എല്ലാ വശവും ചിന്തിച്ചതിനുശേഷം ജൗഹര്‍ ശിവാജിയുടെ നിവേദനം അംഗീകരിച്ചു. എന്നാലും അയാള്‍ ജാഗരൂകനായിരുന്നു. ശിവാജി കീഴടങ്ങുന്നു നാളെ രാത്രി ജൗഹറിന്റെ സൈനിക ശിബിരത്തില്‍ വന്നു കീഴടങ്ങും എന്നീ വാര്‍ത്ത എല്ലായിടവും പരന്നു. നാലുമാസത്തെ ദുരന്ത ജീവിതം നാളയോടുകൂടി അവസാനിക്കുമെന്നവര്‍ സമാശ്വസിച്ചു. അതിന്റെ ഫലമായി കോട്ടയുടെ പ്രതിരോധ വ്യവസ്ഥയില്‍ ചെറിയ അയവുവന്നു. ശിവാജിയുടെ സമ്മോഹനാസ്ത്രം ഫലം കണ്ടു.
കോട്ടയില്‍ ശിവാജിയുടെ ഒളിച്ചോട്ടത്തിനുള്ള എല്ലാ പദ്ധതികളും തയ്യാറായി. 1660 ജൂലൈ 12-ാം തീയതി രാത്രി 600 സൈനികരോടൊപ്പം, ചാരന്മാര് കണ്ടെത്തിയിരുന്ന വഴിയില്‍ക്കൂടി ഒളിച്ചോടുക എന്നതായിരുന്നു യോജനാ. പന്‍ഹാള കോട്ടയില്‍നിന്നും 40 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന വിശാലഗഢ് കോട്ടയിലേക്കായിരുന്നു യാത്രാ പദ്ധതി. വഴിയില്‍ നിറയെ അപായങ്ങള്‍ പതിയിരിക്കുന്നുമുണ്ടായിരുന്നു. ശത്രുക്കളുടെ ചാരന്മാര് കണ്ടുപിടിക്കുകയാണെങ്കില്‍ സര്‍വനാശം സംഭവിക്കും.
വിശാലഗഢും വിപത്തില്‍നിന്ന് മുക്തമായിരുന്നില്ല. അവിടെ ജസവന്തറാവു-സൂര്യറാവു സൈന്യത്തോടുകൂടി കോട്ട ആക്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചേര്‍ത്തു വായിച്ചാല്‍ ശിവാജിയുടെ ഈ സാഹസിക യാത്ര ഒരു ഭ്രാന്തന് പരിപാടിയായിരുന്നു. എന്നാല്‍ വര്‍ത്തമാന സാഹചര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ ഒരു ഉപായമായിരുന്നു അത്. വര്‍ഷകാലം അവസാനിച്ചാല്‍ ജൗഹറിന്റെ പിടിമുറുകും, അതോടെ കോട്ടവിട്ടോടുന്നത് അസാധ്യമാകും, ശയിസ്തേഖാന്റെ ആക്രമണത്തിനും സാധ്യതയുണ്ട്.
ഗംഗാധരപന്ത് കോട്ടയുടെ മുകളിലെത്തി തന്റെ ദൗത്യത്തിന്റെ വിവരം അറിയിച്ചു. ഇതോടെ പദ്ധതിയുടെ രണ്ടാം ഘട്ടവും സഫലമായി. മൂന്നാം ഘട്ടത്തിലേക്ക് തയ്യാറെടുത്തു. രാത്രിയായി ശിവാജിയുടെ സഹയാത്രികരുടെ ധൈര്യവും ഉത്സാഹവും വര്‍ധിച്ചു. കോട്ടയുടെ രക്ഷണ ചുമതല ത്ര്യമ്പക പന്തിനെ ഏല്‍പ്പിച്ചു. കോട്ടയെ അജയ്യമായി നിലനിര്‍ത്താന്‍ പറഞ്ഞു.
രാത്രിയുടെ അന്ധകാരം വ്യാപിച്ചു. ആഷാഡ മാസത്തിലെ ശക്തമായ കാറ്റും മഴയും ആരംഭിച്ചു. ശിവാജിരാജേ മാതാഭവാനിയെ സ്മരിച്ചുകൊണ്ട് പുറത്തിറങ്ങി. അദ്ദേഹത്തിന്റെ കൂടെ പ്രതിസന്ധിയില്‍ ചുമതല ഏറ്റെടുക്കാന്‍ ബാജിപ്രഭു ദേശ്പാണ്ഡെ തയ്യാറായി നിന്നു. 600 മാവളീ യോദ്ധാക്കളും കൂടെ പുറപ്പെട്ടു. വിശാലദുര്ഗം 40 മൈല്‍ അകലത്തിലാണ്. നടന്നുപോകുകയേ നിവൃത്തിയുള്ളൂ. ശിവാജിയെ പല്ലക്കില്‍ക്കയറ്റി യാത്ര ആരംഭിച്ചു. പിറകെ മറ്റൊരു പല്ലക്കുകൂടി ഉണ്ടായിരുന്നു. അതെന്തിനെന്ന് മറ്റാര്‍ക്കും അറിയില്ല. കോട്ടവാതില്‍ തുറന്നു ചാരന്മാര് കാട്ടിക്കൊടുത്ത വഴിയില്‍ കൂടി എല്ലാവരും നടന്നു നീങ്ങി.
ഇടയ്ക്കിടയ്ക്ക് മിന്നല്‍ ഉണ്ടായിരുന്നു. മിന്നല്‍ പ്രകാശത്തില്‍ ജൗഹറിന്റെ സുരക്ഷാ ഭടന്മാര് കാണാനിടയായാല്‍ എന്തായിരിക്കും ഗതി. ഊഹിക്കുമ്പോള്‍ ഭയം തോന്നും. മിന്നല്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാവരും ജഗദംബയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
എല്ലാവരും കോട്ടയില്‍നിന്ന് പുറത്തിറങ്ങി ശക്തമായ മഴയത്തും എല്ലാവര്ക്കും വിയര്‍ക്കുന്നുണ്ടായിരുന്നു. സിദ്ദി തയ്യാറാക്കി നിര്‍ത്തിയ രക്ഷകന്മാരുടെ വലയത്തിനടുത്തെത്തി. പണ്ട് വസുദേവര്‍ ശ്രീകൃഷ്ണനെ കംസന്റെ വലയത്തില്‍നിന്നും പുറത്തുകൊണ്ടുപോയതുപോലെ, സിദ്ദി ജൗഹറിന്റെ സൈനിക വലയത്തില്‍നിന്നും ബാജിപ്രഭു ശിവരാജേയെ സുരക്ഷിത സ്ഥാനത്തേക്ക് നയിക്കുകയായിരുന്നു. സിദ്ദിയുടെ സൈനികര്‍ ശിവാജി നാളെ രാത്രി വന്നു കീഴടങ്ങുമെന്ന സ്വപ്നത്തില്‍ മുഴുകിയിരിക്കയായിരുന്നു. കനത്ത മഴയത്ത് മുള്ള് നിറഞ്ഞ മാര്‍ഗത്തില്‍ കൂടി ജൗഹറിന്റെ രക്ഷാഭടന്മാരുടെ കണ്ണ് വെട്ടിച്ചുള്ള യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. രക്ഷാവലയം കടന്നു അവര്‍ പുറത്തുവന്നു. വിശാലദുര്‍ഗത്തിന്റെ വഴിയില്‍ യാത്ര ആരംഭിച്ചു. കൂരിരുട്ടില്‍, നിബിഡവനത്തില്‍, കാട്ടുമൃഗങ്ങളുടെ ഗര്ജനത്തിനിടയ്ക്ക് ഓട്ടമത്സരം നടക്കുകയായിരുന്നു. ആപത്തൊഴിഞ്ഞു എന്നു കരുതുന്നതിനിടയില്‍-എന്തോ ശബ്ദം കേട്ടു.
ഒരു ക്ഷണം എല്ലാവരും നിന്നു. ചുറ്റുപാടും നോക്കി കടുവയോ പുലിയോ എന്തെങ്കിലുമായിരിക്കുമെന്ന് സംശയിച്ചു. അല്ല അത് മനുഷ്യശബ്ദമാണ്. സിദ്ദി ജൗഹറിന്റെ ചാരന്മാരായിരുന്നു ശിവാജിയെ പല്ലക്കില്‍ കൊണ്ടുപോകുന്നത് അവര്‍ കണ്ടു. അപ്പോഴേക്കും ഒരു മിന്നല്‍ വന്നു. മാവള വീരന്മാരുടെ ഹൃദയത്തില്‍ അതിനേക്കാള്‍ വലിയ മിന്നല്‍ പിണരുണ്ടായി.
ഒരു ക്ഷണം പോലും വൈകാന്‍ സാധ്യമല്ല. ഓരോ നിമിഷവും മരണം പിന്തുടരുന്നുണ്ടായിരുന്നു. ആലോചിച്ചിരിക്കാന്‍ സമയമില്ല. പൂര്ണയോജന പൂര്‍വം തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ക്ഷണനേരംകൊണ്ട് ഒഴിഞ്ഞ പല്ലക്കില്‍ ശിവാജിയുടെ വേഷം ധരിച്ചു ഒരാള്‍ കയറിയിരുന്നു. ആ മഹാരാജാവിനെ ചുമന്ന് പത്തിരുപത് മാവളിവീരന്മാര്‍ പഴയ വഴി തന്നെ ഓടാന്‍ തുടങ്ങി. ബാജിപ്രഭുവും കൂട്ടരും ശിവാജിയുടെ പല്ലക്കുമായി മറ്റൊരു പര്‍വത മാര്‍ഗത്തില്‍ കൂടി ഓടിത്തുടങ്ങി. ശത്രു പിന്തുടരുമെന്നവര്ക്കറിയാം. അങ്ങനെ പിന്തുടര്ന്നാല് ശത്രുവിന്റെ കുതിര സൈനികര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത ദുര്ഗമമാര്ഗമായിരുന്നു അത്. ഇടയ്ക്ക് കുറച്ച് മണിക്കൂര്‍ സമയം ലഭിക്കാനായിരുന്നു മറ്റൊരു മഹാരാജാവിന്റെ യുക്തി പ്രയോഗിച്ചത്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: