടും നിലയുറപ്പിച്ചു. ഇതോടെയാണ് നിയന്ത്രണരേഖയില്‍ കഴിഞ്ഞ ജനുവരി വരെയുണ്ടായിരുന്ന സ്ഥിതി അംഗീകരിക്കണമെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആവശ്യം ഉന്നയിച്ചത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ പ്രശ്നങ്ങളെ വേറിട്ടു കണ്ട് ഇന്ത്യ-ചൈന സൗഹൃദ നീക്കങ്ങള്‍ തുടരണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇരുരാജ്യങ്ങളുടേയും സൗഹൃദത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കണമെന്നും ബീജിങ്ങ് ആവശ്യപ്പെടുന്നു. അതിര്‍ത്തി പ്രശ്നങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നാണ് ചൈനയുടെ നയതന്ത്ര കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. വാണിജ്യ മേഖലയിലെ സഹകരണം ഉള്‍പ്പെടെ പുനഃസ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്.
കൈയേറ്റം നടത്തിയാലും ചൈനീസ് സൈന്യത്തോട് മൃദുസമീപനമെന്ന മുന്‍ സര്‍ക്കാരുകളുടെ നിലപാട് മോദി സര്‍ക്കാര്‍ തിരുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം സാധ്യമല്ലെന്ന ഉറച്ച നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ചൈനീസ് സേനയുടെ കടന്നുകയറ്റത്തെ ഇന്ത്യ അംഗീകരിക്കില്ലെന്നും സാമ്രാജ്യ വിപുലീകരണം നടക്കാത്ത സ്വപ്നമാണെന്ന് പ്രധാനമന്ത്രി നേരിട്ട് മുന്നറിപ്പ് നല്കി. ഇതോടെയാണ് അതിര്‍ത്തി പ്രശ്നവും നയതന്ത്രബന്ധവും രണ്ടായി കാണണമെന്ന നിര്‍ദേശം ചൈന മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: