ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ആദ്യം പ്രഖ്യാപിച്ചത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ ഒക്‌ടോബര്‍ 22നാണ് യെച്ചൂരി ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലംഘനമാണെന്നും സൗജന്യ വാക്‌സിന്‍ നല്‍കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയാണെന്നുമായിരുന്നു അന്ന് യെച്ചൂരിയുടെ നിലപാട്.
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന് നടക്കാനിരിക്കെ കൊവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം വിവാദമായിരിക്കെയാണ് യെച്ചൂരിയുടെ പഴയ പ്രസ്താവന ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അന്ന് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ തയാറായിട്ടില്ല. അതേസമയം സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു.
ബീഹാറില്‍ ബിജെപി പ്രകടന പത്രികയില്‍ തന്നെ സൗജന്യം കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അന്ന് വ്യക്തമാക്കിയത്. പ്രകടനപത്രികയിലെ വാഗ്ദാനം ആവര്‍ത്തിച്ച നിര്‍മല സീതാരാമാനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രംഗത്തെത്തിയ യെച്ചൂരിയും കേന്ദ്ര നേതാക്കളും ഇപ്പോള്‍ പിണറായിക്കെതിരെ മിണ്ടാനാകാതെ നിശബ്ദത പാലിക്കുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാകട്ടെ പിണറായിയുടെ പ്രഖ്യാപനം കൊവിഡ് ചികിത്സയുടെ ഭാഗമായി നടത്തിയതാണെന്ന വിചിത്ര കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: