ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ അനുകൂലമാണെന്ന് തെളിയിക്കുകയാണ് ഇടുക്കിയിലെ ഏലം തോട്ടം മേഖല. നിയമം പ്രാബല്യത്തില്‍ വന്നതോടെ മലയോരമേഖലയിലെ ഏലം കൃഷിയും വ്യാപാരവും സജീവമായി. പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിച്ചു തുടങ്ങി.
സാധാരണ കമ്പോളങ്ങളില്‍ ഏലം ലേലം ചെയ്ത് കഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ വില ലഭിക്കാന്‍ 21 ദിവസം വരെ കാത്തിരിക്കണമായിരുന്നു. ആര്‍ക്കെങ്കിലും മുന്‍കൂര്‍ പണം ആവശ്യമുണ്ടെങ്കില്‍ 24 ശതമാനം പലിശയും നല്‍കേണ്ടി വരും. പുതിയ വിപണന നിയമമായ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് വന്നതോടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. ഈ മേഖലകളിലെ ചെറുതും വലുതുമായ ഏലം കര്‍ഷകര്‍ ഇടനിലക്കാരുടെ ചൂഷണത്തിലും വില അനിശ്ചിതത്വത്തിലും നട്ടം തിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്. പുതിയ നിയമം വന്നതോടെ കര്‍ഷകര്‍ക്കിപ്പോള്‍ ഇന്ത്യയിലെവിടെയുമുള്ള ഏത് വ്യാപാരിയുമായും എവിടെയും വ്യാപാരം നടത്താനാകും.
നേരത്തെ സ്പൈസസ് ബോര്‍ഡിന്റെ ലൈസന്‍സ് ഉണ്ടായിരുന്നവര്‍ക്ക് മാത്രമെ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ ജിഎസ്ടി ഉള്ള ഏതു കര്‍ഷകനും ഉത്പന്നം കമ്പോളത്തില്‍ വില്‍പ്പനയ്ക്കെത്തിക്കാം. ലേലം കഴിഞ്ഞ് മൂന്നു ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കും. കര്‍ഷകര്‍ നേടുന്ന ശരാശരി വില മുന്പത്തേക്കാളും കൂടിയിട്ടുണ്ട്. നിയമത്തിലെ സെക്ഷന്‍ 3,4,5 പ്രകാരം അധികാരപ്പെടുത്തിയ വണ്ടന്മേട് ഗ്രീന്‍ ഗോള്‍ഡ് ഏലം ഉത്പാദന കമ്പനിയും വണ്ടന്മേട് ഏലം കര്‍ഷക അസോസിയേഷനും കര്‍ഷകര്‍ക്ക് നേരിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഇതിനോടകം തന്നെ ലേലക്കമ്പനികള്‍ ആരംഭിച്ചു. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം ഇവരുടെ ഇടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: