കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ കേരള പോലീസില്‍നിന്ന് നിയോഗിച്ചിരിക്കുന്നത് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ അനന്തിരവനെ. സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും പ്രമുഖരുടെ പേരു പറയാന്‍ കസ്റ്റംസ് നിര്‍ബന്ധിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞതായി വ്യാജ ടെലിഫോണ്‍ സന്ദേശം പ്രചരിച്ചിരുന്നു. ഇത് സ്വപ്നയുടേതാണെന്നും അല്ലെന്നും വാദം വന്നു. ഇതേക്കുറിച്ചന്വേഷിക്കാനാണ് വാസവന്റെ സഹോദരിയുടെ മകന് ഇ.എസ്. ബിജുമോനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.
സ്വപ്ന ജയിലിലായിരിക്കെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ഇത് എപ്പോള്‍ എങ്ങനെ ആരോട് സംസാരിച്ചതെന്നതിനെ ചൊല്ലിയായിരുന്നു വിവാദം. സംഭാഷണം തന്റേതല്ലെന്ന് സ്വപ്ന തള്ളിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം നിശ്ചയിച്ചത്. കേരള പോലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ ആണ് അന്വേഷിക്കുന്നത്. അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോനാണ് മൊഴിയെടുക്കുന്നത്. കോടതിയില്‍, ചോദ്യംചെയ്യാനുള്ള അനുമതിക്ക് അപേക്ഷിച്ചതും ബിജുമോനാണ്.
സ്വപ്നയുടെ ഫോണ്‍ സന്ദേശം എന്ന പേരിലുള്ള പ്രചാരണത്തെക്കുറിച്ചും ആധികാരികതയെക്കുറിച്ചും അന്വേഷിക്കാന്‍ ജയില്‍ ഡിജിപിയോട് ഇ ഡി ആവശ്യപ്പെട്ടിരുന്നു. ജയില്‍ ഡിജിപി അന്വേഷണത്തിന് സംസ്ഥാന പോലീസ് തലവനോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചു. പ്രാഥമികാന്വേഷണം വന്നു.
സ്വപ്ന കോടതി റിമാന്‍ഡിലായതിനാല്‍ ചോദ്യംചെയ്യാന്‍ അനുമതി വേണമെന്ന പോലീസ് അപേക്ഷ കോടതി അനുവദിച്ചു. ചോദ്യം ചെയ്യല്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി സമ്മതിച്ചിട്ടുണ്ട്.
ജയിലില്‍ സ്വപ്ന ജീവന് ഭീഷണി നേരിടുന്നുവെന്ന് കോടതിയെ അറിയിച്ചിരുന്നു. കോടതി മതിയായ സുരക്ഷ നല്‍കണമെന്ന് ഉത്തരവും ഇട്ടിട്ടുണ്ട്. എന്നാല്‍, ഭരണകക്ഷിക്കെതിരായി തുടരുന്ന കേസന്വേഷണത്തില്‍ പ്രതിയായ, നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് നല്കുന്ന ആൡനെ ചോദ്യംചെയ്യാന്‍ ഭരണകക്ഷി നേതാവിന്റെ ബന്ധുവിനെ നിയോഗിച്ചത് ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
തുടക്കം മുതലേ കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നുവെന്ന ആക്ഷേപങ്ങളുണ്ട്. വീഡിയോ റെക്കോഡിംഗ് നടത്തി, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പറയിക്കാനുള്ള സമ്മര്‍ദ്ദമാണെന്നും ആരോപണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: